ന്യൂദല്‍ഹി: ചാനലുകളിലെ ചര്‍ച്ചകളാണ് ഏറ്റവും വലിയ അന്തരീക്ഷമലിനീകരണമെന്ന് സുപ്രീംകോടതി. ഇത്തരം ചര്‍ച്ചകള്‍, പ്രത്യേകിച്ച് നിയമപരവും കോടതികളുമായി ബന്ധപ്പെട്ട കാര്യങ്ങളിലുള്ളവയാണ് വലിയ മലിനീകരണം ഉണ്ടാക്കുന്നത്. ദല്‍ഹിയിലെ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.
‘കോടതിയുടെ ചെറിയ ചില നിരീക്ഷണങ്ങള്‍ പോലും വിവാദമാക്കി മാറ്റുകയാണ്. ചില പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കണം. അതിന് നിങ്ങള്‍ ഞങ്ങളെ നിരീക്ഷിക്കും, എന്നിട്ട് ചില പരാമര്‍ശങ്ങള്‍ എടുത്ത് ചര്‍ച്ച ചെയ്ത് വിവാദമാക്കും. ഇത്തരം ടിവി ചര്‍ച്ചകളാണ് മറ്റെന്തിനേക്കാളും മലീനീകരണമുണ്ടാക്കുന്നത്.’ ദല്‍ഹിയിലെ വായുമലിനീകരണം സംബന്ധിച്ച തന്റെ വാക്കുകളും മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു.
അന്തരീക്ഷ മലിനീകരണം തടയാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തണമെന്ന സുപ്രീം കോടതി നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ തള്ളി. കേന്ദ്ര ജീവനക്കാര്‍ക്ക് ഇത് അനുവദിക്കാനാവില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. ഇത് രാജ്യത്തെ മൊത്തം ബാധിക്കും. അതിനുപകരം കാര്‍ പൂളിങ് നടപ്പാക്കിയതായും കേന്ദ്രം പറഞ്ഞു.
തലസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടയ്ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ട്രക്കുകള്‍ ഒഴികെയുള്ളവയ്ക്ക് ഈ മാസം 21 വരെ ദല്‍ഹിയില്‍ വിലക്കുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഹര്‍ജി ഇനി ബുധനാഴ്ച പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: