ആലപ്പുഴ: കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയുണ്ടായ കുഴിയില്‍ വീണ് യാത്രക്കാരന് മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് മന്ത്രി കെ. കൃഷ്ണന് കുട്ടി. അമ്പലപ്പുഴ എംഎല്‍എ എച്ച്. സലാം നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു.
അമ്പലപ്പുഴ ക്ഷേത്രത്തിനു പടിഞ്ഞാറ് ഭാഗത്ത് പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് ഉണ്ടായ കുഴിയില്‍ വീണ് തകഴി കേളമംഗലം തട്ടാരു പറമ്പില്‍ അജയകുമാറാ (50) ആണ് വ്യാഴാഴ്ച വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മരിച്ചത്. കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് ലൈനില്‍ തകഴി ഭാഗത്തുള്‍പ്പടെ 66 തവണയാണ് പൊട്ടലുണ്ടായത്.
ഒരു വര്‍ഷത്തിലധികമായി കുഴി രൂപപ്പെട്ട ഇവിടെ മതിയായ അറ്റകുറ്റപ്പണി നടത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എ വാട്ടര്‍ അതോറിറ്റിക്ക് പല തവണ കത്ത് നല്‍കിയിരുന്നു. എന്നാല്‍ യഥാസമയം പൈപ്പ് മാറ്റുന്നതിനോ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിനോ ആവശ്യമായ നടപടികള്‍ വാട്ടര്‍ അതോറിറ്റിയുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ കൈക്കൊണ്ടില്ല. ഇതിന്റെ ഭാഗമായാണ് പ്രശ്നങ്ങള്‍ സംഭവിച്ചതെന്ന് എംഎല്‍എ സഭയില്‍ പറഞ്ഞു.
ചോര്‍ച്ച അടക്കാന്‍ റോഡ് കുഴിക്കണമെന്ന ആവശ്യത്തില്‍ റോഡിന്റെ ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോര്‍ഡ്, ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പരിശോധന നടത്തി അനുവാദം നല്‍കിയിരുന്നതാണ്. എന്നാല്‍ കുഴി അടയ്ക്കുന്നതിനോ ജലവിതരണം സാധാരണ നിലയില്‍ പുനസ്ഥാപിക്കുന്നതിനോ ആവശ്യമായി യാതൊരു നടപടിയും കൈക്കൊള്ളാന്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: