ഭാര്യയോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ഒരു യുവാവിനെ അരുംകൊല ചെയ്ത സംഭവം കേരളത്തില്‍ തന്നെയൊ എന്ന മലയാളത്തിലെ ഒരു മുഖ്യധാര മാധ്യമത്തിന്റെ മുഖപ്രസംഗത്തിലെ ചോദ്യം സാക്ഷര കേരളം എന്ന് അഭിമാനിക്കുന്ന മലയാളിയുടെ മനസ്സാക്ഷിയോടുള്ള ചോദ്യമാണ്. പട്ടാപ്പകല്‍ നടുറോഡില്‍ ഭര്‍ത്താവിനെ ക്രൂരമായി വെട്ടിക്കൊല്ലുമ്പോള്‍ ഹൃദയം പൊട്ടി വാവിട്ട് നിലവിളിച്ച യുവതിയുടെ മുടിയില്‍ പിടിച്ച് റോഡിന് സമീപമുള്ള ചാലില്‍ തള്ളിയശേഷം മാരകായുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ഭര്‍ത്താവിനെ കൊല്ലുന്നത് കാണാന്‍ ആജ്ഞാപി
ക്കുക. പാലക്കാട് മമ്പറത്തെ സഞ്ജിത്തിനെ കൊലപ്പെടുത്തിയ രീതി ഇത്രത്തോളം ഭീകരമായിരുന്നിട്ടും, കേരളത്തിലെ പ്രമുഖ സാംസ്കാരിക നായകന്മാര് ഒരക്ഷരം ഉരിയാടാതെ മൗനികളാകുന്നത് എന്തുകൊണ്ടാണ്? വാരിയംകുന്നന്റെ മഹത്വം വിളമ്പാന്‍ നടന്ന കേരള സ്പീക്കറും സ്വന്തം തട്ടകത്തില്‍ നടന്ന ഈ പൈശാചികതയെ കണ്ടില്ലെന്ന് നടിക്കുകയാണ്.
സഭയ്ക്ക് പുറത്ത് നടക്കുന്ന കാര്യങ്ങളിലും അഭിപ്രായം പറയുമെന്ന് പ്രഖ്യാപിച്ച, ഉത്തരേന്ത്യയില്‍ നടക്കുന്ന ഏതൊരു സംഭവത്തിലും ആര്‍എസ്എസ്സിനേയും സംഘ പരിവാറിനേയും നിര്‍ബാധം അധിക്ഷേപിച്ച് പ്രസ്താവനയും എഫ്ബി പോസ്റ്റും ഇടുന്ന സ്പീക്കര്‍ ഈ കൊടുംക്രൂരതയ്ക്കെതിരെ ഒരക്ഷരം ഉരിയാടിയിട്ടില്ല. ഈ കൊലപാതകത്തിന് പിന്നിലെ മതഭീകരതയെ മനസ്സിലാക്കിയിട്ടും മിണ്ടാട്ടം മുട്ടുന്നത് ജിഹാദി വോട്ടിന്റെ ബലത്തില്‍ സ്പീക്കര്‍ പദവി തരപ്പെട്ടതിന്റെ പ്രത്യുപകാരമൊ അതോ ഭീരുത്വമോ ? കേരളത്തിലെ സാംസ്കാരിക നായകരുടെ നാണംകെട്ട നിലപാടാണ് ഏറെ വിചിത്രം. കേരളം പ്രബുദ്ധമെന്നും ഇടതുപക്ഷ ഭരണം സാംസ്കാരിക സമ്പന്നമെന്നുമാണ് ഇവരുടെ പ്രകീര്‍ത്തനം. ഉത്തരേന്ത്യയെ നോക്കി പരിഹസിക്കുന്ന ഇവര്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ കരാര്‍ തൊഴിലാളികളായി അധ:പതിച്ചിരിക്കുകയാണോ?. ഇതെല്ലാം അവാര്‍ഡ് മോഹികളുടെ സ്വാഭാവിക തൊഴിലായതു കൊണ്ടാണല്ലൊ ലോകനേതാക്കളെ കോട്ടും സൂട്ടും ഇട്ട് അണിയിച്ചൊരുക്കുകയും ഇന്ത്യയെ വികൃതമാക്കി ചിത്രീകരിക്കുകയും ചെയ്ത കാര്‍ട്ടൂണിസ്റ്റിന് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ പിന്തുണ കൊടുത്ത് അണിനിരന്നത്. മതഭീകരതയ്ക്ക് എന്തിനിവര്‍ താരാട്ട് പാടുന്നു എന്നത് ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്. സ്പര്‍ദ്ധയുണ്ടാക്കി മാരകായുധങ്ങളുമായി സമൂഹത്തില്‍ കലാപം ഉണ്ടാക്കുന്ന മതഭീകര സംഘടനകളായ എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട് തുടങ്ങിയ സംഘടനകളുടെ കയ്യിലെ പാവകളായി ഇവര്‍ മാറുന്നതും ഭരണകൂടത്തിന്റെ കരാര്‍ തൊഴിലിന്റെ ഭാഗമാണൊ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ നിസ്സഹായയായി, നടുറോഡില്‍ നെഞ്ച് പിടഞ്ഞ് കിടന്ന ഒരു ഭാര്യയുടെ, ഒരമ്മയുടെ തേങ്ങല്‍ കേള്‍ക്കാന്‍ എന്തുകൊണ്ടവര്‍ക്ക് കഴിയുന്നില്ല. കണ്ടിട്ടും കേട്ടിട്ടും മിണ്ടാട്ടമില്ലാതെ അന്ധത നടിക്കുന്നവരാണ് കേരളത്തിലെ പ്രമുഖരായ പല സാംസ്കാരിക നായകരും. അത് അവര്‍ പണ്ടേ തെളിയിച്ചിട്ടുമുണ്ട്.
മതഭീകരതയുടെ ഒടുങ്ങാത്ത പകയുമായി ജോസഫ് മാഷിന്റെ കൈ വെട്ടിമാറ്റിയപ്പോഴും വാട്സ് ആപ്പ് ഹര്‍ത്താല്‍ നടത്തി അക്രമം കാട്ടിയപ്പോഴും ഹൈക്കോടതിയുടെ മുന്നില്‍ അഭ്യാസം കാട്ടിയപ്പോഴും ഇവര്‍ ഒന്നും കണ്ടില്ല, മിണ്ടിയില്ല. അഫ്ഗാനിലെ താലിബാന് ഭീകരതയെ ജന്മനാടിന്റെ ജനാധിപത്യമെന്നും സ്വാതന്ത്ര്യമെന്നും പുകഴ്ത്തിയവരെ ആശ്ലേഷിക്കാന്‍ ഇവരാരും മറന്നതുമില്ല. അധമന്മാരായി മാറിയ ഇത്തരക്കാരോടുള്ള കാലഘട്ടത്തിന്റെ ചോദ്യം നിങ്ങള്‍ ആര്‍ക്ക് വേണ്ടിയാണ് കുഴലൂതുന്നത്? ആര്‍ക്ക് വേണ്ടിയാണ് നിസ്സംഗരാകുന്നത് എന്നതാണ്. പാലക്കാട് മമ്പറത്ത് ചങ്ക് തകര്‍ന്ന് കിടക്കുന്ന ഒരു പാവം സ്ത്രീയോട് ഒരാശ്വാസ വാക്ക് പോലും പറയാന്‍ കഴിയാത്ത വണ്ണം കാപട്യത്തിന്റെ മുഖമായി മാറിയ സാംസ്കാരിക നായകന്മാരേ നിങ്ങളേയോര്‍ത്ത് മലയാള മനസ്സ് ലജ്ജിക്കുന്നു.
രാജ്യത്തെ കാര്‍ന്നു തിന്നുന്ന മാരക രോഗമാണ് മതഭീകരത. ഭാരതീയ സംസ്കാരത്തിന്റെ അന്തസ്സത്തയായ സഹിഷ്ണുത, സര്‍വ്വധര്‍മ്മ സമഭാവന എന്നീ മഹനീയ ദര്‍ശനങ്ങളെ ചൂഷണം ചെയ്ത് വ്യാജ മതേതരവാദികളുടെ വാലായി നിന്നാണ് ഇവര്‍ ഗൂഢലക്ഷ്യം നേടുന്നത്. ഭാരത വിഭജനത്തില്‍ കൊണ്ടുചെന്നെത്തിച്ച ഇസ്ലാമിക ഭീകരതയുടെ വക്താക്കളാണ് ലോകത്തേയും പ്രത്യേകിച്ച് ഭാരതത്തേയും തകര്‍ക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. ഈ ഹീനകൃത്യത്തിന്റെ സിരാകേന്ദ്രം പാകിസ്ഥാനാണെന്ന് അറിഞ്ഞിട്ടും ആ നാടിന് വേണ്ടി ജയ് വിളി ഉയര്‍ന്നിട്ടും അതിനെതിരെ പ്രതികരിക്കാതെ മൗനികളാകുന്നവര് രാജ്യദ്രോഹത്തിന് കുടപി
ടിക്കുന്നവരാണ്. ഇവര്‍ക്കെതിരെ ശബ്ദിക്കുന്ന രാജ്യസ്നേഹികളെ ഇല്ലാതാക്കാനുള്ള ഹീന ശ്രമമാണ് കേരളത്തില്‍ സമീപകാലത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന കൊലപാതകങ്ങള്‍.
ഉരുക്ക് മുഷ്ടികൊണ്ട് അടിച്ചമര്‍ത്തപ്പെടേണ്ടതാണ് മതഭീകരത. നീചമായ മനുഷ്യഹത്യക്ക് പരിശീലനം കൊടുക്കുന്നതറിഞ്ഞിട്ടും നിസ്സംഗതയോടെ ഒത്താശ നല്കുന്ന കേരളത്തിലെ ഭരണാധികാരികള്‍ മതേതരത്വത്തിന്റെ മറവിലാണ് ഈ മതഭീകരതയെ സംരക്ഷിക്കുന്നത്. ജനാധിപത്യം, മതേതരത്വം, സാമൂഹ്യ നീതി എന്നിവ മുദ്രാവാക്യങ്ങള്‍ മാത്രമായി. മനുഷ്യത്വവും മര്യാദയുമാണ് നാടിനാവശ്യം. ഇതില്ലാതാകുമ്പോള്‍ ഉണ്ടാകുന്ന നിലവിളികളില്‍ ആനന്ദം പൂകി ഉല്ലസിക്കുന്നവര് സാഡിസ്റ്റുകളാണ്. അധമത്വം അഴിഞ്ഞാടുമ്പോള്‍ അധമന്മാര് ഭരണാധികരികളാകും’ ഇതാണ് കേരളത്തിന്റെ സ്ഥിതി. കേരളമേ ലജ്ജിക്കുക എന്നത് മാത്രമാണ് മറുമൊഴി.
(ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: