തിരുവനന്തപുരം: സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങളുടെ സര്‍വെയില്‍ ഇരുപതിനായിരത്തോളം വരുന്ന തദ്ദേശസ്വയംഭരണ വാര്‍ഡുകളിലെ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന അഞ്ചു വീതം കുടുംബങ്ങളില്‍ നിന്നും വിവരശേഖരണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ഇത്തരക്കാരുടെ പ്രശ്നങ്ങള്‍ പഠിച്ച് ഗവേഷണം, വിശകലനം എന്നിവ നടത്തിയ ശേഷം അവര്‍ക്കായുള്ള ക്ഷേമകാര്യങ്ങള്‍ സര്‍ക്കാരിലേക്ക് ശിപാര്‍ശ ചെയ്യുക എന്നതാണ് സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായുള്ള കമ്മീഷനില്‍ നിക്ഷിപ്തമായ ചുമതല. ഇതിനായി വിപുലമായ വിവരശേഖരണം അനിവാര്യമായതിനാലാണ് പഠന ആവശ്യത്തിന് ഉതകുന്ന സാമ്പിള്‍ സര്‍വെ നടത്താന്‍ കമ്മീഷന് ശിപാര്‍ശ ചെയ്തത്. നിയമസഭയിൽ ഡോ. എന്‍. ജയരാജിന്റെ സബ്മിഷന് നല്കിയ മറുപടിയില്‍ മുഖ്യമന്ത്രി പറഞ്ഞു.
ഏതെങ്കിലും ക്ഷേമപദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുക എന്നതല്ല സര്‍വെയുടെ ലക്ഷ്യം. ഈ വിഭാഗങ്ങള്‍ അഭിമുഖീകരിക്കുന്ന സാമൂഹിക സാമ്പത്തിക പ്രശ്നങ്ങള്‍ പഠിക്കുന്നതിനാണ് സര്‍വെ നടത്തുന്നത്. ചുരുങ്ങിയത് ഒരു ലക്ഷത്തോളം കുടുംബങ്ങളുടെ വിവരങ്ങള്‍ സര്‍വെയിലൂടെ ശേഖരിക്കും. സാമ്പത്തികമായി ഏറ്റവും പിന്നാക്കം നില്ക്കുന്ന വിഭാഗക്കാരുടെ പ്രശ്നങ്ങള്‍ എല്ലായിടത്തും ഒരുപോലെ ആയതിനാല്‍ പഠനാവശ്യത്തിനുള്ള വിവരങ്ങള്‍ക്ക് സാമ്പിള്‍ സര്‍വെ പര്യാപ്തമാകുമെന്നാണ് കമ്മീഷന് വിലയിരുത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: