അധിനിവേശ കശ്മീരില്‍ നിന്ന് പാകിസ്ഥാന് ഉടന്‍ പിന്മാറണമെന്ന് ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയില്‍ ഭാരതം ആവശ്യപ്പെട്ടിരിക്കുന്നത് അന്താരാഷ്ട്രവേദികളില്‍ ദേശീയ താല്‍പ്പര്യം സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയത്തിന് അനുസൃതമായാണ്. രക്ഷാസമിതിയില്‍ പാകിസ്ഥാന്, കശ്മീര്‍ പ്രശ്നം ഉന്നയിച്ചതിന് മറുപടിയായാണ് ജമ്മു-കശ്മീരിലെ നിയമവിരുദ്ധമായി കയ്യടക്കിവച്ചിരിക്കുന്ന എല്ലാ മേഖലകളില്‍നിന്നും പിന്മാറണമെന്ന് ഭാരതം മുന്നറിയിപ്പ് നല്‍കിയത്. യുഎന്‍ വേദികളെ പാകിസ്ഥാന് വിദ്വേഷ പ്രചാരണത്തിന് ദുരുപയോഗിക്കുകയാണെന്ന് കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു ശക്തവും ഉചിതവുമായ മറുപടി. ഭാരതത്തിന്റെ നിലപാട് അസന്ദിഗ്ധമായി പ്രഖ്യാപിക്കാന്‍ ആഗ്രഹിക്കുകയാണെന്നു പറഞ്ഞ യുഎന്നിലെ നമ്മുടെ സ്ഥിരം പ്രതിനിധി കശ്മീരിയായ ഡോ. കാജല്‍ ഭട്ട് പാകിസ്ഥാനെതിരെ ഒരു കടന്നാക്രമണം തന്നെയാണ് നടത്തിയത്. ജമ്മുകശ്മീര്‍ മുഴുവനും ലഡാക്കും ഭാരതത്തിന്റെ ഭാഗമായിരുന്നു, ഇപ്പോഴുമാണ്, ആയിരിക്കുകയും ചെയ്യും. പാകിസ്ഥാന് നിയമവിരുദ്ധമായി കയ്യടക്കിവച്ചിരിക്കുന്ന പ്രദേശവും ഇതിലുള്‍പ്പെടുന്നു. ഈ പ്രദേശങ്ങളില്‍ നിന്ന് പാകിസ്ഥാന് ഉടന്‍ ഒഴിഞ്ഞു പോകണം. പാകിസ്ഥാന്റെ പ്രതിനിധി ഉന്നയിച്ച ബാലിശമായ ചില വാദഗതികള്‍ക്ക് മറുപടി പറയാന്‍ താന്‍ നിര്‍ബന്ധിതയായിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് കാജല്‍ ഭട്ട് ആ രാജ്യത്തിന്റെ നയതന്ത്രപരമായ മര്യാദയില്ലായ്മക്കെതിരെ ഇങ്ങനെ തുറന്നടിച്ചത്.
ഇത് ആദ്യമായല്ല പാകിസ്ഥാന് യുഎന്‍ വേദികള്‍ ദുരുപയോഗിച്ച് ഭാരതത്തിനെതിരെ കുപ്രചാരണം നടത്തുന്നത്. മുന്‍കാലത്ത് പലപ്പോഴും ചെയ്യാറുള്ളതുപോലെ ഇതിന് മറുപടി പറയുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല ഇപ്പോള്‍ ഭാരതത്തിന്റെ പ്രതികരണം. സ്വന്തം ചെയ്തികളുടെ പേരില്‍ ആ രാജ്യത്തെ പ്രതിക്കൂട്ടില്‍ കയറ്റി വിചാരണ ചെയ്യുകയാണ്. അതിനാല്‍ പഴയതുപോലെ മേനി നടിക്കാന്‍ പാകിസ്ഥാന് കഴിയുന്നില്ല. പാകിസ്ഥാനുള്‍പ്പെടെ എല്ലാ അയല്‍രാജ്യങ്ങളോടും ഭാരതം സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നത്. പ്രശ്നങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ രമ്യമായി പരിഹരിക്കാനും ആഗ്രഹിക്കുന്നു. എന്നാല്‍ അര്‍ത്ഥപൂര്‍ണമായ ചര്‍ച്ചകള്‍ക്ക് സഹായിക്കുന്ന നിലപാടുകളല്ല പാകിസ്ഥാന് സ്വീകരിക്കാറുള്ളത്. ഭീകരപ്രവര്‍ത്തനത്തിലൂടെ വിദ്വേഷത്തിന്റെ അന്തരീക്ഷം നിലനിര്‍ത്താനാണ് പാകിസ്ഥാന് താല്‍പ്പര്യം. ചരിത്രപരമായിത്തന്നെ ഭീകരപ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്ന നയമാണ് പാകിസ്ഥാന്റേത്. കശ്മീരിലുള്‍പ്പെടെ ഇതിനോട് ശക്തമായി പ്രതികരിക്കാന്‍ ഭാരതം നിര്‍ബന്ധിതമാവുകയും ചെയ്യുന്നു. സമീപകാലത്ത് നമ്മുടെ സൈന്യം പാകിസ്ഥാന്റെ മണ്ണില്‍ കയറി ഒന്നിലധികം തവണ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ ഇതിന് തെളിവാണ്. സൈനികമായി ഭാരതത്തെ നേരിടാനാവില്ലെന്ന തിരിച്ചറിവ് പാകിസ്ഥാനുണ്ട്. ഇതിനു പകരമാണ് ഭീകരരെ ഉപയോഗിച്ച് കശ്മീരിലും മറ്റും അക്രമങ്ങള്‍ നടത്തുന്നത്. കാപട്യം മുഖമുദ്രയാക്കി അന്താരാഷ്ട്രവേദികളില്‍ കുപ്രചാരണവും നടത്തുന്നു. ഇതിനും ഭാരതം ശക്തമായ തിരിച്ചടികള്‍ നല്കിക്കൊണ്ടിരിക്കുകയാണ്.
പാക്കധീന കശ്മീര്‍ ഭാരതത്തിന്റേതാണെന്ന് 1994 ല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഏകകണ്ഠമായി പാസ്സാക്കിയ പ്രമേയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ പ്രദേശം വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടില്ല. ഇവിടെയാണ് പാക്കധീന കശ്മീരില്‍നിന്ന് പാകിസ്ഥാന് ഒഴിഞ്ഞുപോകണമെന്ന നിലപാട് പ്രസക്തമാകുന്നത്. കോണ്‍ഗ്രസ്സ് ഭരണത്തിന്റെ ബാക്കിപത്രമാണ് കശ്മീര്‍ പ്രശ്നം. സ്വാതന്ത്ര്യ സമ്പാദന കാലത്ത്, കശ്മീര്‍ നാട്ടുരാജ്യം ഭാരതത്തില്‍ നിരുപാധികമായി ലയിക്കാനുള്ള അവസരം അട്ടിമറിച്ചത് പ്രഥമ പ്രധാനമന്ത്രി നെഹ്റുവാണ്. വിഘടനവാദം വളര്‍ത്തുന്ന വകുപ്പ് 370 ഭരണഘടനയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു ഇത്. നരേന്ദ്ര മോദി സര്‍ക്കാര്‍ ഈ വ്യവസ്ഥ നീക്കം ചെയ്തത് പാകിസ്ഥാനുള്ള മുന്നറിയിപ്പുകൂടിയായിരുന്നു. ശക്തമായ ഈ നയത്തിന്റെ തുടര്‍ച്ചയാണ് പാക്കധീന കശ്മീരില്‍നിന്ന് പാകിസ്ഥാന് ഒഴിഞ്ഞുപോകണമെന്ന നിലപാട് യുഎന്‍ വേദിയില്‍ പ്രഖ്യാപിച്ചത്. നിര്‍ദേശം ലഭിച്ചാല്‍ പാക്കധീന കശ്മീര്‍ തിരിച്ചുപിടിക്കാനുള്ള ഉചിതമായ നടപടികള്‍ സൈന്യം സ്വീകരിക്കുമെന്ന് കരസേന മേധാവിയുടെ പദവി ഏറ്റെടുത്ത ശേഷം ആദ്യം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നരവണെ പ്രഖ്യാപിച്ചതും ഇതിനോട് ചേര്‍ത്തു വായിക്കണം. ഭാരതത്തിനെതിരായ ഭീകരപ്രവര്‍ത്തനത്തിന് അന്ത്യം കുറിക്കുന്നതിന് പാക്കധീന കശ്മീര്‍ തിരിച്ചുപിടിച്ചേ തീരൂ. ഈ നടപടി അനന്തമായി നീണ്ടുപോകുന്നത് ഭാരതത്തിന്റെ ഉത്തമതാല്പര്യങ്ങള് സംരക്ഷിക്കുന്നതിന് സഹായിക്കില്ല. ഇന്ന് ഭാരതം ഭരിക്കുന്നവര്‍ക്ക് ഇക്കാര്യത്തില്‍ ഉറച്ച ബോധ്യവും ഇച്ഛാശക്തിയുമുണ്ടെന്നാണ് യുഎന്‍ രക്ഷാസമിതിയിലെ പാകിസ്ഥാനുള്ള മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: