കൊച്ചി: കൊവിഷീല്‍ഡ് വാക്സിന്റെ രണ്ടാം ഡോസ് നാലാഴ്ച കഴിഞ്ഞ് എടുക്കാന്‍ കഴിയുന്ന വിധത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കോവിന്‍ പോര്‍ട്ടലില്‍ മാറ്റം വരുത്തണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കി. കേന്ദ്ര സര്‍ക്കാര്‍ നല്കിയ അപ്പീല്‍ അനുവദിച്ചാണ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്. മണികുമാര്‍ അധ്യക്ഷനായ ഡിവിഷന് ബെഞ്ചിന്റെ തീരുമാനം.
ലോകാരോഗ്യ സംഘടനയുടെ ഉള്‍പ്പെടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചും ശാസ്ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തിലുമാണ് കൊവിഷീല്‍ഡ് വാക്സിന് രണ്ടാം ഡോസ് എടുക്കാന്‍ എണ്‍പത്തിനാല് ദിവസം കഴിയണമെന്ന വ്യവസ്ഥ കൊണ്ടുവന്നതെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. മാത്രമല്ല ഇത്തരം നയപരമായ തീരുമാനങ്ങളില്‍ കോടതി ഇടപെടരുതെന്നും അപ്പീലില്‍ വ്യക്തമാക്കിയിരുന്നു. ഈ വാദങ്ങള്‍ അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.
പണമടച്ചു കൊവിഷീല്‍ഡ് വാക്സിന് എടുക്കുന്നവര്‍ക്ക് രണ്ടാം ഡോസ് നാലാഴ്ച കഴിഞ്ഞ് എടുക്കാന്‍ കഴിയുന്ന തരത്തില്‍ കൊവിന്‍ പോര്‍ട്ടലില്‍ മാറ്റം വരുത്താനാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. രണ്ടാം ഡോസ് എടുക്കാന്‍ എണ്‍പത്തിനാല് ദിവസം കഴിയണമെന്ന പ്രോട്ടോക്കോള്‍ നിലനില്‍ക്കെയാണ് കിറ്റക്സ് കമ്പനിയുടെ ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് ഡോസിന്റെ ഇടവേള നാലാഴ്ചയായി കുറയ്ക്കാന്‍ ഉത്തരവിട്ടിരുന്നത്.
വിദേശത്തേക്ക് ജോലിക്കും പഠനത്തിനും പോകുന്നവര്‍ക്ക് രണ്ടാം ഡോസ് വാക്സിന്റെ ഇടവേളയില്‍ ഇളവു നല്‍കുകയും ഇന്ത്യയില്‍ പഠിക്കുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും ഈ ഇളവു നിഷേധിക്കുകയും ചെയ്യുന്നത് വിവേചനമാണെന്നാണ് ഹൈക്കോടതി വിലയിരുത്തിയത്. എന്നാല്‍ സൗജന്യമായി സര്‍ക്കാര്‍ നല്കുന്ന വാക്സിന്റെ കാര്യത്തില്‍ ഇളവ് പരിഗണിച്ചിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: