ന്യൂദല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. എല്ലാ രാജ്യാന്തര യാത്രക്കാരെയും നിരീക്ഷിക്കണമെന്നും കൊവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി. കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണാണ് ഇത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്.
റിസ്ക് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ നിരീക്ഷിക്കാനായിരുന്നു കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നേരത്തേ നല്‍കിയിരുന്ന മാര്‍ഗ നിര്‍ദേശം. കൊവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം വീണ്ടും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. സമ്പര്‍ക്കത്തിലുള്ളവരെ 72 മണിക്കൂറിനുള്ളില്‍ പരിശോധനയ്ക്ക് വിധേയരാക്കണം. കൊവിഡ് വ്യാപന ക്ലസ്റ്ററുകളുള്ള മേഖലയില്‍ നിരീക്ഷണം ശക്തമാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
ഒമിക്രോണിനെ നേരിടാന്‍ രാജ്യം സജ്ജമാണെന്നും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും വ്യാപനത്തോത് പരിശോധിക്കുകയാണെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യ ലോക്സഭയെ അറിയിച്ചു.അതേസമയം ബ്രിട്ടനില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശിയായ ആരോഗ്യപ്രവര്‍ത്തകന്റെയും അമ്മയുടെയും സ്രവം ഒമിക്രോണ്‍ സംശയത്തെ തുടര്‍ന്ന് ജിനോമിക് സീക്വന്‍സിങ് പരിശോധനയ്ക്കയച്ചു.
കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണിത്. ഇദ്ദേഹത്തിന് പ്രൈമറി, സെക്കന്‍ഡറി സമ്പര്ക്കങ്ങളിലായി നാല് ജില്ലകളിലുള്ളവര്‍ ഉണ്ടെന്ന് കോഴിക്കോട് ഡിഎംഒ ഒമര്‍ ഫാറൂഖ് അറിയിച്ചു. 21ന് നാട്ടിലെത്തിയ ഇദ്ദേഹത്തിന് 26നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം നാല് ജില്ലകളില്‍ യാത്ര ചെയ്തു. ഇപ്പോള്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. യാത്രാപഥവും വിവരങ്ങളും ശേഖരിച്ച് വരികയാണ്. അമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി മറ്റ് ജില്ലകളിലേക്ക് അയച്ചിട്ടുണ്ടെന്നും ഡിഎംഒ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: