ഇടുക്കി: ഇടുക്കി ജലവൈദ്യുത നിലയത്തില്‍ ചരിത്രത്തിലെ ഏറ്റവും കൂടിയ ഉത്പാദനം നടന്ന മാസമായി നവംബര്‍, വര്‍ഷമായി 2021. കേട്ടുകേള്‍വി പോലുമില്ലാത്ത തരത്തില്‍ തുലാമഴ പുതിയ റെക്കോര്‍ഡുകള്‍ കീഴടക്കുമ്പോള്‍ ഇതിനൊപ്പം തന്നെ സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയും മുന്നേറുകയാണ്.
ഇടുക്കി നിലയത്തില്‍ നവംബറില്‍ മാത്രം ഉത്പാദിപ്പിച്ചത് 501 മില്യണ്‍ യൂണിറ്റ് വൈദ്യുതി. വേനല്‍ക്കാലത്ത് മാത്രമാണ് ഇത്തരത്തില്‍ ഉത്പാദനം നടത്താറുള്ളത്. അതും പരമാവധി 450 മില്യണ്‍ യൂണിറ്റ്. കഴിഞ്ഞ നവംബറില്‍ 30 ദിവസവും പൂര്‍ണ്ണതോതില്‍ ഉത്പാദനം നടന്നു. ശരാശരി ഉത്പാദനം 16.76 മില്യണ്‍ യൂണിറ്റ്. ഇതിനിടയില്‍ ഒരു ജനറേറ്ററിന് തകരാര്‍ കൂടി വന്നില്ലായിരുന്നെങ്കില്‍ ഉത്പാദനം ഇതിലും കൂടിയേനേ. ഒക്ടോബറില്‍ 389 മില്യണ്‍ യൂണിറ്റായിരുന്നു ഉത്പാദനം. വിശ്രമമില്ലാതെ ഒരു ദിവസം ഓടിച്ചാല്‍ 18.72 മില്യണ്‍ യൂണിറ്റാണ് ഉത്പാദിപ്പിക്കാനാകുക. 180 മെഗാവാട്ടിന്റെ ആറ് ജനറേറ്ററുകളാണ് ഇടുക്കിയിലുള്ളത്. ഒരു വര്‍ഷത്തെ മൊത്തം ഉത്പാദനം 2500 മില്യണ്‍ യൂണിറ്റ് വരുന്ന തരത്തിലാണ് ഇടുക്കി പദ്ധതി. എന്നാല്‍ ഇത്തവണ അത് 3600-3700 മില്യണ്‍ യൂണിറ്റിലെത്തും. സംസ്ഥാനത്ത് മൊത്തം ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ പകുതിയും ഇടുക്കിയുടെ മാത്രം സംഭാവനയാണ്.
800 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള ഇടുക്കിയിലെ രണ്ടാം നിലയത്തിന്റെ പ്രാഥമിക പഠനം പൂര്‍ത്തിയായി. 2000 കോടിയാണ് മുതല്‍മുടക്ക്. ഇതിന്റെ നിലയം വരുന്നത് നിലവിലെ അതേ മാതൃകയില്‍ അര കിലോമീറ്ററോളം മാറിയാണ്. ഭൂഗര്‍ഭ നിലയത്തിലെത്താന്‍ ഒരു കിലോമീറ്ററോളം പാറക്കുള്ളിലേക്ക് സഞ്ചരിക്കേണ്ടി വരും. ഇതിനൊപ്പം ഉത്പാദന ശേഷം ഒഴുക്കി വിടുന്ന വെള്ളം ത്രിവേണി സംഗമം എന്ന സ്ഥലത്തേക്ക് നേരിട്ടെത്തിക്കാനാണ് പദ്ധതി. മൂലമറ്റം കെഎസ്ആര്‍ടി ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തായാണ് നിലയം വരിക. ഇതിനായി 11 ഹെക്ടര്‍ ഭൂമി സ്വകാര്യ വ്യക്തികളില്‍ നിന്ന് ഏറ്റെടുക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: