ന്യൂദല്‍ഹി: ഒരു കാലത്ത് വിഘടനവാദത്തിന്റെ ഈറ്റില്ലമായിരുന്നു അസമിലെ കൊക്രജാര്‍ എന്ന ബോഡോ കലാപത്തിന്റെ കേന്ദ്രബിന്ദുവായ ഈ സ്ഥലം. വൈകുന്നേരം അഞ്ച് മണി കഴിഞ്ഞാല്‍ ആരും ഇവിടെ പുറത്തിറങ്ങില്ല. അടുത്ത പ്രഭാതം കാണാനാവുമെന്ന് ആര്‍ക്കും ഉറപ്പിക്കാനുമാവില്ല.
തീവ്രവാദികളുടെ വെടിയുണ്ടകള്‍ക്ക് ഇരയായവര്‍ നൂറുകണക്കിനാളുകള്‍ ഇവിടെയുണ്ട്. എകെ 47ന്റെയും ബോംബ് സ്ഫോടനത്തിന്റെയും ശബ്ദം എപ്പോഴും മുഴങ്ങിക്കേള്‍ക്കാം. ബോഡോ കലാപത്തിന്റെ ഈ സ്ഥലം ഇന്ന് സമാധാനത്തിന്റെ കേന്ദ്രമാണ്. 2020ല്‍ ബോഡോ സമാധാനക്കരാര്‍ ഒപ്പുവെച്ച ശേഷം ഇവിടെ സമാധാനമെത്തിയത്.
ഇപ്പോള്‍ കൊക്രജാര്‍ പുതിയൊരു ഉത്സവത്തിന് തയ്യാറെടുക്കുകയാണ്. കൊക്രജാര്‍ സാഹിത്യോത്സവത്തിന്. ‘ഇനി ആയുധം മാറ്റാനുള്ള സമയമായി. എകെ 47 കയ്യിലെടുക്കുന്നതിന് പകരം, സാമ്പത്തിക പരിഷ്കരണത്തിന്റെ ആയുധമാണ് എടുക്കേണ്ടത്,’ ബോഡോലാന്റ് ടെറിറ്റോറിയല്‍ പ്രദേശത്തിന്റെ സിഇഒ ആയ പ്രമോദ് ബോറോ പറയുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കൊക്രജാറില്‍ കഴിഞ്ഞ ദിവസം സാഹിത്യോത്സവത്തിന്റെ പ്രഖ്യാപനം ഒരു ലക്ഷം പേരെ സാക്ഷിനിര്‍ത്തി നടത്തിയത്.
ആദ്യമായാണ് ബോഡോലാന്റില്‍ ഒരു സാഹിത്യോത്സവം നടക്കുന്നത്. ബോഡോലാന്റിലെന്നല്ല, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തന്നെ ഒരു സാഹിത്യോത്സവം നടക്കുന്നത് ഇതാദ്യം. രാജ്യത്തെ പ്രമുഖരായ 100 ഓളം കവികള്‍ പങ്കെടുക്കും. 2020ലാണ് ബോഡോലാന്റ് സമാധാനക്കരാര്‍ ഒപ്പുവെച്ചത്.
‘ബോഡോ സമാധാനക്കരാറാണ് ഇവിടെ വികസനത്തിന്റെ വാതില്‍ തുറന്നത്. അതോടെ സമാധാനവും ശാന്തിയും കൈവന്നു. ബോഡോ മേഖലാ പ്രദേശത്തെ ഒളിവിലിരുന്ന പോരാടുന്ന അവസാന തീവ്രവാദി സംഘങ്ങള്‍ വരെ സപ്തംബറോടെ മുഖ്യധാരയിലേക്കെത്തി. അതോടെ തീവ്രവാദത്തിന്റെ വേരുകള്‍ മുഴുവനായി പിഴുതു,’ പ്രമോദ് ബോറെ പറയുന്നു. മൂന്ന് ദിവസത്തെ സാഹിത്യോത്സവം നവമ്പര്‍ 16ന് ആരംഭിക്കും. മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശര്‍മ്മ പങ്കെടുക്കും.
ബോഡോകള്‍ അസമിലെ ഏററവും വലിയ പട്ടികവര്‍ഗ്ഗ സമുദായമാണ്. ബോഡോ പട്ടിക ഗോത്രവര്‍ഗ്ഗ സമുദായക്കാര്‍ അസമിലെ ആകെ ജനസംഖ്യയുടെ 5 മുതല്‍ 6 ശതമാനം വരെയാണ്. 1967ലാണ് പ്രത്യേക ബോഡോ സംസ്ഥാനം വേണമെന്ന ആവശ്യവുമായി അസമില്‍ ഗോത്രവര്‍ഗ്ഗ കൗണ്‍സില്‍ സമരം ആരംഭിച്ചത്. 1986ല്‍ ബോഡോ സെക്യൂരിറ്റി ഫോഴ്സ് എന്ന സായുധ സേന രൂപവല്‍ക്കരിച്ചു. നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റ് (എന്ഡിബിഎഫ്) എന്ന പേരില്‍ സംഘടനയുടെ പേര് പുതുക്കുകയും ചെയ്തു. 1987ല്‍ ഓള് ബോഡോ സ്റ്റുഡന്‍സ് യൂണിയന് സമരം കടുപ്പിച്ചു. പിന്നീട് ബോഡോ പ്രദേശം മുഴുവനായി കലാപഭൂമിയായി മാറി. മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായിരുന്നു ബോഡോ സമാധാനക്കരാര്‍. കേന്ദ്രസര്‍ക്കാരും നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റും ഓള് ബോഡോ സ്റ്റുഡന്റ്സ് യൂണിയനെയും വിശ്വാസത്തിലെടുത്തായിരുന്നു ഈ സമാധാനക്കരാര്‍. അതോടെ ബോഡോ മേഖലയില്‍ സമാധാനമായി. കീഴടങ്ങിയ മുഴുവന്‍ തീവ്രവാദികള്‍ക്കും പുനരധിവാസത്തിനുള്ള പാക്കേജും ഈ മേഖലയുടെ വികസനത്തിന് 1500 കോടിയുടെ പാക്കേജും പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: