ന്യൂദല്‍ഹി: ഇന്ത്യയില്‍ സേനയിലെ പ്രഗത്ഭന്മാരുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് രാജ്യത്തെ നടുക്കിയ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ജനറല്‍ ബിപിന്‍ റാവത്തിന്റെ സ്ഥാനം.. മണിപ്പൂരില്‍ നാഗാ ഭീകരര്‍ ദോഗ്ര റജിമെന്റിന്റെ വാഹന വ്യൂഹം ആക്രമിച്ച് 18 സൈനികരെ കൊലപ്പെടുത്തിയപ്പോഴും, ഉറിയിലെ സൈനിക ക്യാമ്പ് അക്രമിച്ച് ബീഹാര്‍ റെജിമെന്റിലെയും ദോഗ്ര റെജിമെന്റിലെയും 19 സൈനികരെ കൊലപ്പെടുത്തിയപ്പോഴും തിരിച്ചടിക്ക് തയ്യാറെടുത്ത ഇന്ത്യന്‍ കരസേനയുടെ ആക്രമണ പദ്ധതികള്‍ രൂപപ്പെട്ടത് ലഫ്. ജനറല്‍ ബിപിന്‍ റാവത്തിന്റെ തലച്ചോറിലാണ്. മ്യാന്മറിലെ ഭീകര താവളങ്ങളില്‍ കയറിയടിച്ച എലൈറ്റ് പാരാ ഫോഴ്സ് നൂറിലേറെ നാഗാ ഭീകരരെ വധിച്ചതായി പിന്നീട് തെളിഞ്ഞു. ഉറി ആക്രമണത്തിന് മറുപടി നല്കി പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങളില്‍ കരസേനയുടെ മിന്നാലാക്രമണങ്ങള്‍ നടന്നപ്പോള്‍ മരണസംഖ്യ അമ്പതിലേറെയെന്ന് പാക്ക് പോലീസും സ്ഥിരീകരിച്ചു.
അതിര്‍ത്തികടന്നുള്ള സര്‍ജിക്കല്‍ സ്െ്രെടക്ക് (മിന്നലാക്രമണങ്ങള്‍) ഇന്ത്യന്‍ കരസേന വിജയകരമാക്കിയപ്പോള്‍, ഓപ്പറേഷനുകള്‍ക്ക് നേതൃത്വം നല്കിയ ലഫ്.ജനറല്‍ ബിപിന്‍ റാവത്തിന്റെ അനുഭവ സമ്പത്ത് രാജ്യത്തിന് സഹായകമായി. മൂന്നുപതിറ്റാണ്ടു നീണ്ട സൈനിക ജീവിതത്തില്‍ ‘ഓപ്പറേഷണല്‍ എക്സ്പീരിയന്‍സ്’ എന്ന വലിയ നേട്ടം ഗൂര്‍ഖാ റജിമെന്റിലെ മുന്‍ ലഫ്. ജനറല്‍ ലച്ചുസിങ് റാവത്തിന്റെ മകനുണ്ട്. രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തികളില്‍, പ്രത്യേകിച്ചും കശ്മീരില്‍ അത്യന്തം സംഘര്‍ഷാവസ്ഥ തുടരുന്ന കാലത്ത് കരസേനാ മേധാവി സ്ഥാനത്തേക്ക് ബിപിന്‍ റാവത്തിനെ തെരഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലെന്ന് വ്യക്തം. സൈനിക മേധാവിയായിരുന്ന പിതാവിന്റെ മകനും ഗൂര്‍ഖാ റജിമെന്റില്‍തന്നെയാണ് തുടക്കം. ഡറാഡൂണിലും ഷിംലയിലുമായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
1978ല്‍ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍നിന്ന് പാസായി കരസേനയിലെത്തി. പിതാവ് നയിച്ച അഞ്ചാം ഗൂര്‍ഖാ റൈഫിള്‍സ് യൂണിറ്റിനെ നയിക്കാനുള്ള ഭാഗ്യവുമുണ്ടായിട്ടുണ്ട് ബിപിന്‍ റാവത്തിന്. ബാരാമുള്ള ജില്ലയിലെ ഉറിയില്‍ കമ്പനി കമാണ്ടന്റായും വടക്കുകിഴക്കന്‍ പ്രവിശ്യയില്‍ 11ാം ഗൂര്‍ഖാ ബറ്റാലിയന് കമാണ്ടറായും പ്രവര്‍ത്തിച്ച ബിപിന്‍ റാവത്ത് വടക്കന്‍ കശ്മീരിലെ ഭീകരകേന്ദ്രമായ സോപോറില്‍ രാഷ്ട്രീയ റൈഫിള്‍സിനെയും നയിച്ചിട്ടുണ്ട്. ബാരാമുള്ളയിലെ ദാഗല്‍ ഡിവിഷന് (19ാം ഇന്‍ഫന്ററി ഡിവിഷന്) ചുമതലയില്‍ എല്‍ഒസിയുടെ പൂര്‍ണ്ണ ചുമതല നിര്‍വഹിച്ചു. അരുണാചല്‍ പ്രദേശില്‍ ചൈനീസ് അതിര്‍ത്തിയില്‍ എല്‍എസിയുടെ പൂര്‍ണ്ണ ചുമതല നിര്‍വഹിച്ചിട്ടുണ്ട്. നാഗാലാന്റ്, മണിപ്പൂര്‍, ആസാം എന്നിവിടങ്ങളിലെ ഭീകരസാന്നിധ്യ മേഖലകളിലും ബിപിന്‍ റാവത്ത് വിവിധ ചുമതലകളില്‍ പ്രവര്‍ത്തിച്ചു. പൂനയിലെ തെക്കന്‍ കമാണ്ടിന്റെ മേധാവിയായി പ്രവര്‍ത്തിച്ച കാലത്ത് ഗുജറാത്തിലെ പാക്ക് അതിര്‍ത്തികളുടെ സംരക്ഷണവും നിര്‍വഹിച്ചിട്ടുണ്ട്. മിലിറ്ററി ഓപ്പറേഷന് ഡയറക്ട്രേറ്റിലും, മിലിറ്ററി രഹസ്യാന്വേഷണ വിഭാഗത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട് ലഫ്. ജനറല്‍ ബിപിന്‍ റാവത്ത്. ഓപ്പറേഷണല്‍ കമാണ്ടിലെ വൈദഗ്ധ്യത്തിന് റാവത്തിന് ലഭിച്ചത് അഞ്ചോളം സൈനിക ബഹുമതികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: