കണ്ണൂര്‍: എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനകളുടെ നിരന്തരമായ വ്യജപ്രചാരണത്തിനെതിരെ ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ കെ. സജീവന് കണ്ണൂര്‍ എസ്പിക്ക് പരാതി നല്കി. ആറളം പഞ്ചായത്തില്‍ താമസിക്കുന്ന സജീവനും കുടുംബത്തിനും മതതീവ്രവാദികളുടെ ഭീഷണിയുള്ളതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച പോലീസ് സുരക്ഷയിലാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ ദിവസം മുതല്‍ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എ.പി. മഹമൂദ് സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ അസത്യമായതും മാനഹാനിയുണ്ടാക്കുന്നതുമായ വ്യാജ പ്രചാരണം നടത്തിവരികയാണെന്ന് പരാതിയില്‍ പറയുന്നു.
സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തില്‍ വീട്ടില്‍ ബോംബ് സ്ഫോടനമുണ്ടായെന്നും കൊലപാതകമുള്‍പ്പടെ നിരവധി കേസുകളില്‍ ഗൂഡാലോചനയില്‍ പങ്കാളിയാണെന്നും ആക്ഷേപിക്കുന്നു. ഇതില്‍ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണവുമുന്നയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് തന്റെ ജീവന് ഭീഷണി ഏറിവരികയാണ്. വ്യാജ പ്രചാരണം കാരണം എസ്ഡിപിഐക്കാരുടെ വിദ്വേഷം വര്‍ധിച്ച് വരികയാണ്.
ചാവക്കാടും മലമ്പുഴയിലും നടന്ന ആര്‍എസ്എസ്, ബിജെപി കാര്യകര്‍ത്താക്കളുടെ വധവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ നേതൃത്വത്തിന്റെ ഗൂഡാലോചനയില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഭാഗമാണ് വ്യാജപ്രചാരണം. ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ വ്യാജപ്രചാരണം നടത്തി അവരെ അപായപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇത്തരം ഭീഷണികള്‍. ഇത്തരം വ്യാജപ്രചാരണങ്ങള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.
സജീവന് ആറളത്തിന് നേരെ കുറച്ചു കാലമായി നടക്കുന്ന ദുഷ്പ്രചരണങ്ങളും കൊലവിളികളും കേരളത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ചില തീവ്രാവാദ സംഘടനകളുടെ അജണ്ടയാണെന്ന് ബിജെ പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി പറഞ്ഞു. സജീവന്റെ ആറളത്തെ വീട് സന്ദര്‍ശിച്ചശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സന്ദീപ്. സജീവന്റെ വീട്ടില്‍ ബോംബ് സ്പോടനമുണ്ടായി എന്നാണ് ഇവര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. കുരങ്ങ് അടക്കമുള്ള വന്യജീവി ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ ശബ്ദമുണ്ടാക്കി കുരങ്ങുകളെ തുരത്തുന്ന പി വി സി എയര്‍ ഗണ്‍ എന്ന ഉപകരണം പ്രവര്‍ത്തിപ്പിച്ചതാണ് ബോംബ് സ്പോടനമായി പ്രചരിപ്പിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആറളം ഫാമില്‍ 250 രൂപ മുടക്കിയാല്‍ ആര്‍ക്കും വാങ്ങി ഉപയോഗിക്കാന്‍ സാധിക്കുന്ന നിര്‍ദോഷകരമായ ഒരു സാധനം. വലിയ ശബ്ദം ഉണ്ടാകുമെങ്കിലും ഒന്നും പുറത്തു വരില്ല. പുതിയതായി വാങ്ങിയ ഉപകരണം സജീവന് പരീക്ഷിച്ചതാണ് ബോംബ് സ്ഫോടനമായി ചിത്രീകരിച്ച് ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്നത്. സ്ഥലം സന്ദര്‍ശിച്ച പൊലീസ് കാര്യം മനസിലാക്കി മടങ്ങിയെങ്കിലും എസ്ഡിപിഐ തീവ്രവാദികള്‍ കൊലവിളി തുടരുകയാണ്.
ഈ ഉപകരണം കടകളില്‍ പോലും ഇന്ന് ലഭ്യമാണ്. ഇതിന്റെ പിന്നിലെ ഉദ്ദേശം വളരെ വ്യക്തമാണ്. ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ ക്രിമിനലുകളായി ചിത്രീകരിക്കുക അവര്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നവരായി സമൂഹമദ്ധ്യത്തില്‍ താറടിച്ചുകാണിച്ച് ഒറ്റപ്പെടുത്തി പിന്നീടവരെ ഉന്മൂലനം ചെയ്യുക എന്നതാണ് ഇവരുടെ രീതി. അതിന്റെ ഒരു ട്രയല്‍ ആണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. പരിശീലനം എന്ന നിലയിലാണ് ഇപ്പോള്‍ ഇരിട്ടി ഭാഗത്തും ഇത് നടന്നു കൊണ്ടിരിക്കുന്നത്. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഇരിട്ടി മേഖലയില്‍ ഇവര്‍ നടത്തിയ കൊലവിളിപ്രകടനം. ഇത് അംഗീകരിച്ചുകൊടുക്കാന്‍ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് കഴിയില്ലെന്നും ഇതിനെതിരെ പോലീസും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും സന്ദീപ് വാചസ്പതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: