കൊച്ചി : മോഡലുകള്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സൈജു തങ്കച്ചൊപ്പം ലഹരി മരുന്ന് പാര്‍ട്ടികളില്‍ പങ്കെടുത്തവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഏഴ് യുവതികള്‍ അടക്കം 17 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സൈജുവിന്റെ ഫോണില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തൃക്കാക്കര, ഇന്‍ഫോപാര്‍ക്ക്, ഫോര്‍ട്ട് കൊച്ചി, മരട്, പനങ്ങാട്, എറണാകുളം സൗത്ത് ,ഇടുക്കി ആനച്ചാല്‍ സ്റ്റേഷനുകളിലായി 17 കേസുകളാണ് എടുത്തിട്ടുള്ളത്.
വീഡിയോ ദൃശ്യങ്ങളില്‍ നിന്നു തിരിച്ചറിഞ്ഞവരെ പലരേയും ചോദ്യം ചെയ്യാനായി പോലീസ് വിളിപ്പിച്ചെങ്കിലും ഇവരില്‍ ഭൂരിഭാഗം പേരുടേയും ഫോണ്‍ സ്വിച്ച്ഓഫാണ്. സൈജു ഫോണിലെ രഹസ്യ ഫോള്‍ഡറില്‍ നിന്ന് പോലീസിന് ലഭിച്ചത് രാസലഹരിയും കഞ്ചാവും ഉള്‍പ്പടെ ഉപയോഗിക്കുന്നതിന്റെ നിരവധി വീഡിയോ ദൃശ്യങ്ങളാണ്.
ഇതിന്റെ അടിസ്ഥാനത്തില്‍ സൈജു നല്കിയ മൊഴി പ്രകാരമാണ് മയക്കുമരുന്ന പാര്‍ട്ടികള്‍ നടന്ന പ്രദേശത്തെ പോലീസ് സ്റ്റേഷനുകളില്‍ പ്രത്യേകം കേസെടുത്തത്. ഏഴ് യുവതികളടക്കം 17 പേരുടെ വിവരങ്ങല്‍ എഫ് ഐആറിലുണ്ട്. വീഡിയോ ദൃശ്യങ്ങളില്‍ കണ്ടാലറിയാവുന്ന സുഹൃത്തുക്കളുടെ പേരിലും കേസെടുത്തിട്ടുണ്ട്. മോഡലുകള്‍ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത നമ്പര്‍ 18 ഹോട്ടലില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സൈജു മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ കേസും ഇതിലുള്‍പ്പെടും.
നിലവില്‍ സൈജുവിന്റെ പാര്‍ട്ടികളില്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയ മൂന്ന് പേര് മാത്രമാണ് ഇത് വരെ മൊഴി നല്‍കാനെത്തിയത്. ബാക്കിയുള്ളവരെ ബന്ധപ്പെടാനായി പോലീസ് ശ്രമം നടത്തി വരികയാണ്. ഇവര്‍ ഇനിയും ഹാജരായില്ലെങ്കില്‍ ക്രിമിനല്‍ നടപടിച്ചട്ട പ്രകാരം നോട്ടീസ് നല്‍കാനാണ് പോലീസിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: