കോഴിക്കോട്: ദേശീയ വനിതാ സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ മണിപ്പൂരും റണ്ണേഴ്സായ റെയില്‍വേസും ഏറ്റുമുട്ടും. ഇന്നലെ നടന്ന ആദ്യ സെമിയില്‍ റെയില്‍വേസ് മിസോറാമിനെ പരാജയപ്പെടുത്തിയപ്പോള്‍ രണ്ടാം സെമിയില്‍ മണിപ്പൂര്‍ ഒഡീഷയെയും തോല്‍പ്പിച്ചു. ഇതോടെ ഇരു ടീമും തുടര്‍ച്ചയായ രണ്ടാം തവണയും കലാശപ്പോരാട്ടത്തിന് അര്‍ഹത നേടി. രണ്ട് സെമിയിലും വിജയികളെ തീരുമാനിച്ചത് ഷൂട്ടൗട്ടിലൂടെയാണ്. നാളെ വൈകിട്ട് മൂന്നിന് കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം. 26 വര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പില്‍ 25-ാം തവണയാണ് മണിപ്പൂര്‍ ഫൈനലിലെത്തുന്നത്. നാലാം തവണയാണ് റെയില്‍വേസ് കളിക്കുന്നത്.
ആദ്യ സെമിയില്‍ മിസോറാമും റെയില്‍വേസും നിശ്ചിത സമയത്തും അധിക സമയത്തും 1-1 സമനില പാലിച്ചതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിലും തുല്യതയായതോടെ സഡന്‍ഡെത്തിലേക്കും കളി നീണ്ടു. ഒടുവില്‍ അഞ്ചിനെതിരെ ആറ് ഗോളുകള്‍ക്കാണ് റെയില്‍വേസ് വിജയവും ഫൈനല്‍ ടിക്കറ്റും സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് നടന്ന കളിയുടെ 70-ാം മിനിറ്റില്‍ മമതയിലൂടെ റെയില്‍വേ മുന്നിലെത്തിയെങ്കിലും അധിക സമയത്ത് ലാല്‍നുസിയാമി മിസോറാമിന്റെ സമനില ഗോള്‍ നേടി. കളിതീരാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കേയായിരുന്നു തകര്‍പ്പന്‍ ടീം വര്‍ക്കിലൂടെ മിസോറാമിന്റെ ഗോള്‍ പിറന്നത്. അധികസമയത്ത് ഇരു ടീമുകള്‍ക്കും ലക്ഷ്യം കാണാനായില്ല.
രണ്ടാം സെമിയില്‍ മണിപ്പൂരും ഒഡീഷയും നിശ്ചിത സമയത്ത് 1-1ന് തുല്യനില പാലിച്ചൂ. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഒഡിഷ ആദ്യ മൂന്ന് കിക്കുകളും പാഴാക്കിയപ്പോള്‍ മണിപ്പൂര്‍ മൂന്നും ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഷൂട്ടൗട്ടില്‍ ബേബി സന ദേവി, അസെം റോജ ദേവി, സുല്‍ത്താന എന്നിവര്‍ മണിപ്പൂരിനായി ലക്ഷ്യം കണ്ടു. ഒഡിഷയുടെ യശോദ മുണ്ട, സുഭദ്ര സാഹു, സുമന് മഹാപാത്ര എന്നിവരുടെ കിക്കുകള്‍ ലക്ഷ്യത്തിലെത്തിയില്ല.
നിശ്ചിത സമയത്ത് 11-ാം മിനിറ്റില്‍ യുംലെമ്പം പക്പി ദേവി സ്വന്തം പോസ്റ്റിലേക്ക് പന്ത് തട്ടിയപ്പോള്‍ മണിപ്പൂര്‍ ഒരു ഗോളിന് പിന്നിലായി. ഒന്നാം പകുതിയുടെ ഇഞ്ച്വറി സമയത്ത് കിരണ്‍ ബാല ചാനു മണിപ്പൂരിനായി തിരിച്ചടിച്ചു. രണ്ടാംപകുതിയിലും അധികസമയത്തും ഗോള്‍ പിറക്കാതിരുന്നതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: