തിരുവല്ല: സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി.ബി. സന്ദീപ് കുമാറിന്റെ കൊലപാതകക്കേസില്‍ പാര്‍ട്ടി ഭീഷണിയെ തുടര്‍ന്ന് പോലീസ് മലക്കം മറിഞ്ഞു. കൊലയ്‌ക്ക് പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്ന് വെള്ളിയാഴ്ച വൈകിട്ടുവരെ ഉറപ്പിച്ചു പറഞ്ഞ പോലീസ്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാര്‍ത്താസമ്മേളനം കഴിഞ്ഞതോടെ പൊടുന്നനെ നിലപാട് മാറ്റി. വ്യക്തി വൈരാഗ്യമല്ല, രാഷ്‌ട്രീയ വിരോധമാണ് കാരണമെന്ന് എഫ്‌ഐആറിലും റിമാന്‍ഡ് റിപ്പോര്‍ട്ടിലും എഴുതിച്ചേര്‍ത്തു. വ്യക്തിവൈരാഗ്യമാണ് കാരണമെന്നാണ് ജില്ലാ പോലീസ് മേധാവി നിശാന്തിനി അടക്കമുള്ളവര്‍ വ്യക്തമാക്കിയിരുന്നത്.
പ്രതികള്‍ ബിജെപി പ്രവര്‍ത്തകരാണെന്നും ഒന്നാം പ്രതി ജിഷ്ണുവിന് രാഷ്‌ട്രീയ വിരോധവും മറ്റ് വിരോധവും ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പോലീസ് ഉള്‍പ്പെടുത്തി. ഡിവൈഎഫ്‌ഐക്കാരായ പ്രതികളെ ബിജെപി പ്രവര്‍ത്തകരാക്കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കൊലപാതകം നടന്നപ്പോള്‍ത്തന്നെ പിന്നില്‍ ബിജെപിയാണെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ പോലീസ് ഈ വാദം അപ്പോള്‍ അംഗീകരിച്ചിരുന്നില്ല. പാര്‍ട്ടി ആക്ടിങ് സെക്രട്ടറി എ. വിജയരാഘവനാണ് രാഷ്‌ട്രീയ കൊലപാതകമാണെന്ന പ്രചാരണം തുടങ്ങിയത്.
പാര്‍ട്ടി സെക്രട്ടറി സ്ഥാനമേറ്റെടുത്ത ഉടന്‍ കോടിയേരിയും ഇത് ആവര്‍ത്തിച്ചു. മാത്രമല്ല, രാഷ്‌ട്രീയ കൊലപാതകമല്ലെന്ന് പറഞ്ഞ പോലീസ് നടപടിയെ കോടിയേരി രൂക്ഷമായി വിമര്‍ശിച്ചു. ഇതോടെയാണ് പോലീസ് മലക്കം മറിഞ്ഞത്. ഇതിന് പിന്നാലെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ അഞ്ച് പ്രതികളെയും ബിജെപി പ്രവര്‍ത്തകരാക്കി.
എന്നാല്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മുന്‍ യുവമോര്‍ച്ച പ്രവര്‍ത്തകനായിരുന്ന ജിഷ്ണുവിന്റെ രാഷ്‌ട്രീയ ബന്ധത്തെക്കുറിച്ച് മാത്രമാണ് എടുത്ത് പറയുന്നത്. ഒന്നാം പ്രതി യുവമോര്‍ച്ച പ്രവര്‍ത്തകനല്ലെന്ന് പോലീസും സമ്മതിക്കുന്നു. വാദിയുടെ മൊഴിയനുസരിച്ചാണ് എഫ്‌ഐആറില്‍ പ്രതികള്‍ ബിജെപിക്കാരാണെന്ന് ഉള്‍പ്പെടുത്തിയെതന്നാണ് പോലീസ് വാദം. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
തിരുവല്ലയില്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെട്ട പീഡനക്കേസില്‍ മുഖം വികൃതമായ സിപിഎം നാണക്കേട് മറയ്‌ക്കാന്‍ എല്‍സി സെക്രട്ടറിയുടെ കൊലപാതകത്തെ കരുവാക്കുകയായിരുന്നു. രക്തസാക്ഷിയെ കിട്ടിയതിന്റെ സന്തോഷമാണ് സിപിഎം നേതാക്കളിലും അണികളിലും. ഇതിന്റെ ഭാഗമായി തിരുവല്ലയിലും സമീപ പഞ്ചായത്തുകളിലും ഫ്‌ളക്‌സ് ബോര്‍ഡുകളും മറ്റും വച്ച് വ്യാപക പ്രചാരണമാണ് സിപിഎം നടത്തുന്നത്. കൊലപാതകം വ്യക്തിവൈരാഗ്യം മൂലമാണെന്നു മാധ്യമങ്ങളോട് പറഞ്ഞ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്കാനും നീക്കമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: