പുന്നപ്ര: മുന്‍ മന്ത്രി ജി. സുധാകരനെ പുകഴ്ത്തി എച്ച്. സലാം എംഎല്‍എ. പുന്നപ്ര ഗവ. ജെ.ബി സ്കൂള്‍ കെട്ടിട ഉദ്ഘാടന വേദിയില്‍ അദ്ധ്യക്ഷ പ്രസംഗത്തിലാണ് സുധാകരനെ പുകഴ്ത്തി സലാം പരാമര്‍ശം നടത്തിയത്. സുധാകരന് എംഎല്‍എ ആയിരുന്നപ്പോള്‍ ആസ്തി വികസന ഫണ്ടില്‍ നിന്നനുവദിച്ച ഒരു കോടി രൂപ ചെലവിലാണ് കെട്ടിട നി ര്‍മാണം പൂര്‍ത്തീകരിച്ചത്. എന്നാല്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ നോട്ടീസിലെ ചിത്രത്തില്‍ നിന്ന് സുധാകരന്റെ പേര് ഒഴിവാക്കിയത് വിവാദമായതോടെയാണ് സലാം മറുപടി നല്‍കിയത്.
അച്ചടിപ്പിശക് മൂലമുണ്ടായ സംഭവം വിവാദമാക്കുകയായിരുന്നുവെന്ന് സലാം പറഞ്ഞു. ഏതെങ്കിലും മാധ്യമങ്ങളുടെ സുഖലോലുപതയും പരിലാളനവുമേറ്റല്ല സുധാകരന് നേതാവായതെന്ന് സലാം പറഞ്ഞു. തന്നെയും സുധാകരനെയും തമ്മില്‍ താരതമ്യം ചെയ്യരുത്. സുധാകരനേക്കാള്‍ താഴെയാണ് താന്‍. ജില്ലയില്‍ വിദ്യാഭ്യാസ സാംസ്കാരിക മേഖലകളില്‍ ഏറ്റവും കൂടുതല്‍ വികസനം നടത്തിയ നേതാവാണ് സുധാകരനെന്നും സലാം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് സലാം പാര്‍ട്ടി നേതൃത്വത്തിന് നല്കിയ പരാതിയെത്തുടര്‍ന്ന് ജി. സുധാകരനെ കഴിഞ്ഞ ദിവസം പാര്‍ട്ടി പരസ്യമായി ശാസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊതു വേദിയില്‍ സുധാകരനെ പുകഴ്ത്തി സലാം പരാമര്‍ശം നടത്തിയത്.
ജി. സുധാകരന്റെ പേരൊഴിവാക്കിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മന്ത്രി പി. ശിവന്‍കുട്ടി പങ്കെടുത്ത ചടങ്ങില്‍ ജനസാന്നിധ്യവും കുറഞ്ഞിരുന്നു. രക്ഷിതാക്കള്‍ എല്ലാവരും എത്തണമെന്ന നിര്‍ദ്ദേശം എസ്എംസി നല്‍കിയിരുന്നതാണ്. എങ്കിലും രക്ഷകര്‍ത്താക്കളുടെ സാന്നിദ്ധ്യം കുറവായിരുന്നു.
സ്കൂള്‍ കെട്ടിടം ഉത്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച നോട്ടീസിലെ സ്കൂള്‍ ചിത്രത്തില്‍ നിന്നും മുന്‍ മന്ത്രി ജി. സുധാകരന്റെ പേരു ഫോട്ടോഷോപ്പ് ഉപയോഗിച്ച് ഒഴിവാക്കിയതില്‍ രക്ഷകര്ത്താക്കള്ക്കിടയില് അതൃപ്തി ഉയര്‍ന്നിരുന്നു. കൂടാതെ പാര്‍ട്ടി അനുഭാവികള്‍ക്കിടയിലും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ഇത് കണക്കിലെടുത്ത് ജനസാന്നിദ്ധ്യം ഉറപ്പാക്കാന്‍ പാര്‍ട്ടി നേതൃത്വത്തിനും കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: