തിരുവനന്തപുരം: പൊതു വിജ്ഞാനപരമായ ചോദ്യങ്ങൾക്ക് 20 മിനിട്ട് കൊണ്ട് നൂറോളം ശരിയുത്തരങ്ങൾ പറഞ്ഞ് നാലു വയസുകാരി അക്ഷയ സുമേഷ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. ആറ്റിങ്ങൽ തച്ചൂർകുന്ന് സുജിത ഭവനിൽ സുമേഷ് ജിനീഷ ദമ്പതികളുടെ ഏക മകളാണ് ഈ കൊച്ചു മിടുക്കി.
ഇക്കഴിഞ്ഞ നവംബർ ആദ്യവാരം ഐ.ബി.ആറിന്റെ ആധികാരിക ഓൺലൈൻ പേജിൽ കുട്ടിയുടെ കഴിവും വിവരങ്ങളും രജിസ്റ്റർ ചെയ്തിരുന്നു. അധികൃതർക്ക് ലഭിച്ച വിവരങ്ങൾ പരിശോധിച്ച് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നവംബർ 13 ന് കുട്ടിയെ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക് തിരഞ്ഞെടുത്തു. ഡിസംബർ 5 ഞായറാഴ്ച്ച ഈ അംഗീകാരത്തിന് ലഭിച്ച ഐ.ബി.ആർ മുദ്ര പതിപ്പിച്ച സർട്ടിഫിക്കറ്റ്, മെഡൽ, തൂലിക, ഐഡി കാർഡ്, ബുക്ക് എന്നിവ ഈ കൊച്ചു മിടുക്കിയെ തേടിയെത്തി.
അക്ഷയക്ക് ഒന്നര വയസ് പ്രായമുള്ളപ്പോൾ തന്നെ പുസ്തകങ്ങളിൽ കാണുന്ന ചിത്രങ്ങൾ തൊട്ട് കാണിച്ച് കൃത്യമായ ഉത്തരം നൽകാനും കൂടാതെ ചിത്രങ്ങൾ അതേപടി പകർത്താനുള്ള ശ്രമവും നടത്തുമായിരുന്നെന്ന് രക്ഷകർത്താക്കൾ പറയുന്നു. അന്നേ അറിവ് സമ്പാദിക്കാനുള്ള കുരുന്നിന്റെ കഴിവിനെ കുടുംബം ഒന്നടങ്കം പ്രോത്സാഹിപ്പിച്ചു. നല്ല കഥകളും പാട്ടുകളുമായി മുത്തശ്ശൻ സുരേന്ദ്ര ബാബുവും മുത്തശ്ശി ഗിരിജയും അക്ഷയയുടെ കളിക്കൂട്ടുകാരായി മാറി. മകൾക്ക് കിട്ടിയ ഈ അംഗീകാരത്തിൽ അറബി നാട്ടിലിരുന്ന് സന്തോഷം പങ്കിടുകയാണ് പിതാവായ സുമേഷ്.
ഭാവിയിൽ കുട്ടിയെ ഐ.എ.എസ്, ഡോക്ടർ, എഞ്ചിനീയർ എന്നിവയിൽ ഏതെങ്കിങ്കിലും ഒന്നിൽ എത്തിക്കാനാണ് മാതാപിതാക്കളുടെ ആഗ്രഹം. എന്നാൽ ഇതൊന്നും അറിയാതെ വ്യജ്ഞാനാക്ഷരങ്ങളും സ്വരാക്ഷരങ്ങളും ഇംഗ്ലീഷ് അക്ഷരമാലയും മനപാഠമാക്കുന്നതിന്റെ തിരക്കിലാണ് അക്ഷയക്കുട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: