കൊല്ലം: ഇറച്ചിക്കോഴി മാലിന്യം ശേഖരിക്കുന്നതിന് കരാര്‍ നല്‍കാനുള്ള തീരുമാനവുമായി കോര്പ്പറേഷന് കൗണ്‍സില്‍ യോഗം. ഇതു സംബന്ധിച്ച് കരാറുകാരന് നല്കിയ കേസില്‍ കോടതിയില്‍ കൗണ്‍സില്‍ യോഗ തീരുമാനമാനമറിയിക്കും.
കൗണ്‍സില്‍ അധികാരമേറ്റതു മുതല്‍ ബിജെപി അംഗങ്ങള്‍ ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം ശരിവയ്ക്കുന്ന രീതിയിലാണ് കോഴിമാലിന്യ ശേഖരണ കരാറുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള ക്വട്ടേഷനുകളെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ടി.ജി. ഗിരീഷ് ആരോപിച്ചു.
കോര്‍പ്പറേഷന്റെ ബോര്‍ഡും വച്ച് കോര്‍പ്പറേഷന്റെ യാതൊരു വിധ അനുമതിയുമില്ലാതെ വന്‍കിട മാഫിയാ സംഘങ്ങള്‍ കോര്‍പറേഷനു ലഭിക്കേണ്ട വരുമാനം കൊള്ളയടിക്കുകയായിരുന്നു. ബിജെപി പ്രതിഷേധത്തെ തുടര്‍ന്നാണ് രാത്രികാല ഹെല്‍ത്ത് സ്ക്വാഡിനെ നിയോഗിച്ചത്. പരിശോധനക്കായി എത്തിയ ഹെല്‍ത്ത് സ്ക്വാഡിനെ അപായപ്പെടുത്താന്‍ വരെ ശ്രമമുണ്ടായി.
കോഴിമാലിന്യ കരാര്‍ നീട്ടിക്കൊണ്ടുപോയി മാഫിയാ സംഘങ്ങള്‍ക്ക് ലക്ഷങ്ങള്‍ കൊള്ളയടിക്കാനുള്ള അവസരമാണ് കോര്പ്പറേഷന് ഭരണ സമിതി നല്‍കിയത്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് കോഴി മാലിന്യ ശേഖരണ കരാറുമായി മുന്നോട്ടു പോകാന്‍ നഗരസഭ നിര്‍ബന്ധിതമായത്.
നിലവില്‍ ലഭിച്ച ക്വട്ടേഷനുകള്‍ പരിശോധിച്ചാല്‍ തന്നെ നാളിതുവരെ കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ കോടിക്കണക്കിന് രൂപയാണ് കോഴി മാലിന്യ ശേഖരണ സംഘങ്ങള്‍ കിട്ടിയത്. നിലവില്‍ 5.26 കോടി രൂപയുടെ ക്വട്ടേഷനും 72 ലക്ഷം രൂപയുടെ ക്വട്ടേഷനുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തുള്ളത്.
ഏറ്റവും കൂടിയ നിരക്ക് കരാര്‍ നല്കിയ ആള് പിന്മാറിയ സാഹചര്യത്തില്‍ ഇയാളുടെ ഇഎംഡി നഗരസഭാ ഫണ്ടിലേക്ക് മുതല്‍കൂട്ടി 72 ലക്ഷം ക്വാട്ട് ചെയ്തയാള്‍ക്ക് കരാര്‍ നല്‍കണമെന്ന് ഗിരിഷ് ആവശ്യപ്പെട്ടു. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഏ.കെ. സവാദ്, ജി.ഉദയകുമാര്‍ എന്നിവരും കരാര്‍ നല്‍കണമെന്ന് വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: