ഒരു വൃദ്ധ പെന്‍ഷന്‍കാരന്റെ മരണം നാട്ടിന്‍പുറത്തെ സാധാരണ സംഭവം മാത്രം. ഒരു കാര്യത്തിലും ആരെയും ബുദ്ധിമുട്ടിക്കരുതെന്ന് നിര്‍ബന്ധമുള്ള വൃദ്ധന്റെ മരണവും പെട്ടെന്നായിരുന്നു. ഇന്നലെയും കൂടി അമ്പലമുറ്റത്ത് മറ്റു ചില പെന്‍ഷന്‍കാരോടൊപ്പം ഇരിക്കുന്നതു കണ്ടതാണ്. മരണമായാല്‍ ഇങ്ങനെ വേണമെന്ന് മരണം അന്വേഷിക്കാന്‍ വന്ന ചില പെന്‍ഷന്‍കാര്‍ പറയുന്നതും കേട്ടു.
നാലു പെണ്മക്കളാണ് വൃദ്ധനുള്ളത്. നാലുപേരും വിവാഹിതര്‍. എല്ലാവരും വളരെ നല്ല നിലയില്‍ കഴിയുന്നു. ഏറ്റവും ഇളയമകള്‍ അമേരിക്കയില്‍ നഴ്സ്. അമേരിക്കയിലെ മകളുടെ മക്കളെയാണ് വൃദ്ധന് ഏറ്റവും കൂടുതല്‍ സ്നേഹിച്ചിരുന്നത്. അവസാന നിമിഷത്തിലും ആ പേരക്കുട്ടികളെ കാണാനുള്ള ആഗ്രഹം വൃദ്ധന് കുഴഞ്ഞ നാവുകൊണ്ടാണെങ്കിലും പറഞ്ഞിരുന്നു.
നാട്ടിലുള്ള മൂന്നു മക്കളും മരുമക്കളും പേരക്കുട്ടികളും എത്തിയിട്ടുണ്ട്. മക്കള്‍ കുറെ നേരം അതുമിതും പറഞ്ഞ് കരഞ്ഞു. അനന്തരം ശവസംസ്കാരാദി കാര്യങ്ങളെപ്പറ്റി ഭര്ത്താക്കന്മാരോട് ആലോചിക്കാന്‍ പുറത്തേക്കു പോയി. മരവിച്ചു തുടങ്ങിയ ആ ജഡത്തിന്റെ കാല്ക്കലായി ഒരു വൃദ്ധ കുനിഞ്ഞിരിക്കുന്നുണ്ടായിരുന്നു. നിശ്ചലമായി കിടക്കുന്ന ആ വ്യക്തിയുടെ ഭാര്യയാണ് ആ വൃദ്ധ. അവരുടെ ഇരുപതാം വയസ്സില്‍ ആരംഭിച്ചതാണ് ആ ബന്ധം. അതവസാനിച്ചിരിക്കുന്നു. ഇനിയൊരിക്കലും വൃദ്ധന് അവരെ സ്നേഹപൂര്‍വം നോക്കുകയില്ല. അമ്പതുവര്‍ഷം ആ വൃദ്ധയ്ക്ക് തുണയും തണലുമായിരുന്നു വൃദ്ധന്. അത് എന്നേക്കുമായി അവസാനിച്ചിരിക്കുന്നു.
അഞ്ചു പതിറ്റാണ്ടുകള്‍ക്കു മുന്‍പ് നിറപറയേയും നിലവിളക്കിനേയും സാക്ഷി നിര്‍ത്തി അദ്ദേഹത്തിന്റെ കൈയില്‍ നിന്നും പുടവ വാങ്ങിയത് ഇന്നലെ കഴിഞ്ഞതുപോലെ ഓര്‍ക്കുന്നു. എത്ര സന്തോഷപ്രദമായിരുന്നു ദിനരാത്രങ്ങള്‍. അദ്ദേഹത്തിന്റെ ശാഠ്യങ്ങളും സ്വഭാവ വിശേഷങ്ങളും എത്ര പെട്ടെന്നാണ് താന്‍ മനസ്സിലാക്കിയത്. തന്റെയും മക്കളുടേയും സന്തോഷം മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. സര്‍ക്കാര്‍ സര്‍വീസില്‍ തനിക്കും കൂടി ജോലി കിട്ടിയപ്പോള്‍ അദ്ദേഹത്തിനുണ്ടായ ആശ്വാസം പറഞ്ഞറിയിക്കാനാവില്ല. മക്കളെ യഥാസമയം വിവാഹിതരാക്കാന്‍ തന്നെക്കാള്‍ ഉത്സാഹം അദ്ദേഹത്തിനായിരുന്നു. ഏതു നിസ്സാര കാര്യങ്ങളില്‍പ്പോലും തന്റെ അഭിപ്രായത്തിന് അദ്ദേഹം വില കല്പ്പിച്ചിരുന്നു. പെന്‍ഷനായതിനുശേഷം ക്ഷേത്രത്തില്‍ മാത്രമല്ല ട്രഷറിയിലും ബാങ്കിലുമൊക്കെ തങ്ങള്‍ ഒന്നിച്ചേ പോയിരുന്നുള്ളൂ. എന്തിനധികം, അഞ്ചാറുകൊല്ലം അമേരിക്കയില്‍ കഴിഞ്ഞുകൂടേണ്ടി വന്നപ്പോഴും തങ്ങള്‍ ഒന്നിച്ചു തന്നെയായിരുന്നു. കഴിഞ്ഞതെല്ലാം ഓര്‍ത്തുകൊണ്ട് വൃദ്ധ കണ്ണീരൊഴുക്കിക്കൊണ്ടിരുന്നു.
മൃതശരീരം കുളിപ്പിക്കുവാനായി നാലഞ്ചു പേര് ചേര്‍ന്ന് വെളിയിലേക്ക് കൊണ്ടുപോയി. ശരീരമാസകലം വെടിപ്പാക്കി ഒരു കോടിമുണ്ടും നേര്യതും അണിയിച്ച് മുന്‍വശത്തേക്ക് കൊണ്ടുവന്നു. ശവദാഹത്തിനു മുന്‍പുള്ള ചടങ്ങുകള്‍ കാര്മികന് നടത്തി. വൃദ്ധന്റെ മൃതദേഹത്തില്‍ ബന്ധുക്കളില്‍ ചിലര്‍ പട്ടുപുതപ്പിച്ചു. വൃദ്ധന്റെ പെന്ഷന് സുഹൃത്തുക്കള്‍ ഒരു റീത്ത് വച്ച് അവരുടെ കടമ നിര്‍വഹിച്ചു. നല്ല കാലത്ത് പ്രസംഗംകൊണ്ടും പ്രവൃത്തികൊണ്ടും വൃദ്ധന്റെ സജീവ സാന്നിദ്ധ്യം പെന്ഷന് സമൂഹത്തിന് ഉണ്ടായിരുന്നുവെന്ന് യൂണിറ്റ് പ്രസിഡന്റ് അനുസ്മരിച്ചു. സമീപമുള്ള ക്ഷേത്രങ്ങളില്‍ മതപ്രഭാഷണം നടത്തിയിരുന്ന വൃദ്ധന്റെ മൃതദേഹത്തില്‍ ചിലര്‍ കാവിവസ്ത്രമാണ് പുതപ്പിച്ചത്.
ഭര്‍ത്താവിന്റെ മൃതശരീരം അവസാനമായി ഒന്നു കാണുന്നതിനുവേണ്ടി വൃദ്ധയെ ആരോ മുറ്റത്തേക്കുകൊണ്ടുവന്നു. വൃദ്ധ ഭര്‍ത്താവിന്റെ മൃതദേഹത്തിനു പ്രദക്ഷിണം വച്ച് കാല്‍തൊട്ടുതൊഴുതു. അന്നേരം മാത്രം വൃദ്ധയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല; പൊട്ടിക്കരഞ്ഞു. കുഴഞ്ഞുവീഴാന്‍ തുടങ്ങിയ വൃദ്ധയെ ആരോ താങ്ങിപ്പിടിച്ചു. മുറ്റത്തുനിന്നും ജഡം ചിതയിലേക്ക് കൊണ്ടുപോകുന്നത് വൃദ്ധ നോക്കിനിന്നു.
അമ്പതുകൊല്ലക്കാലം തീറ്റിപ്പോറ്റി ശുശ്രൂഷിച്ച ഭര്‍ത്താവിന്റെ ശരീരം പട്ടടയില്‍ വയ്ക്കുന്നതും അവര്‍ നോക്കിനിന്നു. വീട്ടുവളപ്പിന്റെ തെക്കെ മൂലയില്‍ കത്തുന്ന ചിതയിലേക്കു നോക്കി വൃദ്ധ മൗനമായി പറഞ്ഞു.
”എന്നെ തനിച്ചാക്കി പോകാന്‍ എങ്ങനെ മനസു വന്നു. അമേരിക്കയില്‍ നിന്നും നമ്മുടെ പൊന്നുംകുടങ്ങളെ കൊണ്ടുവരട്ടെ. നിങ്ങള്‍ക്കൊന്നു കാണാന്‍ പറ്റിയില്ല. ഞാനെങ്കിലും ഒരു നോക്കു കാണട്ടെ. എന്നിട്ട് ഞാനും കൂടിയങ്ങു വരാം.”
ആത്മാവിന്റെ അടിത്തട്ടില്‍നിന്നും ഉയര്‍ന്ന ആ വാഗ്ദാനം കേട്ട് പ്രകൃതി പോലും നിമിഷനേരം നിശ്ചലമായി നിന്നുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: