പ്രകൃതി നിങ്ങളെ ബന്ധിക്കുന്നില്ല. പ്രകൃതിയുമായുള്ള ആസക്തിമൂലം നിങ്ങള്‍ സ്വയം ബന്ധിതരാകുകയാണ്. ഒരിക്കല്‍ ഗുരുവായ സമര്ത്ഥരാമദാസിനോട് ഒരു ശിഷ്യന് ചോദിച്ചു, ‘ഗുരുദേവാ, മായ എന്നെ മുറുകെ ബന്ധിച്ചു പിടിച്ചിരിക്കുന്നു. എനിക്കു ഈശ്വരസാധനകള് ചെയ്യാന്‍ കഴിയുന്നില്ല. ഞാന്‍ എത്ര പരിശ്രമിച്ചിട്ടും മായയുടെ പിടിയില്‍നിന്നും മോചനം കിട്ടുന്നില്ല.’ സമര്‍ത്ഥരാമദാസ് അപ്പോള്‍ ശിഷ്യനോട് അടുത്തുള്ള ഒരു തൂണ് രണ്ടു കൈകൊണ്ടും പിടിക്കാനും അങ്ങനെ പിടിച്ചുകൊണ്ട് തൂണിനു ചുറ്റും വേഗത്തില്‍ ഓടാനും പറഞ്ഞു. അങ്ങനെ ശിഷ്യന് ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഗുരു പെട്ടെന്നു പിടിവിടാന്‍ പറഞ്ഞു. ശിഷ്യന് കരഞ്ഞുകൊണ്ടു പറഞ്ഞു, ‘അയ്യോ സ്വാമി, ഇപ്പോള്‍ പിടിവിട്ടാല്‍ ഞാന്‍ തറയില്‍ വീണു പോകും.’ ഗുരു രാമദാസ് ചോദിച്ചു, ‘ഇപ്പോള്‍ ഞാന്‍ ചോദിക്കട്ടെ, ആ തൂണാണോ നിന്നെ പിടിച്ചിരിക്കുന്നത്, അതോ നീ തൂണിനെ പിടിച്ചതാണോ?’ ശിഷ്യന് പറഞ്ഞു, ‘ഗുരോ, ഞാനാണ് തൂണിനെ പിടിച്ചിരിക്കുന്നത്.’
ഇതുപോലെ നീ മായയില്‍ പിടിച്ചുതൂങ്ങിക്കൊണ്ട് അതെന്റെ കൂടെ ഓടുകയും ജീവിതത്തില്‍ ഇറക്കങ്ങളും കയറ്റങ്ങളും അനുഭവിക്കുകയും, എന്നിട്ട്, മായ നിന്നെ വിട്ടുപോകുന്നില്ലെന്നു പറയുകയും ചെയ്യുന്നു. നീ ഇപ്പോള്‍ തൂണില്‍നിന്നും പിടിവിട്ടപോലെ, സാവധാനത്തില്‍ നീ ഈ മായയിലുള്ള ആസക്തിയും ഇല്ലാതാക്കണം.
(മായ എന്നാല്‍ ശാശ്വതമല്ലാത്ത സുഖങ്ങളിലുള്ള ആസക്തി)
വിവഃ കെ.എന്‍.കെ.നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: