‘മരക്കാര്‍‘ റിലീസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി മോഹന്‍ലാല്‍. സിനിമ കാണുകയോ അതിനെക്കുറിച്ച് എന്തെങ്കിലും അറിയുകയോ ചെയ്യുന്നവരല്ല ഈ ബഹളംവെച്ചവര്‍. ‘മോഹന്‍ലാല്‍ ബിസിനസുകാരനാണ്’ എന്നായിരുന്നു ഏറ്റവും വലിയ ആക്ഷേപം. സിനിമ വ്യവസായം മാത്രമല്ല, എന്നാല്‍ വ്യവസായവുംകൂടിയാണ് എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ഇത്തരം ഒരു സിനിമ സൃഷ്ടിക്കാനുള്ള അധ്വാനവും സമര്‍പ്പണവും നന്നായി അറിയുന്നതുകൊണ്ട് എന്നെക്കുറിച്ചുള്ള ഒരാരോപണത്തിനും ഞാന്‍ മറുപടി പറഞ്ഞില്ല, പറയുകയുമില്ല. കാരണം കാലങ്ങളോടും തലമുറകളോടുമാണ് ഞങ്ങള്‍ ഈ സിനിമയിലൂടെ സംസാരിക്കുന്നത്. ഈയാംപാറ്റ വിവാദങ്ങള്‍ക്ക് അവിടെ സ്ഥാനമില്ല. ഞാന്‍ എന്റെ അടുത്ത ജോലികളിലേക്ക് കടക്കുന്നുവെന്ന് മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തില്‍ മോഹന്‍ലാല്‍ വ്യക്തമാക്കി.
ഒരുപാട് വായനയും ഗവേഷണവും നടത്തിയാണ് പ്രിയന് മരക്കാര്‍ തിരക്കഥ എഴുതിയത്. അത്രതന്നെ ഗവേഷണം സാബു സിറിളും ചെയ്തു. ഭാഷാഭേദമില്ലാതെ ഒരുപാട് അഭിനേതാക്കള്‍ പ്രതിഫലത്തുകപോലും പറയാതെ അഭിനയിക്കാനെത്തി. നൂറു കണക്കിന് മനുഷ്യര്‍ രാപകല്‍ രാമോജി ഫിലിം സിറ്റിയില്‍ അധ്വാനിച്ചു. ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ അതീവ സൂക്ഷ്മമായ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍. എല്ലാ പ്രതിബന്ധങ്ങളും നിശ്ശബ്ദമായി തരണംചെയ്ത് പടം തീര്‍ത്തപ്പോഴാണ് കോവിഡ് പടര്‍ന്നതും ലോകം അടച്ചിടപ്പെട്ടതും.
എനിക്കും പ്രിയനും മാത്രമല്ല, ഈ സിനിമയുമായി ബന്ധപ്പെട്ട എല്ലാവര്ക്കും അതൊരു ഷോക്കായിരുന്നു. എന്നാല്‍, ഇന്നാലോചിക്കുമ്പോള്‍ മറിച്ചാണ് തോന്നുന്നത്: പടം ഇറങ്ങി ഒരാഴ്ച കഴിയുമ്പോഴാണ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതെങ്കിലോ? ദുരന്തത്തിനുമേലെ മറ്റൊരു ദുരന്തമാകുമായിരുന്നു അത്. നിസ്സഹായരായി നോക്കിനില്‍ക്കേണ്ടിവരുമായിരുന്നു ഞങ്ങള്‍ക്ക്.
കാത്തിരിപ്പിന്റെ രണ്ട് വര്‍ഷങ്ങളാണ് കടന്നുപോയത്. ഏറെ സങ്കടകരവും സമ്മര്‍ദപൂര്‍ണവുമായിരുന്നു അത്. ലോകം കാണേണ്ട ഒരു കാലാസൃഷ്ടി ഇങ്ങനെ ഇരുട്ടിലിരിക്കുന്നല്ലോ എന്ന സങ്കടം; വലിയ സാമ്പത്തികബാധ്യതയുടെ സമ്മര്‍ദം. രണ്ടിനും നടുവിലൂടെയാണ് രണ്ടുവര്‍ഷം ഞങ്ങള്‍ തുഴഞ്ഞത്. വലിയ കാര്യങ്ങള്‍ക്ക് വലിയ സഹനങ്ങളും വേണ്ടിവരുമെന്നത് ഒരു പ്രപഞ്ചസത്യമാണല്ലോയെന്നും മോഹന്‍ലാല്‍ ലേഖനത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: