ന്യൂദല്‍ഹി: കേരളത്തില്‍ ഭരണകക്ഷിയായ സിപിഎമ്മും മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസും വോട്ട്ബാങ്ക് ലക്ഷ്യമിട്ട് ഇസ്ലാമിക തീവ്രവാദികളെ പിന്തുണയ്ക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. കേരളത്തില്‍ തീവ്രവാദം ശക്തമാകുന്നത് രാജ്യത്തിന് വലിയ ഭീഷണിയാണെന്നും ദല്‍ഹി പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് നടന്ന സംയുക്തവാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ദേശീയ പ്രസ്ഥാനങ്ങളുടെ രണ്ട് പ്രവര്‍ത്തകരെയാണ് കഴിഞ്ഞ 20 ദിവസത്തിനിടെ ഇസ്ലാമിക തീവ്രവാദികളായ പിഎഫ്ഐ വധിച്ചത്. ചാവക്കാട് ബിജുവിന്റെയും പാലക്കാട് സഞ്ജിത്തിന്റെയും കൊലപാതകം തീവ്രവാദ ശൈലിയില്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. പട്ടാപ്പകല്‍ ഭാര്യയോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോഴാണ് സഞ്ജിത്ത് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. സംഭവം നടന്നത് ദേശീയപാതയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ മാത്രം അകലെയായിട്ടും വാഹനങ്ങള്‍ പരിശോധിക്കാനോ ഗതാഗതം ബ്ലോക്ക് ചെയ്യാനോ പൊലീസ് തയ്യാറായില്ല. സിവില്‍ പൊലീസുകാരന് ദൃക്സാക്ഷിയായ കൊലപാതകമായിരുന്നിട്ടും പൊലീസ് 7 ദിവസം കഴിഞ്ഞാണ് പ്രതികളുടെ വാഹനത്തിന്റെ ഫോട്ടോ പോലും പുറത്തുവിട്ടത്. സിപിഎം പോപ്പുലാര്‍ ഫ്രണ്ട് കൂട്ടുക്കെട്ടാണ് പൊലീസിന്റെ നിഷ്ക്രിയത്വത്തിന് കാരണം. പാലക്കാട് ജില്ലയില്‍ ഉള്‍പ്പെടെ പല തദ്ദേശ സ്ഥാപനങ്ങളിലും ഇവര്‍ ഒരുമിച്ചാണ് ഭരിക്കുന്നത്. സര്‍ക്കാരും പൊലീസും പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദികളെ പിന്തുണയ്ക്കുകയാണ്.
കേരളത്തിലെ കാര്യങ്ങളെല്ലാം ആഭ്യന്തരമന്ത്രി അമിത്ഷായുടെ മുമ്പില്‍ അവതരിപ്പിച്ചു. ബിജെപിക്ക് മാത്രം അല്ല എല്ലാ വിഭാഗം ജനങ്ങള്‍ക്കും കേരളത്തിലെ മതതീവ്രവാദം ആപത്താണ്. പാലാ ബിഷപ്പ് ഹൗസ് അക്രമിക്കാനുള്ള മതതീവ്രവാദികളുടെ നീക്കം ഇതാണ് തെളിയിക്കുന്നത്. അതിനെ പ്രതിരോധിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ മാത്രമാണ് മുന്നിട്ടിറങ്ങിയത്. ഈ അടുത്തകാലത്തായി ആയിരക്കണക്കിന് ഹലാല്‍ ഹോട്ടലുകളാണ് കേരളത്തില്‍ ഉയരുന്നത്. വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള തീവ്രവാദികളുടെ അജണ്ടയാണിത്. ഇത് കേരളത്തെ പതുക്കെ മറ്റൊരു സിറിയയാക്കി മാറ്റും. കരിവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന വന്‍ അഴിമതി സിബിഐയെ ഏല്‍പ്പിക്കണമെന്നും അമിത്ഷായോട് അഭ്യര്‍ത്ഥിച്ചതായി സുരേന്ദ്രന് പറഞ്ഞു.
കേരളത്തില്‍ ഇസ്ലാമിക തീവ്രവാദത്തിനെതിരെ ആരും സംസാരിക്കാന്‍ പാടില്ല എന്നതാണ് സാഹചര്യമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന് പറഞ്ഞു. തീവ്രവാദികള്‍ക്കെതിരെ സംസാരിച്ചാല്‍ എല്ലാവരും കൂട്ടായെത്തി ആക്രമിക്കുന്ന സ്ഥിതിയാണുള്ളത്. സിപിഎം,കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോപ്പുലാര്‍ ഫ്രണ്ടിന്റെ കൊലക്കത്തിക്ക് ഇരയായിട്ടും രാഷ്ട്രീയ താത്പര്യം കൊണ്ടാണ് സര്‍ക്കാര്‍ നടപടിയെടുക്കാത്തത്. സംസ്ഥാനത്ത് നടക്കുന്ന ഇത്തരം വിധ്വംസന പ്രവര്‍ത്തനങ്ങളുടെ ഇരയാവുന്നത് കേരളത്തിലുള്ള ജനങ്ങളാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഈ സാഹചര്യം കാരണം നിക്ഷേപകര്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് പോവുകയാണ്. കേരളത്തിലെ ജനങ്ങളുടെ ആവശ്യമാണ് ബിജെപി സംസ്ഥാന നേതൃത്വം ഉയര്‍ത്തുന്നതെന്ന് ദേശീയ വക്താവ് ടോം വടക്കന്‍ പറഞ്ഞു. തീവ്രവാദികളെ ഒറ്റപ്പെടുത്തണമെന്നാണ് കേരളത്തിലെ മുഴുവന്‍ ജനങ്ങളും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: