ന്യൂദല്‍ഹി: കൊവിഡ് രണ്ടാംതരംഗത്തിന് ശേഷം ഇന്ത്യ ശക്തമായ സാമ്പത്തിക വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയാണെന്ന് കേന്ദ്രധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്. ഈ വളര്‍ച്ച നിലനിര്‍ത്താനും സമ്പദ്വ്യവസ്ഥയുടെ ഇരട്ട അക്ക വളര്‍ച്ച ഉറപ്പാക്കലുമാണ് ഇപ്പോള്‍ വെല്ലുവിളിയെന്നും അവര്‍ പറഞ്ഞു. ധനമന്ത്രിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ചേര്‍ന്ന സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ധനമന്ത്രിമാരുടെയും യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന നികുതി വിഭജനത്തിന്റെ സാധാരണ പ്രതിമാസ ഗഡു വായ 47,541 കോടി രൂപയ്ക്ക് പകരം 47,541 കോടി രൂപ കൂടി അധികം അനുവദിക്കാന്‍ ധനകാര്യ സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മൊത്തം 95,082 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് നല്കു മെന്നും അവര്‍ അറിയിച്ചു.
നിര്‍മ്മാണം, വികസനം, നിക്ഷേപം തുടങ്ങിയ പല വിഷയങ്ങളിലും സംസ്ഥാനങ്ങളാണ് മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്നത്. കേന്ദ്രത്തിന്റെ പിന്തുണ എപ്പോഴും ഉണ്ടായിരിക്കുമെന്നതിനാല്, വളര്‍ച്ചയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സംസ്ഥാനങ്ങളുടെ ആശയങ്ങള്‍ തേടുന്നതിനാണ് യോഗം ചേര്‍ന്നത്. സംസ്ഥാനങ്ങളുടെ ഭാഗത്തുനിന്ന് വളരെ പ്രധാനപ്പെട്ട ആശയങ്ങളും പൊതുവായ അഭ്യര്‍ത്ഥനകളും യോഗത്തില്‍ ഉയര്‍ന്നുവന്നതായും അവര്‍ പറഞ്ഞു.
15 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, മൂന്ന് സംസ്ഥാനങ്ങളിലെ ഉപമുഖ്യമന്ത്രിമാര്‍, മറ്റ് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. രണ്ട് കൊവിഡ് തരംഗങ്ങള്‍ക്ക് ശേഷമുള്ള ശക്തമായ സാമ്പത്തിക വീണ്ടെടുപ്പിന്റെയും മൂലധനച്ചെലവ് വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രേരണയുടെയും പശ്ചാത്തലത്തിലായിരുന്നു യോഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: