കൊവിഡ് വാക്സിനെടുക്കാത്ത അധ്യാപക-അനധ്യാപകരുടെ പേരുവിവരങ്ങള്‍ പുറത്തുവിടുമെന്ന പ്രഖ്യാപനത്തില്‍നിന്ന് വിദ്യാഭ്യാസമന്ത്രി പുറകോട്ടുപോയത് വളരെ ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വാക്സിനെടുക്കാത്തവരുടെ ജില്ല തിരിച്ചുള്ള കണക്കു മാത്രം മന്ത്രി പുറത്തുവിട്ടത് സ്വാഭാവികമാണെന്ന് ആരും കരുതുന്നില്ല. എന്തുകൊണ്ടാണ് ഇങ്ങനെയൊരു നിലപാട് മാറ്റമെന്ന് വിദ്യാഭ്യാസമന്ത്രി വിശദീകരിക്കാന്‍ മടിക്കുന്നതില്‍നിന്നുതന്നെ ആരോ ഇക്കാര്യത്തില്‍ ശക്തമായ ഇടപെടല്‍ നടത്തിയതായാണ് മനസ്സിലാക്കേണ്ടത്. പേരു വെളിപ്പെടുത്താതിരിക്കുക മാത്രമല്ല, മറ്റു ചില കാര്യങ്ങളിലും മന്ത്രി പിന്നോട്ടുപോയിരിക്കുന്നു. ആരോഗ്യകാരണങ്ങളാല്‍ വാക്സിന് എടുക്കാത്തവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോ, അല്ലാത്തവര്‍ ആഴ്ചതോറും ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റോ നല്‍കണമെന്നും, ഇതിനു തയ്യാറല്ലെങ്കില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നുമാണ് മന്ത്രി കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്നത്. ഇതും വേണ്ടെന്നുവച്ചിരിക്കുന്നു. ഇവര്‍ക്ക് ശമ്പളമില്ലാത്ത അവധി നല്‍കാനാണ് തീരുമാനം. ഇതില്‍ ഒരു വിഭാഗം അധ്യാപകര്‍ സന്തോഷത്തിലുമാണ്. അവധിക്കാലത്ത് ട്യൂഷന് ഉള്‍പ്പെടെ മറ്റ് ജോലികള്‍ ചെയ്ത് പണമുണ്ടാക്കാമല്ലോ. കേരളത്തില്‍ മാത്രം കൊവിഡ് വ്യാപനവും മരണവും കൂടുന്നതില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് അയച്ച റിപ്പോര്‍ട്ടില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. മഹാരാഷ്ട്ര കഴിഞ്ഞാല്‍ കേരളത്തിലാണ് കൊവിഡ് രോഗികള്‍ കുറയാതിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വാക്സിനെടുക്കാത്തവരുടെ പേരുകള്‍ മറച്ചുപിടിക്കുന്ന സര്‍ക്കാര്‍ പൊതുസമൂഹത്തോട് വലിയ തെറ്റ് ചെയ്യുന്നത്.
ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്സിനെടുക്കാത്തവര്‍ ചുരുക്കമായിരിക്കും. വാക്സിനെടുക്കാത്ത പലരും മതപരമായ വിശ്വാസത്തിന്റെ പേരു പറഞ്ഞാണ് അങ്ങനെ ചെയ്യുന്നത്. വാക്സിനെടുക്കാത്തവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ മന്ത്രി വെളിപ്പെടുത്തിയപ്പോള്‍ ഏറ്റവും കൂടുതല്‍ മലപ്പുറത്തുനിന്നുള്ളവരാണ്. മന്ത്രി പേരു വെളിപ്പെടുത്തിയില്ലെങ്കിലും ഇതില്‍നിന്നുതന്നെ ഇവര്‍ ആരൊക്കെയെന്ന് വ്യക്തമാണ്. ഇതിനിടെ മറ്റൊരു വസ്തുത കാണാതെ പോകരുത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപകരുടെ എണ്ണം മന്ത്രി പുറത്തുവിട്ടിട്ടില്ല. ഇവരുടെ കണക്കെടുത്തിട്ടുണ്ടോ. എടുത്തിട്ടും പുറത്തുവിടാതിരിക്കുന്നതാണോ എന്നൊക്കെ അറിയേണ്ടതാണ്. മതവിശ്വാസത്തിന്റെ പേരില്‍ ശാസ്ത്രത്തിനു നേര്‍ക്ക് മുഖംതിരിച്ചു നില്ക്കുന്നവര് നിയന്ത്രിക്കുന്ന നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. അവിടങ്ങളിലുള്ള അധ്യാപകരും മറ്റു ജീവനക്കാരും മാനേജ്മെന്റിനെ പിണക്കി വാക്സിന് എടുക്കുമെന്ന് കരുതാനാവില്ല. ഇവരെക്കൂടി ചേര്‍ത്താല്‍ വാക്സിന് എടുക്കാത്തവരുടെ എണ്ണം വളരെ കൂടുതലായിരിക്കും. ഇതുകൊണ്ടാണോ മൊത്തം കണക്കുകള്‍ പുറത്തുവിടാതിരുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രീയ ബോധം വളര്‍ത്തേണ്ടവരും, അവര്‍ പൊതുസമൂഹത്തില്‍ എങ്ങനെ മാതൃകാപരമായി പെരുമാറണമെന്ന് പഠിപ്പിക്കേണ്ടവരുമാണ് അധ്യാപകര്‍. ഇതിന് കടകവിരുദ്ധമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരുടെ കൈകളിലേക്ക് വിദ്യാര്‍ത്ഥികളെ വിട്ടുകൊടുത്താല്‍ വളര്‍ന്നുവരുന്ന തലമുറയുടെ ഭാവിയും, സമൂഹത്തോടുള്ള അവരുടെ കാഴ്ചപ്പാടും എന്തായിരിക്കുമെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ.
കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ ഒരുവിഭാഗമാളുകള്‍ ഒരുതരത്തിലുള്ള നിയന്ത്രണങ്ങളും പാലിക്കാന്‍ തയ്യാറല്ലായിരുന്നു. മതപരമായ കാരണങ്ങള്‍ പറഞ്ഞായിരുന്നു ഇതും. ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്ന സംഭവങ്ങള്‍ പോലുമുണ്ടായി. പല പ്രദേശങ്ങളിലും രോഗം പരത്തുന്നതില്‍ ഇവര്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. ഇതിന്റെ തുടര്‍ച്ചയാണ് വാക്സിനെടുക്കാനുള്ള മടിയും. കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്നു കൊടുക്കുന്നത് തങ്ങളെ വന്ധ്യംകരിക്കാനുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് വിശ്വസിച്ച് അത് തടയുന്ന ഇസ്ലാമിക മതമൗലികവാദികള്‍ ലോകത്തുണ്ട്. കൊവിഡ് വാക്സിന്റെ കാര്യത്തിലും ഇക്കൂട്ടര്‍ ഭാരതത്തിലുള്‍പ്പെടെ പ്രചാരണം നടത്തി ആളുകളെ പിന്തിരിപ്പിക്കുകയുണ്ടായി. ഭക്ഷണത്തില്‍ തുപ്പുന്നതും ഓതുന്നതുമൊക്കെ നല്ല കാര്യമാണെന്ന് കരുതുന്ന ഇക്കൂട്ടര്‍ക്ക് കേരളത്തിന്റെ ഭരണസംവിധാനത്തില്‍ നിര്‍ണായക സ്വാധീനമാണുള്ളത്. ഹലാല്‍ ജിഹാദിനെ പിന്തുണച്ച് സംസ്ഥാനത്തിന്റെ ഭരണാധിപന്‍തന്നെ രംഗത്തുവരാനുള്ള കാരണവും ഇതാണ്. വാക്സിനെടുക്കാത്തവരുടെ പേരുകള്‍ വെളിപ്പെടുത്തുന്നതില്‍നിന്ന് വിദ്യാഭ്യാസമന്ത്രിയെ വിലക്കിയതും മുഖ്യമന്ത്രിയാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. വളരെ അസ്വാസ്ഥ്യജനകമായ ഒരു അവസ്ഥയാണിതെന്ന് പറയേണ്ടിതില്ലല്ലോ. ഒരു മതേതര സംവിധാനത്തില്‍ നിരുത്സാഹപ്പെടുത്തുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യേണ്ട ശക്തികളുടെ താല്പര്യങ്ങള്ക്ക് വഴങ്ങി സമൂഹത്തിന്റെ പൊതുനന്മയെ അട്ടിമറിക്കുന്ന രീതിയാണിത്. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വരവ് ജനങ്ങളെ ഭീതിപ്പെടുത്തുമ്പോള്‍ രോഗപ്രതിരോധം മതശക്തികള്‍ക്ക് അടിയറ വയ്ക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും. കക്ഷിരാഷ്ട്രീയ നേട്ടങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഇത്തരം ആപല്‍ക്കരമായ നയനിലപാടുകളില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: