കൊല്ലം: പരവൂര്‍ ടൗണ്‍ ലോക്കല്‍കമ്മിറ്റി സെക്രട്ടറി സ്ഥാനവും പള്ളികമ്മിറ്റിക്ക് അടിയറ വച്ച് സിപിഎം. മുന്‍സിപ്പല്‍ വൈസ് ചെയര്മാന് സ്ഥാനവും പരവൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനവും മുസ്ലിങ്ങള്‍ക്ക് നല്‍കിയതിന് പിന്നാലെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സ്ഥാനവും അടിയറവച്ച് പ്രീണനരാഷ്ട്രീയം പാരമ്യത്തിലെത്തിച്ചതായി മുതിര്‍ന്ന സിപിഎം നേതാക്കള്‍ ആരോപിച്ചു.
പത്ത് വര്‍ഷത്തിനിടയില്‍ പാര്‍ട്ടിയില്‍ എത്തിയ ആളിനെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാക്കിയതില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ലോക്കല്‍ സമ്മേളനത്തില്‍ നേതാക്കളെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളുമായാണ് പ്രതിനിധികള്‍ നേരിട്ടത്. ഒരു ദിവസം മുഴുവന്‍ ചര്‍ച്ച ചെയ്തിട്ടും മറുപടി പറയാന്‍ കൂട്ടാക്കാതെയാണ് നേതാക്കള്‍ ലോക്കല്‍ കമ്മിറ്റി തെരഞ്ഞെടുപ്പിലേക്ക് കടന്നത്. സംസ്ഥാന നേതാവായ മെഴ്സികുട്ടിയമ്മ സമ്മേളനത്തിലുടനീളം പങ്കെടുത്തുകൊണ്ടാണ് സമ്മേളനം നിയന്ത്രിച്ചത്.
സിപിഎമ്മിനെ മതവത്ക്കരിക്കുന്നതിനെ സംഘടനാചര്‍ച്ചയില്‍ അംഗങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചു. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളായ തെക്കുംഭാഗം, ചില്ലയ്ക്കല്‍ മേഖകളില്‍ സിപിഎം ബ്രാഞ്ചുകളുടെ എണ്ണം കൂട്ടി. പാര്‍ട്ടിയുമായി യാതൊരു ബന്ധവും ഇല്ലാത്തവരെ പ്രതിനിധികളാക്കി പാര്‍ട്ടിയെ മതവത്കരിച്ചെന്ന് മുതിര്‍ന്ന സിപിഎം നേതാക്കള്‍ ആരോപിച്ചു.
രണ്ട് തവണ കൗണ്‍സിലറായ സിപിഎം ഏരിയ കമ്മിറ്റി അംഗത്തെയും മുന്‍ എല്‍സി സെക്രട്ടറി കൂടിയായ സിപിഎം നേതാവിനെയും തഴഞ്ഞുകൊണ്ട് മുസ്ലിം സമുദായത്തിന് അമിത പ്രാധാന്യം കൊടുത്തത് വന്‍ചര്‍ച്ചയ്ക്ക് ഇടയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: