പോലീസിന്റെ കേസന്വേഷണത്തില്‍ ഇടപെടുകയും സ്വാധീനിക്കുകയും ചെയ്യുന്ന സിപിഎം, ഇടതു സര്‍ക്കാര്‍ നടപടികളെ രൂക്ഷമായി വിമര്‍ശിച്ച് ദ ഹിന്ദു മുഖപ്രസംഗം. കേരളത്തിലെ രാഷ്ട്രീയ അതിക്രമങ്ങളില്‍ ഇടപെടലുകള്‍ ഇല്ലാത്ത സ്വതന്ത്രവും ശക്തവുമായ അന്വേഷണമാണ് വേണ്ടതെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു. പലരും, ഇംഗ്ലീഷ് ദേശാഭിമാനിയെന്ന് വരെ വിളിക്കുന്ന ദ ഹിന്ദുവിന്റെ മുഖപ്രസംഗം രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
പാര്‍ട്ടിയും അധികാരവും (പാര്‍ട്ടി, ആന്‍ഡ് പവര്‍) എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തില്‍, സിപിഎം ഇപ്പോള്‍ രണ്ട് കൊലപാതകങ്ങളില്‍ കുരുങ്ങിക്കിടക്കുകയാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഒന്ന്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന് അടക്കം 24 പേര്‍ക്ക് പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ കുറ്റപത്രം നല്‍കിക്കഴിഞ്ഞു. പോലീസ് അന്വേഷണം വിശ്വസനീയമല്ലെന്ന് ബോധ്യമായതോടെയാണ് കേസ് ഹൈക്കോടതി സിബിഐയെ ഏല്‍പ്പിച്ചത്. ന്യായീകരിക്കാന്‍ പോലും പറ്റാത്ത രീതിയിലാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് എതിരെ പൊതു ഖജനാവില്‍ നിന്ന് വലിയ തുകകള്‍ മുടക്കി സുപ്രീംകോടതി വരെ പോരടിച്ചത്. എന്നിട്ടും ജയിച്ചില്ല. കഴിഞ്ഞ ആഴ്ച പത്തനംതിട്ട ജില്ലയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ സന്ദീപ് കുമാറിനെ, ബിജെപിയുടെ യുവജന വിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന അയല്‍വാസിയുടെ നേതൃത്വത്തിലുള്ള സംഘം കൊലപ്പെടുത്തി. രാഷ്ട്രീയ വൈരാഗ്യം ആദ്യം തള്ളിയ പോലീസ്, സിപിഎം സംസ്ഥാന സെക്രട്ടറി പരസ്യമായി ശാസിച്ചതോടെ തിരക്കഥ തിരുത്തി. രണ്ടു കേസുകളിലും ഭരണകക്ഷി, പോലീസിന്റെ അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം, ആദ്യ കേസില്‍ പ്രവര്‍ത്തകരെ സംരക്ഷിക്കാനും രണ്ടാമത്തെ കേസില്‍ പ്രവര്‍ത്തകന്റെ അരുംകൊലയില്‍ രാഷ്ട്രീയ നിറം ചേര്‍ക്കാനും.
സിപിഎമ്മിന്റെ ഉത്തരവാദിത്തം രണ്ടു തരത്തിലാണ്. അണികളില്‍ വലിയ സ്വാധീനമുള്ള കേഡര്‍ പാട്ടിയെന്ന നിലയ്ക്കും, ക്രമസമാധാനത്തിന്റെ ഉത്തരവാദിത്തമുള്ള ഭരണകക്ഷിയെന്ന നിലയ്ക്കും. പ്രവര്‍ത്തകരുടെ അക്രമം പൊറുക്കില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കണം, സ്വതന്ത്രമായും പ്രൊഫഷണലായും പ്രവര്‍ത്തിക്കാന്‍ പോലീസിനെ അനുവദിക്കണം. പക്ഷെ കടകവിരുദ്ധമാണ് കാര്യങ്ങളെന്നാണ് സൂചന. ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന, പാര്‍ട്ടിയുമായി ബന്ധമുള്ള ക്രിമിനലുകള്‍ക്കുപോലും സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുകയാണ്.
പ്രതികളെ പിടിക്കുന്നത് തടഞ്ഞതിന്റെ പേരിലാണ് കുഞ്ഞിരാമനും മറ്റു മൂന്നു പേര്‍ക്കും എതിരെ സിബിഐ കേസ് എടുത്തിരിക്കുന്നത്. പെരിയ കേസില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തവരെ അവര്‍ ബലമായി മോചിപ്പിച്ചുവെന്നാണ് സിബിഐ കേസ്. കേസില്‍ സിബിഐ കണ്ടെത്തലിനെ പാര്‍ട്ടി ജില്ല ഘടകം ചോദ്യം ചെയ്യുകയാണ്, രാഷ്ട്രീയപ്രേരിതമെന്ന് പറയുകയാണ്. ഇത് തെറ്റായ പ്രചാരണമാണ്. മൂന്നു ഘട്ടങ്ങളിലൂടെയുള്ള നിയമപരമായ നടപടികള്‍ വഴിയാണ് സിബിഐ അന്വേഷണം തുടങ്ങിയത്.
രാഷ്ട്രീയ എതിരാളികളുടെ അക്രമങ്ങളുടെ ഇരയെന്ന അവകാശവാദത്തിനപ്പുറം, അക്രമങ്ങള്‍ രാഷ്ട്രീയപരമാണെങ്കിലും അല്ലെങ്കിലും പൗരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ടതും നീതി അതിവേഗം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതും സര്‍ക്കാരിന്റെ കടമയാണ്. മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: