കൊല്ലം: കേടുപാടുകള്‍ തീര്‍ക്കാന്‍ ഇരുമ്പുപാലത്തിന്റെ സമാന്തര പാലത്തില്‍ പണിതുടങ്ങിയതോടെ നഗരത്തില്‍ ഗതാഗത തിരക്ക് തുടങ്ങി. വീതി കുറഞ്ഞ ഇരുമ്പുപാലത്തിലൂടെ വാഹനങ്ങള്‍ ഇരുഭാഗത്തേക്കും കടന്നുപോകുന്നതിന് വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.
ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടത് രാവിലെയും വൈകിട്ടുമാണ്. ഓഫീസുകളിലും സ്കൂളിലും കോളേജിലും പോകുന്ന സമയമാണിത്. പാലത്തിന്റെ ഇരുവശങ്ങളിലും പോലീസുകാരെ ഗതാഗത നിയന്ത്രണത്തിന് നിര്‍ത്തിയിട്ടുണ്ടെങ്കിലും അവരും പാടുപെടുകയാണ്. പലപ്പോഴും വാഹനങ്ങളുടെ നീണ്ടനിര കൊച്ചുകൊടുങ്ങല്ലൂര്‍ ക്ഷേത്രവും കഴിഞ്ഞ് കാണാറുണ്ട്. എങ്കിലും ദീര്‍ഘസമയം ഗതാഗതകുരുക്കില്‍പെട്ട് കിടക്കാറില്ല. പോലീസിന്റെ കൃത്യമായ ഇടപെടലാണ് ഗതാഗത കുരുക്ക് ഒഴിവാക്കുന്നത്.
തിരക്ക് നിയന്ത്രണാതീതമാകുമ്പോള്‍ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ വലിയ വാഹനങ്ങളെ പോലീസ് സമാന്തര പാലത്തിലൂടെ ഒരു ഭാഗത്തേക്ക് കടത്തിവിടുന്നുണ്ട്. ബസുകള്‍, ആംബുലന്‍സുകള്‍ തുടങ്ങിയവയാണ് ഈ സമയങ്ങളില്‍ ഇതുവഴി കടത്തിവിടുന്നത്. ചില വാഹനങ്ങളുടെ അമിതവേഗവും തിടുക്കവും കുരുക്കിന് കാരണമാകുന്നുണ്ട്. സ്വകാര്യ ബസുകള്‍ ഉച്ചത്തില്‍ ഹോണടിച്ച് തിടുക്കം കൂട്ടുന്നത് മറ്റ് വാഹനങ്ങളെയും വലയ്ക്കുന്നു. ഇരുചക്രവാഹനങ്ങളാണ് ഇത്തരം ഹോണടിയില്‍ പെട്ടു പോകുന്നത്. ഇത് ഇരുചക്രവാഹന യാത്രക്കാരുടെ വാഹനത്തിലുള്ള നിയന്ത്രണം നഷ്ടപ്പെടുത്തുന്നു. അമിത വേഗവും ഓവര്ടേക്കുമില്ലാതെ പോയാല്‍ ഗതാഗതകുരുക്കില്‍ പെടാതെ പാലം കടക്കാം.
സമാന്തര പാലത്തിന്റെ അറ്റകുറ്റപ്പണി നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും വലിയ തിരക്കാണ് ഉണ്ടാക്കിയിട്ടുള്ളത്. നഗരത്തില്‍ സുഗമമായ ഗതാഗതത്തിന് പോലീസ് ഏര്‍പ്പെടുത്തിട്ടുള്ള കര്‍ശന നിയന്ത്രണങ്ങള്‍ പാലത്തിന്റെ പണിപൂര്‍ത്തിയാകുന്നതുവരെ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: