പാനൂര്‍: പറപ്പാറ വെള്ളച്ചാട്ടം വാഴമലയിലേക്കുള്ള വിനോദ സഞ്ചാരികള്‍ക്ക് ഇടത്താവളമായി മാറുന്നു. ചെറുപ്പറമ്പില്‍ നിന്നും വിനോദ സഞ്ചാര കേന്ദ്രമായ നരിക്കോട് മല, വാഴമലയിലേക്കുള്ള യാത്രയില്‍ എലിക്കുന്ന് പ്രദേശത്താണ് പറപ്പാറ വെള്ളച്ചാട്ടം. ചെറുപ്പറമ്പില്‍ നിന്നും രണ്ടു കിലോമീറ്റര്‍ ദൂരത്തുള്ള വെള്ളച്ചാട്ടം കാണാന്‍ നിരവധി ആളുകളാണ് അവധി ദിനങ്ങളിലും മറ്റും എത്തുന്നത്. കല്ല്യാണവീഡിയോകളും ആല്‍ബങ്ങളും ചിത്രീകരണത്തിന് വേണ്ടിയും നിരവധി പേര് പറപ്പാറയിലെത്തുന്നു. വെള്ളച്ചാട്ടത്തിനടുത്തായി ഏറുമാടവും പ്രദേശവാസികളൊരുക്കിയിട്ടുണ്ട്.
സേവന തത്പരനായ ഒരു യുവ വ്യവസായി സ്വന്തം ചിലവില്‍ നാട്ടുകാരുടെ സഹകരണത്തോടെ വെള്ളച്ചാട്ടത്തിനു താഴെ അമ്പതുമീറ്റര്‍ മാറി തടയണയും സൗകര്യപ്രദമായ കുളിക്കടവുമൊരുക്കിയിട്ടുണ്ട്. കുളിക്കാനും അലക്കാനും നീന്തല്‍ പഠിക്കാനും കാര്‍ഷികാവശ്യത്തിനുള്ള ജലസേചനത്തിനും പ്രദേശത്തുകാരുടെ പ്രധാന ആശ്രയമാണ് പാത്തിക്കല്‍ മലമുകളില്‍ നിന്നും ഉത്ഭവിച്ച് കൊളവല്ലൂര്‍ പുഴ വഴി പെരിങ്ങത്തൂര്‍ പുഴയിലെത്തുന്ന ഈ നീരൊഴുക്ക്.
സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും, പുരുഷന്മാര്ക്കും കുളിക്കടവില്‍ പ്രത്യേക സമയം ക്രമീകരിച്ചിട്ടുണ്ട്. മഴക്കാലത്തും വേനല്‍കാലത്തും ഒരുപോലെ നീരൊഴുക്കുണ്ടായിരുന്ന വെള്ളച്ചാട്ടം ഇന്ന് വേനലാകുന്നതോടെ ശുഷ്കിച്ചു പോകുകയാണെന്ന് പരിസരവാസികള്‍ പറയുന്നു. കുന്നോത്തുപറമ്പ് തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന ഈ പുഴയുടെ പാര്‍ശ്വഭിത്തികള്‍ ബലപ്പെടുത്തിയും വെള്ളച്ചാട്ടം കാണാനെത്തുന്നവര്‍ക്ക് സൗകര്യപ്രദമായ വഴിയും ഇരിപ്പിടങ്ങളുമൊരുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: