ന്യൂദല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ തീവ്ര കൊറോണ വൈറസായ ഒമിക്രോണ്‍ അതീവ അപകടകാരിയെന്ന് ലോകാരോഗ്യ സംഘടന. അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വക ഭേദം എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര യോഗം വിളിച്ചു.
10.30-ന് ചേരുന്ന യോഗത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. രാജ്യത്തെ കോവിഡ് സ്ഥിതിഗതികളും വാക്സിനേഷന് പുരോഗതിയും ചര്‍ച്ചയാകും.
നിലവിലെ കൊറോണ വൈറസില്‍ നിന്ന് ഏറെ മാറ്റം സംഭവിച്ച ഒമിക്രോണ്‍ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാന്‍ സാധ്യത കൂടുതലാണ്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും ഹോങ്കോങ്ങിനും പിന്നാലെ യൂറോപ്പിലും ഇന്നലെ ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ബെല്‍ജിയത്തിലാണ് യൂറോപ്പിലെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഈജിപ്റ്റില്‍ നിന്ന് വന്ന യാത്രക്കാരിയിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പിന്നാലെ അമേരിക്ക, യുകെ, ,ജപ്പാന്, സിംഗപ്പൂര്‍ , യുഎഇ , ബ്രസീല്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം പ്രഖ്യാപിച്ചു.
നിലവില്‍ ദക്ഷിണാഫ്രിക്ക, ഹോങ്കോങ് , ഇസ്രായേല്‍, ബോറ്റ്സ്വാന, ബെല്‍ജിയം എന്നീ രാജ്യങ്ങളിലായി നൂറോളം പേരിലാണ് ഒമക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത്. സ്ഥിതി വിലയിരുത്താന്‍ ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
ഇതിനിടെ, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനവും അനിശ്ചിതത്വത്തിലായി. നിലവില്‍ ദക്ഷിണാഫ്രിക്കയിലുള്ള ഇന്ത്യന്‍ എ ടീം പര്യടനം ഉപേക്ഷിച്ചേക്കും. ഹോളണ്ട് ടീം പര്യടനം ഉപേക്ഷിച്ച് ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങി. ഒമിക്രോണിന്റെ വരവ് വീണ്ടും ലോകത്തെ സാമ്പത്തിക അവസ്ഥയെ തകിടം മറിക്കുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: