കൊച്ചി: ഹോട്ടല്‍ ഉടമകളുടെ ഉള്ള് നീറിപ്പുകയുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വില റോക്കറ്റ് കുതിക്കുപോലെ ഉയരുമ്പോള്‍ പോക്കറ്റ് കീറുകയാണെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു. സാധനങ്ങളുടെ വിലക്കയറ്റത്തിനൊപ്പം പാചക വാതകത്തിന്റെ വിലയും കുത്തനെ ഉയര്‍ന്നതാണ് ഹോട്ടല്‍ ഉടമകളെ കടുത്ത പ്രതിസന്ധിയില്‍ ആക്കിയിരിക്കുന്നത്.
19 കിലോ വരുന്ന ഒരു വാണിജ്യ സിലിണ്ടറിന് 2,126 രൂപയാണ് ഇപ്പോഴത്തെ വില. വലിയ പ്രതിസന്ധി നേരിടുന്നത് ചെറുകിട ഹോട്ടലുകളാണ്. തട്ടുകടകള്‍ക്കും ചെറുകിട ഹോട്ടലുകള്‍ക്കും പിടിച്ചുനില്ക്കണമെങ്കില് ഭക്ഷണവില വര്‍ദ്ധിപ്പിക്കേണ്ടിവരും. ഇങ്ങനെ വില വര്‍ദ്ധിപ്പിച്ചാല്‍ കച്ചവടം ഇടിയുമെന്ന് വ്യാപാരികള്‍ ആശങ്കപ്പെടുന്നു. കൊവിഡിന് ശേഷം ജനജീവിതം സാധാരണ നിലയിലേക്ക് മാറുന്ന വേളയിലാണ് വിലക്കയറ്റം ഹോട്ടല്‍ മേഖലയേയും സാധാരണക്കാരെയും ഒരുപോലെ ബാധിച്ചിരിക്കുന്നത്.
ലോക്ഡൗണില്‍ തരംഗമായ ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ശൃംഖലകള്‍ മിക്കവരും 45 ദിവസം ഇടവേളകളിലാണ് ഹോട്ടലുകള്‍ക്ക് പണം കൈമാറുക. 26-27 ശതമാനം വരെയാണ് ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ശൃംഖലകള്‍ ഭക്ഷണശാലകളില്‍ നിന്ന് ഈടാക്കുന്നത്.
ചെറുകിട ഹോട്ടലുകളില്‍ പലര്‍ക്കും പതിവ് കച്ചവടത്തിനൊപ്പം ഇത് സ്വീകാര്യമാണെങ്കിലും നിലവില്‍ പിടിച്ചുനില്‍ക്കാനാവാത്ത സാഹചര്യമാണെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാണിച്ചു. ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്റ്സ് അസോസിയേഷന് നേതൃത്വത്തില്‍ വികസിപ്പിക്കുന്ന ആപ് ഇനിയും സംസ്ഥാനമൊട്ടാകെ പ്രവര്‍ത്തനസജ്ജമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: