തിരുവന്തപുരം: വിവാദങ്ങള്‍ക്കിടയിലും ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍. ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ ടെന്‍ഡര്‍ നടപടികള്‍ വേഗത്തിലാക്കുകയാണ് പോലിസ്. ഡിസംബര്‍ നാലിന് ഡിജിപി അധ്യക്ഷനായ സമിതി ബിഡ് തുറന്ന് പരിശോധിക്കും. പുതിയ ഹെലികോപ്റ്റര്‍ മൂന്നുവര്‍ഷത്തേക്ക് വാടകയ്ക്കെടുക്കാനാണ് ആലോചന.
നേരത്തെ പവന് ഹന്‍സിന്റെ ഹെലികോപ്റ്ററാണ് കേരള പോലീസ് ഉപയോഗിച്ചിരുന്നത്. നാല് മാസം മുമ്പ് ഈ കരാര്‍ അവസാനിച്ചു. ഈ കാലയളവില്‍ വാടകയ്ക്കും, ഹെലികോപ്റ്റര്‍ സംരക്ഷണത്തിനുമായി ചെലവാക്കിയിരുന്നത് 22.21കോടി രൂപയായിരുന്നു. വാടക മാത്രം 21.64 കോടി, 20 മണിക്കൂര്‍ പറത്താന്‍ ഒരു കോടി 44 ലക്ഷം രൂപ വാടക എന്ന നിലയിലായിരുന്നു കരാര്‍. മാവോയിസ്റ്റ് നിരീക്ഷണം, രക്ഷാപ്രവര്‍ത്തനം എന്നിവ നേരിടാന്‍ വേണ്ടിയാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തത്. എന്നാല്‍ ഈ സാഹചര്യങ്ങളിലൊന്നും ഹെലികോപ്ടറിന്റെ ഉപയോഗം നടന്നിട്ടില്ല. കേരളം 1.44 കോടി രൂപ പ്രതിമാസ വാടക നല്കി വാടകയ്ക്കെടുക്കുന്ന അതേ സൗകര്യമുള്ള ഹെലികോപ്റ്ററിനു ഛത്തീസ്ഗഡ് സര്‍ക്കാര്‍ നല്‍കിയത് 85 ലക്ഷം രൂപ മാത്രമാണ്. ഭീമമായ തുക ഹെലികോപ്റ്റര്‍ വാടകയായി ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദം ശക്തമായതോടെ ഓഗസ്റ്റില്‍ ഈ നീക്കം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
ആറു പേര്‍ക്ക് സഞ്ചരിക്കാവുന്ന ഇരട്ട എഞ്ചിന് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാനാണ് ഇപ്പോഴുള്ള നീക്കം. ഇതിനായി ഓപണ്‍ ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്. അടുത്തമാസം നാലിന് ഡിജിപി അധ്യക്ഷനായ സമിതി ടെക്നിക്കല്‍ ബിഡ് പരിശോധിക്കും. മൂന്നു വര്‍ഷത്തേക്കാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നത്. ഹെലികോപ്റ്ററിന് 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം ഉണ്ടാകാന്‍ പാടില്ലെന്നും മാസം 20 മണിക്കൂര്‍ പറക്കേണ്ടി വരുമെന്നുമാണ് പ്രധാന നിബന്ധന. മാവോയിസ്റ്റ് നിരീക്ഷണം, രക്ഷാപ്രവര്‍ത്തനം, വിഐപി സന്ദര്‍ശനങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നത്.
പൊലീസ് ആസ്ഥാനത്ത് ഡിജിപി, ഭരണ വിഭാഗം എഡിജിപി, സ്റ്റോര്‍ പര്‍ച്ചേസ് ഡിപ്പാര്‍ട്ട്മെന്റ് അഡി.സെക്രട്ടറി എന്നിവരടങ്ങുന്ന സാങ്കേതിക സമിതിയാണ് ബിഡ് തുറക്കുന്നത്. ബിഡിന്റെ പരിശോധന 6ന് പേരൂര്‍ക്കട എസ്എപി പരേഡ് ഗ്രൗണ്ടില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: