പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ അന്വേഷിക്കുന്നതിനോട് സിപിഎമ്മിന് ഇത്രയേറെ എതിര്‍പ്പ് എന്തിനായിരുന്നുവെന്ന് വ്യക്തമായി. കേസില്‍ സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റിയംഗവും മുന്‍ എംഎല്‍എയുമായ കെ.വി. കുഞ്ഞിരാമനുള്‍പ്പെടെ പത്ത് പേര് പ്രതികളാണെന്ന് സിബിഐ കോടതിയെ അറിയിച്ചതോടെ പാര്‍ട്ടി നേതൃത്വം ഭയപ്പെട്ടത് സംഭവിച്ചിരിക്കുന്നു. ലോക്കല്‍ പോലീസ് അന്വേഷിക്കുകയും, ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ചെയ്ത ഈ കേസില്‍ പതിനാല് പേരെ പ്രതികളാക്കി കുറ്റപത്രം നല്‍കിയിരുന്നു. പ്രതികളാവേണ്ട പലരെയും ഒഴിവാക്കി ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം കേസ് അട്ടിമറിച്ച് കുറ്റവാളികളെ രക്ഷിക്കാനുള്ള നീക്കമാണെന്നും, അതിനാല്‍ കേസ് സിബിഐയ്ക്ക് വിടണമെന്നും കാണിച്ച്, കൊലചെയ്യപ്പെട്ട കൃപേഷ്, ശരത്ലാല് എന്നിവരുടെ ബന്ധുക്കള്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും വാദിക്കാന്‍ രണ്ട് കോടിയോളം രൂപ പിണറായി സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ചെലവഴിച്ചത് വലിയ പ്രതിഷേധമുയര്‍ത്തുകയുണ്ടായി. കേസ് ഏറ്റെടുത്ത് ഒരു വര്‍ഷത്തിനകം പത്ത് പേരെക്കൂടി പ്രതികളാക്കിയതോടെ സിബിഐയുടെ അന്വേഷണം ശരിയായ ദിശയിലാണു പോകുന്നതെന്ന് വിലയിരുത്താം. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുക്കുകയും ഗൂഢാലോചന നടത്തുകയും, കൊല നടത്തിയവരെ സഹായിക്കുകയും ചെയ്തുവെന്ന് കണ്ടെത്തിയാണ് പത്ത് പേരെ കൂടി സിബിഐ പ്രതിചേര്‍ത്തിട്ടുള്ളത്. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും കേസ് ഡയറി സിബിഐക്ക് നല്കാന് ക്രൈംബ്രാഞ്ച് തയ്യാറാവാതിരുന്നത്,കൊല്ലിച്ചവരിലേക്ക് അന്വേഷണം നീളുമെന്ന സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും ഭയംകൊണ്ടായിരുന്നു.
കോണ്‍ഗ്രസ്സുകാരായ കൃപേഷിനെയും ശരത്ലാലിനെയും സിപിഎം ആസൂത്രിതമായി കൊലചെയ്യുകയായിരുന്നു. പിടിയിലായ എല്ലാവരും തന്നെ പാര്‍ട്ടിക്കാരാണ്. ചിലര്‍ പാര്‍ട്ടി നേതാക്കളുമാണ്. ഇവരില്‍ ചിലര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരായിരുന്നു. എന്നിട്ടും കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നു വാദിക്കുകയാണ് സിപിഎം ചെയ്തത്. ഇതിനെ ന്യായീകരിച്ച് പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിച്ച് കേസ് വിദഗ്ധമായി അട്ടിമറിക്കാന്‍ സിപിഎമ്മും സര്‍ക്കാരും തുടക്കം മുതല്‍ ശ്രമിച്ചു. പ്രതികള്‍ക്ക് ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. കാസര്‍കോട് ജില്ലയിലെ പെരിയയില്‍ രാഷ്ട്രീയ വിരോധം ഒന്നുകൊണ്ടുമാത്രം രണ്ട് യുവാക്കളെ കൊലചെയ്യുകയായിരുന്നു. സംഭവം നടന്നയുടന്‍ തന്നെ, അന്ന് എംഎല്‍എയായിരുന്ന കെ.വി. കുഞ്ഞിരാമനെതിരെ ആരോപണമുയര്‍ന്നതാണ്. പക്ഷേ സിപിഎം ഇത് തള്ളിക്കളഞ്ഞു. കൊലപാതകത്തിനുശേഷം പ്രതികള്‍ക്ക് എല്ലാ സഹായവും ചെയ്ത കുഞ്ഞിരാമന് കേസിലെ രണ്ടാം പ്രതിയെ പോലീസ് സ്റ്റേഷനില്‍നിന്ന് ഇറക്കിക്കൊണ്ടുപോ
യെന്നും സിബിഐ കണ്ടെത്തി. കൊല നടത്താന്‍ പാര്‍ട്ടി ഓഫീസില്‍ വച്ച് പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന് ലോക്കല്‍ പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഗൂഢാലോചന ബസ് സ്റ്റോപ്പിലേക്ക് മാറ്റി! കൊലപാതകത്തില്‍ പാര്‍ട്ടിയുടെ പങ്ക് മറച്ചുപിടിക്കുന്നതിനായിരുന്നു ഇത്. ടി.പി. ചന്ദ്രശേഖരന് വധത്തിലടക്കം സിപിഎം നടത്തുന്ന രാഷ്ട്രീയ കൊലപാ
തകങ്ങളിലെല്ലാം ഈ രീതി അനുവര്‍ത്തിക്കുന്നു. ടിപി കേസ് സിബിഐ അന്വേഷിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ മുഖ്യമന്ത്രിയായിരിക്കുന്ന പിണറായി വിജയന്പോലും കേസില്‍ പ്രതിയാവുമായിരുന്നു. കൊന്നവര്‍ മാത്രമല്ല കൊല്ലിച്ചവരും പിടിയിലായാല്‍ മാത്രമേ സിപിഎമ്മിന്റെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അന്ത്യം വരൂ. പെരിയ കേസിലെ സിബിഐ അന്വേഷണം ഇതിനൊരു മാതൃകയാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: