കോട്ടയം: കമ്മ്യുണിസ്റ്റ് ഭീകരതക്ക് ഇരയായ കോട്ടയം നാഗമ്പടം വടക്കനാട്ട് വീട്ടില്‍ പ്രസാദ ചന്ദ്രന്റെ മരണത്തിലെ ദുരൂഹത 42 വര്‍ഷം കഴിഞ്ഞിട്ടും നീങ്ങിയില്ല. 1979 ഡിസംബര്‍ അഞ്ചിനാണ് അമ്മയും മൂന്ന് കുട്ടികളയേയും തനിച്ചാക്കി വിമുക്ത ഭടനായ പ്രസാദ ചന്ദ്രന് യാത്രയായത്.
എഐടിയുസിയുടെ സജീവപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. 1979 ഡിസംബര്‍ 5ന് ഇടതുപക്ഷം ഭാരത് ബന്ദ് പ്രഖ്യാപിച്ചു. തൊഴിലാളികള്‍ പണിമുടക്കണമെന്ന് യൂണിയന് നേതൃത്വം ആജ്ഞാപിച്ചു. നേതാക്കളുടെ ഭീഷണിക്ക് വഴങ്ങാതെ സിമന്റ്സിലെ 24 തൊഴിലാളികള്‍ ജോലിക്ക് കയറി. അക്കൂട്ടത്തില്‍ പ്രസാദചന്ദ്രനും ഉള്‍പ്പെടുന്നു. ഇത് യൂണിയന് നേതൃത്വത്തെ ചൊടിപ്പിച്ചു. ജോലിക്ക് കയറാന്‍ വന്നവരെ സമരാനുകൂലികള്‍ തടഞ്ഞു. പോലീസ് എത്തി സമരക്കാരെ അറസ്റ്റും ചെയ്തു. വൈകിട്ട് കമ്പനി വാഹനത്തില്‍ പോലീസ് സംരക്ഷണയിലാണ് ജോലിക്ക് കയറിയ ജീവനക്കാരെ കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ എത്തിച്ചത്.
ജീവനക്കാരെ ബസ് സ്റ്റാന്റിലാക്കി മടങ്ങുന്ന വഴി പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ച തൊഴിലാളികള്‍ കോടിമതക്ക് സമീപം കമ്പനി വാഹനം തടഞ്ഞ് നിര്‍ത്തി പോലീസുകാരടക്കമുള്ളവരെ മര്‍ദിച്ചു. പോലീസുകാര്‍ ഓടിരക്ഷപ്പെട്ടു. പ്രസാദ് ചന്ദ്രനെ സമരക്കാര്‍ ക്രൂരമായി മര്‍ദിച്ചു. വിവരം അറിഞ്ഞ് കൂടുതല്‍ പോലീസെത്തിയാണ് അദ്ദേഹത്തെ രക്ഷിച്ചത്. തുടര്‍ന്ന് ക്വാട്ടേഴ്സില്‍ എത്തിച്ചു. ഒമ്പത് വയസായ മകന് ഷിബു പ്രസാദ് മാത്രമാണ് അവിടെയുണ്ടായിരുന്നത്.
സഹപ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച ദു:ഖത്തില്‍ പ്രസാദ ചന്ദ്രന് കമ്പനിയില്‍ സ്ഥാപിച്ചിരുന്ന എഐടിയുസിയുടെ കൊടിമരം പിഴുതെറിഞ്ഞു. ഇത് സിപിഐ നേതാക്കളെ പ്രകോപിതരാക്കി. സിപിഐ നേതാവ് അഡ്വ. കുമരകം ശങ്കുണ്ണി മേനോന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധയോഗങ്ങളില്‍ പ്രസാദ ചന്ദ്രനെ വധിക്കുമെന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളും പ്രസംഗങ്ങളുമാണ് മുഴങ്ങിയത്. പിന്നീട് രാത്രി ഷിഫ്റ്റിന് ജോലിക്ക് കയറിയ പ്രസാദ ചന്ദ്രന് ജീവനോടെ തിരികെ വന്നില്ല.
ഡിസംബര്‍ ആറാം തീയതി രാവിലെ ഷിബു പ്രസാദ് കാണുന്നത് അച്ഛന്റെ ജീവനില്ലാത്ത മൃതദേഹമാണ്. ആത്മഹത്യയാണെന്നാണ് പോലീസ് പറഞ്ഞത്. ആത്മഹത്യാ കുറിപ്പുള്ളതായി പറഞ്ഞെങ്കിലും വീട്ടുകാരെ കാണിക്കാന്‍ തയ്യാറിയില്ല. കമ്പിനിക്ക് പുറത്ത് ഭീകര കൊലവിളികള്‍ നടക്കുമ്പോള്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടപ്പോള്‍ അന്നത്തെ മാനേജ്മെന്റോ സെക്യൂരിറ്റി ഓഫീസര്‍ സെയ്ത് മുഹമ്മദോ അതിന് തയ്യാറായില്ലെന്നും പ്രസാദ ചന്ദ്രന്റെ മകന് ഷിബു പ്രസാദ് പറഞ്ഞു.
അച്ഛന്റെ മരണത്തെ തുടര്‍ന്ന് ഷിബു പ്രസാദിന് സിമന്റ്സില്‍ ജോലി കിട്ടി. ആ ജോലി തനിക്ക് ലഭിക്കാതിരിക്കാന്‍ യൂണിയന് നേതൃത്വം കുറെ ശ്രമിച്ചതായും ഷിബുപ്രസാദ് പറഞ്ഞു. മരണപ്പെട്ട പ്രസാദ ചന്ദ്രന് മൂന്ന് യുദ്ധങ്ങളില്‍ പങ്കെടുത്ത സൈനികനായിരുന്നു. ചൈനയുടെ യുദ്ധ തടവുകാരനായി 84 ദിവസം ചൈനീസ് ജയിലില്‍ കഴിഞ്ഞു. ബംഗ്ലാദേശ് വിമോചന ഓപ്പറേഷനും പങ്കെടുത്തതിന് ശേഷമാണ് അദ്ദേഹം സൈനിക സേവനം അവസാനിപ്പിച്ചത്. അദ്ദേഹത്തിന്റെ അഞ്ച് സഹോദരന്മാരില് മൂന്നുപേരും സൈനികരായിരുന്നു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: