പാലക്കാട്: ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കെഎസ്ആര്‍ടിസി തുടക്കമിട്ട ആദ്യ ഉല്ലാസയാത്ര വന്‍വിജയം. ‘നാട്ടിന്‍പ്പുറം ബൈ ആനപ്പുറം’ എന്ന പേരിലുള്ള പാലക്കാട് – നെല്ലിയാമ്പതി ഉല്ലാസ യാത്രയുടെ ആദ്യദിനം മൂന്ന് ബസുകളിലായി 104 പേരും 10 ബസുകളിലായി 364 പേരുമാണ് ഉല്ലാസയാത്രയില്‍ പങ്കാളികളായതെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ടി.എ. ഉബൈദ് അറിയിച്ചു.
വരയാടുമല, സീതാര്‍കുണ്ട്, കേശവന്‍പാറ വ്യൂ പോയന്റുകള്‍, ഗവ. ഓറഞ്ചു ഫാം, പോത്തുപാറ ടീ എസ്റ്റേറ്റ്, പോത്തുണ്ടി ഡാം എന്നീ സ്ഥലങ്ങളിലേക്കുള്ള യാത്രയും പ്രഭാത ഭക്ഷണം, ഉച്ചയൂണ്, വൈകിട്ടുള്ള ചായ, ലഘുഭക്ഷണം ഉള്‍പ്പെടുന്ന പാക്കേജില്‍ ഒരാള്‍ക്ക് 600 രൂപയാണ് ഈടാക്കുന്നത്. കെഎസ്ആര്‍ടിസിയുടെ പാലക്കാട് – നെല്ലിയാമ്പതി ഉല്ലാസ യാത്ര വന്‍വിജയമായതോടെ കൂടുതല്‍ ടിക്കറ്റിതര വരുമാന സാധ്യതകളും കെഎസ്ആര്‍ടിസി പരിശോധിക്കും.
തനതായ കുറെ സ്ഥലങ്ങള്‍ ജില്ലയില്‍ തന്നെ ഉള്ളതിനാല്‍ ടൂറിസത്തിനു തന്നെയാണ് പ്രാധാന്യം നല്‍കുന്നതെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു. അട്ടപ്പാടിയിലേക്കും പാലക്കാടന്‍ ചുരത്തിന്റെ പ്രത്യേകതകള്‍ മനസിലാക്കി യാത്ര സംഘടിപ്പിക്കാനും സംസ്ഥാനാന്തര യാത്രയ്ക്ക് അനുമതി ലഭിച്ചാല്‍ പറമ്പിക്കുളം മേഖലയിലേക്കും ഇത്തരത്തില്‍ ടൂര്‍ പാക്കേജുകള്‍ ആരംഭിക്കും. തൃശൂര്‍ ജില്ലയിലെ മലയ്ക്കപ്പാറയിലേക്കും ഉടനെ ഉല്ലാസയാത്ര പുറപ്പെടാനും തീരുമാനമായിട്ടുണ്ട്. സഞ്ചാരികള്‍ നേരിട്ട് പോകുന്നതിനേക്കാള്‍ കുറഞ്ഞ ചെലവിലാണ് കെഎസ്ആര്‍ടിസിയുടെ ഉല്ലാസയാത്ര.
മിതമായ നിരക്കില്‍ ഗുണം കുറയാതെയുള്ള ഭക്ഷണം ഇതിന്റെ പ്രധാന ആകര്‍ഷണമായി വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: