മണ്ഡലക്കാലത്ത് ശബരിമല സന്നിധാനത്തേയ്ക്കുള്ള കാനനവഴികളിലും ക്ഷേത്രമുറ്റങ്ങളിലും എപ്പോഴും മുഴങ്ങിക്കേള്‍ക്കുന്ന ശബ്ദം ”സ്വാമിയേ ശരണമയ്യപ്പാ” എന്നാണല്ലോ. ശരണം വിളിയുടെ ആ ശബ്ദധാര ജീവിത നാടകത്തിന്റെ പ്രധാനവേദിയില്‍ നടക്കുന്ന വലിയൊരു കച്ചേരിയുടെ ആധാരശ്രുതി പോലെ മുഴങ്ങി ക്കൊണ്ടേയിരിക്കുന്നു. ശബരിമലയ്ക്ക് പോവുന്ന തീര്‍ത്ഥാടകര്‍ എല്ലാവരും അയ്യപ്പാ, അല്ലെങ്കില്‍ സ്വാമി യെന്നാണ് പരസ്പരം വിളിക്കുന്നത്. അവിടെ പോലീസ് അയ്യപ്പനുണ്ട്, ചായ വില്‍ക്കുന്ന അയ്യപ്പനുണ്ട്, പൂജാരിയായ അയ്യപ്പനുണ്ടു്. ചെറിയ കടകള്‍ നടത്തുന്ന അയ്യപ്പനുണ്ട്. ധനികനായ അയ്യപ്പനും ദരിദ്രനായ അയ്യപ്പനുമുണ്ട്. അവരെല്ലാം ധന്യരായ അയ്യപ്പന്മാരത്രേ. കാരണം ശബരിമലയിലെ ശ്രീകോവിലില്‍ അവരെല്ലാം നിമിഷ നേരത്തേക്കാണെങ്കിലും ദര്‍ശിക്കുന്ന ഭഗവാനും അയ്യപ്പന് തന്നെയാണല്ലോ.
എല്ലാവരും ലളിതമായ കറുപ്പോ നീലയോ മുണ്ടുടുത്ത് സാക്ഷാല്‍ സ്വാമി അയ്യപ്പന്റെ നാമത്തിന് അധികാരിയാവാന്‍ ശ്രമിക്കുകയാണവിടെ. സ്വാമിയെന്ന നാമമാണല്ലോ അവര്‍ സ്വയം എടുത്തത്. ഈയൊരു സ്ഥലത്തു മാത്രമേ ഭഗവാനും ഭക്തനും ഒരേ നാമത്താല്‍ അറിയപ്പെടുന്നുള്ളു. നാല്പ്പത്തിയൊന്നുദിവസമുള്ള മണ്ഡലകാലത്ത് ഓരോ ഭക്തനും സാക്ഷാല്‍ അയ്യപ്പന്റെ സാരൂപ്യ മാര്ജ്ജിക്കാന് ശ്രമിക്കുകയാണ്. സന്നിധാനത്തില്‍ അവന് ഭഗവല്‍ സാമീപ്യം അനുഭവിക്കാനാകുന്നു. അയ്യപ്പസ്വാ മിയുടെ സാമീപ്യവും സാരൂപ്യവും കിട്ടിയ ഭക്തന് സായൂജ്യമാവുന്നത് ഭഗവാന്റെ ദര്‍ശനം ലഭിക്കുമ്പോഴാണ്. താനും സ്വാമിയും ഒന്നാണെന്ന നിറവുണ്ടാകുമ്പോഴാണ്. അതാണ് ‘തത്ത്വമസി’ ദര്‍ശനം.
ഭഗവാന്റെ നാമം സ്വീകരിക്കുന്നത് വലിയൊരു ചുമതലയും പ്രതിബദ്ധതയുമാണ്. മണ്ഡലക്കാലത്ത് പ്രത്യേ കിച്ചും. ഈ സമയം സാധനകളുടെയും ആത്മപരിശോധനകളുടെയും കാലമാണ്. മണ്ഡലക്കാലത്ത് വ്രതമെടു ക്കാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ സാധകന് വളരെ ശ്രദ്ധയോടെ തന്റെ സ്വഭാവത്തെയും പ്രവര്‍ത്തനരീതിയെയും നിയന്ത്രിക്കുന്നു. അവന്റെ വേഷം ഒരു സാധു സന്യാസിയുടേത് പോലെ ലളിതവും ശുദ്ധവും ആയിരി ക്കും. ഭിക്ഷാംദേഹിയെന്ന പോലെ വളരെ കുറച്ച് ഭൗതിക സുഖങ്ങള്‍ മാത്രം സ്വീകരിച്ച് സ്വാമി അയ്യപ്പന്റെ ഭാവഹാവാദികളില്‍ അഭിരമിക്കാനാണവന് നോക്കുന്നത്. ഇത് ഒരു സാരൂപ്യസാധനയത്രേ. ദിവ്യതയിലേക്ക് ഒരു പടിയെങ്കിലും മുന്നേറാന്‍ ഈ സാധന കൊണ്ട് അവന് സാധിക്കുന്നു.
ഓരോ വര്‍ഷവും മണ്ഡലമടുക്കുമ്പോള്‍ ഒരു അയ്യപ്പഭക്തന്റെ മനസ്സ്, താന്‍ അനുഷ്ഠിക്കാന്‍ പോവുന്ന വ്രതത്തെപ്പറ്റിയുള്ള സദ്ചിന്തയില്‍ ആമഗ്നമാവുന്നു. അതിനവനെ തയ്യാറാക്കുന്നത് സ്വാമി തന്നെയാണ്. ഒരു സാധാരണക്കാരന്റെ പെരുമാറ്റവും സ്വഭാവവും എന്നതില്‍നിന്ന് ഉന്നതവും അഭികാമ്യവുമായ ഒരു സവിശേഷരീതിയില്‍ സ്വയം മാറി സനാതനധര്‍മ്മത്തിന്റെ മാര്‍ഗ്ഗത്തിലൂടെ, ഭാരതത്തിന്റെ തത്വചിന്തയുടെ കാതലായ ആത്മീയതയെ അടുത്തറിയാന്‍ മണ്ഡലകാലം അവനെ സജ്ജമാക്കുന്നു.
‘അകത്തിരുന്നാരോ ശരണം വിളിക്കുന്നു
അയ്യപ്പ സ്വാമിയോ ഞാനോ?
പുറത്തിരുന്നന്‍പോടെ കാലമാം മാന്ത്രികന്
മണ്ഡലങ്ങളിരണിയിക്കുന്നു.
വൃശ്ചികപ്പുറമേറി വ്രതം നോല്ക്കുന്നു
മുറതെറ്റാതെ ശരണം വിളിക്കുന്നു.’
ഇതാണവന്റെ മനോഭാവം. ഇതൊക്കെയാണെങ്കിലും മനസ്സിനെ ”തത്ത്വമസി- അത് നീയാകുന്നു” എന്ന മഹാവാക്യത്തില്‍ ഉറപ്പിച്ചു നിര്‍ത്തുക എളുപ്പമല്ല. അത്ര ഉദാത്തമാണ് ആ ലക്ഷ്യം. നമുക്കവിടെ എത്താനാവുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: