ബ്രിട്ടീഷ് വിദ്യാഭ്യാസ സമ്പ്രദായം ഏറ്റവും ശക്തമായി വേരുറപ്പിച്ച പ്രദേശമാണ് കേരളം. തദ്ദേശീയ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ വേരറുത്തായിരുന്നു ഈ ആധിപത്യം. നമ്മുടെ തനതു വിദ്യാഭ്യാസത്തിന്റെ മേന്മകള് ബ്രിട്ടിഷ് രേഖകളില്‍ നിന്ന് തന്നെ വായിച്ചെടുക്കാന്‍ ഡോ. ധരംപാലിന്റെ ‘ഠവല ആലമൗശേളൗഹ ഠൃലല ഉം ഉളളൂരിന്റെ ‘കേരള സാഹിത്യ ചരിത്രവും’ മറിച്ചു നോക്കിയാല്‍ മതി. ഒന്ന് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ വൈവിധ്യവും വൈപുല്യവും കാണിക്കുമ്പോള്‍ അടുത്തത് അതിന്റെ ശ്രേഷ്ഠതയും സൗന്ദര്യവും പ്രകടമാക്കുന്നു.
വിദ്യാഭ്യാസത്തെ കുറിച്ചുള്ള ബ്രിട്ടീഷുകാരുടെ മൂലസിദ്ധാന്തമായ സാക്ഷരതയും ആധുനിക വികസന സൂചകങ്ങളായി പിന്നിട് വന്നിട്ടുള്ള സാര്‍വ്വത്രികത, കുറഞ്ഞ കൊഴിഞ്ഞുപോക്ക്, ആണ്-പെണ് അനുപാതം എന്നിങ്ങനെയുള്ള പാശ്ചാത്യ നിലവാര രീതിയനുസരിച്ച് കേരളത്തിലെ വിദ്യാഭ്യാസം കഴിഞ്ഞ നൂറ്റാണ്ടില്‍ ദേശീയ ശരാശരിയുടെ മുകളില്‍ നിന്നിരുന്നു. ഇതിനെയാണ് കേരള മോഡല്‍ എന്ന് മേനി നടിക്കുന്നത്.
ബ്രിട്ടീഷ് വിദ്യാഭ്യാസത്തെ നഖശിഖാന്തം വിമര്‍ശിച്ച ഗാന്ധിജിയുടെ അഭിപ്രായത്തില്‍ സാക്ഷരത വിദ്യാഭ്യാസത്തിന്റെ തുടക്കമോ ഒടുക്കമോ അല്ല. വിദ്യാഭ്യാസം വ്യക്തിയുടെ സമഗ്രവികസനമാണ്. ശാരീരിക ക്ഷമതയും തൊഴില്‍ നൈപുണ്യവും മാനസികാരോഗ്യവും ജീവിത മൂല്യങ്ങളും ശരി തെറ്റുകളെ തിരിച്ചറിയുകയും അത് ജീവിതത്തില്‍ പകര്‍ത്തിയുള്ള ലളിതജീവിതവുമാണ് ഗാന്ധിജിയുടെ വിദ്യാഭ്യാസ ചിന്തയുടെ അടിസ്ഥാനം. മനുഷ്യന് ആര്‍ജ്ജിച്ച അറിവ്, തന്റെയും സമൂഹത്തിന്റെയും നന്മയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന കലയെ സ്വായത്തമാക്കലാണ് വിദ്യാഭ്യാസം എന്ന് തിരിച്ചറിയുന്ന പാശ്ചാത്യ വിദ്യാഭ്യാസ ചിന്തകരെ പതിറ്റാണ്ടുകള്‍ക്ക് മുമ്പേ സൃഷ്ടിക്കാന്‍ ഈ ഗാന്ധി ചിന്തയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ വിദ്യാഭ്യാസം 21-ാം നൂറ്റാണ്ടിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാത്ത പാശ്ചാത്യ വിദ്യാഭ്യാസ മാതൃകയുടെ മകുടോദാഹരണമാണ്. കേരള മോഡലിന്റെ വക്താക്കള്‍ പോലും പറയുന്നത് നമ്മുടെ കുട്ടികള്‍ക്ക് നൈപുണ്യവും മൂല്യവും നല്കി ഗുണനിലവാരവും ഉള്‍ച്ചേര്‍ത്ത് പരിഷ്കരിക്കണം എന്നു തന്നെയാണ്.
ഭരണവും നീതി നിര്‍വ്വഹണവും തൊഴില്‍-സാമ്പത്തിക വികസനവും ജനങ്ങളുടെ ഭാഷയില്‍, അവരുടെ പങ്കാളിത്തത്തോടെ നടക്കണം എന്ന ചിന്തയിലാണ് 1956-ല്‍ ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനഃസംഘടിപ്പിച്ചത്. അങ്ങനെ നോക്കുമ്പോള്‍ ഭാഷാ അടിസ്ഥാനത്തിലുള്ള വികസനാസൂത്രണത്തിന്റെ പരിപൂര്‍ണ്ണ പരാജയത്തിന്റെ ചരിത്രമാണ് കഴിഞ്ഞ 65 വര്‍ഷത്തെ കേരള ചരിത്രം. മലയാളത്തെ വിജ്ഞാന ഭാഷയാക്കാനും സാങ്കേതിക വിദ്യയെ ഭാഷാസൗഹൃദമാക്കാനും കഴിഞ്ഞില്ല. ഭാഷയെന്നാല്‍ സാഹിത്യ പ്രവര്‍ത്തനം മാത്രമായി. സാഹിത്യ പ്രവര്‍ത്തനമെന്നത് രാഷ്ട്രീയ സഹയാത്രയും! നയവും നിയമവുമുണ്ടായിട്ടും മലയാളം മറ്റെല്ലാ മേഖലയില്‍ നിന്നും പുറത്താക്കപ്പെട്ടു.
വികലമായ നയം
കേരള സംസ്ഥാന രൂപീകരണത്തോടെ നിലവില്‍ വന്ന മുന്നണി രാഷ്ട്രീയത്തിന്റെ തിക്തഫലം ഏറ്റവും കൂടുതല്‍ പ്രതിഫലിച്ചത് വിദ്യാഭ്യാസ രംഗത്താണ്. സങ്കുചിത മത-ജാതി താല്പര്യങ്ങളും വോട്ടുബാങ്ക് രാഷ്ട്രീയവുമാണ് നയങ്ങളും നടപടികളും എടുപ്പിച്ചത്. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും രാഷ്ട്രീയം സാമൂഹ്യ പ്രതിബദ്ധതയുടെ മാതൃകകള്‍ ഉയര്‍ത്തി കാട്ടുന്നതിന് പകരം അക്രമത്തിന്റെയും നശീകരണത്തിന്റെയും ഉത്തരവാദിത്തരാഹിത്യത്തിന്റെയും കഥകളാണ് രചിച്ചത്. മൂല്യബോധവും ഗുണനിലവാരവും രാഷ്ട്രീയ താല്പര്യങ്ങള്ക്ക് മുന്നില്‍ അടിയറവ് വെച്ചപ്പോള്‍ പുതിയ കച്ചവട മേഖലയായി വിദ്യാഭ്യാസ രംഗം മാറി. കൂണുപോലെ മുളച്ചുവന്ന സ്വകാര്യ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങള്‍ വിദ്യാഭ്യാസമെന്നാല്‍ മാര്‍ക്കും മത്സരവുമെന്നാക്കി. നേരാംവണ്ണം മലയാളവും ഇംഗ്ലിഷുമറിയാത്ത, നൈസര്‍ഗ്ഗിക പ്രതിഭകള്‍ ട്രെയ്ന്‍ഡ് പ്രതിഭകള്‍ക്ക് മുന്നില്‍ നിഷ്പ്രഭമാകുന്ന സ്ഥിതിയാണ് 20-30 വര്‍ഷമായി കേരളം കാണുന്നത്.
വളരെ വൈകിയാണെങ്കിലും പൊതുവിദ്യാഭ്യാസ സംരക്ഷണം എന്ന പേരില്‍ സര്ക്കാന് നടത്തിയ ഇടപെടലില്‍ പോലും അധ്യാപകരുടെയും സ്വകാര്യ മാനേജ്മെന്റുകളുടേയും താല്പര്യ സംരക്ഷണമാണ് മുറ്റി നില്‍ക്കുന്നത്. അടിസ്ഥാന സൗകര്യ വികസനവും ഹൈടെക്ക്വത്കരണവുമല്ല വിദ്യാര്‍ത്ഥികളെ പൊതുവിദ്യാലയങ്ങളിലേക്ക് ആകര്‍ഷിച്ചത്. നിയമവും ചട്ടവും ലംഘിച്ചുള്ള ഇംഗ്ലിഷ്വത്കരണമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ആറ് ലക്ഷത്തിലധികം പുതിയ വിദ്യാര്‍ത്ഥികള്‍ പൊതുവിദ്യാലയങ്ങളില്‍ അധികമായി പ്രവേശനം നേടി എന്ന് ഊറ്റം കൊള്ളുന്ന സര്‍ക്കാര്‍ അതില്‍ എത്ര വിദ്യാര്‍ത്ഥികള്‍ മാതൃഭാഷാ മാധ്യമത്തില്‍ പഠിക്കുന്നുണ്ട് എന്നതും വ്യക്തമാക്കണം. കഴിഞ്ഞ വര്‍ഷം പത്താം ക്ലാസ് പരീക്ഷ എഴുതിയതില്‍ 50 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പരീക്ഷ എഴുതിയവരായിരുന്നു. പല പൊതുവിദ്യാലയങ്ങളുടേയും പരസ്യവാചകത്തിലെ ഗുണനിലവാരത്തിന്റെയും മേന്മയുടെയും സൂചകം ഇംഗ്ലിഷ് മീഡിയം എന്നതായിരിക്കുന്നു. പിന്നാക്ക ദരിദ്ര വിദ്യാര്‍ത്ഥികളുടെ നേരമ്പോക്കിടങ്ങള്‍ മാത്രമായി പൊതുവിദ്യാലയങ്ങളിലെ മലയാള മീഡിയം ക്ലാസുകളെ മാറ്റി.
കേരളത്തിലെ വിദ്യാഭ്യാസ ഗുണനിലവാര തകര്‍ച്ച മറച്ചുവയ്ക്കാന്‍ മൂല്യനിര്‍ണ്ണയത്തില്‍ കാണിക്കുന്ന കൃത്രിമത്വം ഇന്ന് ഏറേ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരിക്കുന്നു. ഉദാഹരണത്തിന് ഈ വര്‍ഷം പത്താം ക്ലാസില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ കുട്ടികള്‍ക്ക് പോലും പ്ലസ് വണ്‍ അഡ്മിഷന് ആവശ്യമായ സീറ്റില്ലെന്ന പരാതിയുടെ അര്‍ത്ഥമെന്താണ്?. പഠന നിലവാരം കൂടിയെന്നോ, സീറ്റുകള്‍ കുറഞ്ഞെന്നോ? 10-ാം കാസ്സ് കഴിഞ്ഞാലുള്ള ഏക തുടര്‍ പഠന സാധ്യത പ്ലസ് വണ്‍, പ്ലസ് ടു തലത്തിലുള്ള സയന്‍സ്, ഹ്യുമാനിറ്റിക്സ്, കൊമേഴ്സ് കോഴ്സുകള്‍ മാത്രമാണോ? തൊഴില്‍-സാങ്കേതിക നൈപുണ്യ വികസന കോഴ്സുകള്‍ക്ക് ആരും പഠിക്കേണ്ടതില്ലെന്നാണോ നയം? എത്ര സീറ്റാണ് ഇരുപത് വര്‍ഷത്തിനിടയില്‍ പുതുതായി തുടങ്ങിയിരിക്കുന്നത്? ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്ഥാപനങ്ങളും കോഴ്സുകളും തുടങ്ങിയത് ഏത് സാധ്യതാപഠനത്തിന്റെ അടിസ്ഥാനത്തിലാണ്?
ദേശീയ നയത്തിലൂടെ പരിവര്‍ത്തനം
ഏതാനും വര്‍ഷമായി കേരളത്തില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനത്തിന് ദല്‍ഹി പോലുള്ള കേന്ദ്ര സര്‍വ്വകലാശാലയിലേക്ക് പോകുന്ന പ്രവണത കൂടി വരുന്നു. ഈ വര്‍ഷം അവിടെ പ്രവേശനം ലഭിച്ച 95 ശതമാനം കുട്ടികളും കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ നിന്നുള്ളതാണ്. ഇത് പ്രത്യക്ഷത്തില്‍ അഭിമാനം ജനിപ്പിക്കുന്നതാണെങ്കിലും കേരളം നടത്തിയ ഗഋഅങ പരീക്ഷയില്‍ സിബിഎസ്ഇ, ഐസിഎസ്ഇക്കാരാല്‍ പിന്തള്ളപ്പെട്ടവരാണ് ബോര്‍ഡ് പരീക്ഷയുടെ 100 ശതമാനം മാര്‍ക്കില്‍ പ്രവേശനം നേടിയത് എന്നത് വലിയ മാനക്കേടാണ് ഉണ്ടാക്കിയത്. ജിഇഇ, നീറ്റ് പ്രവേശന പരീക്ഷകളിലും യുപിഎസ്സി, എസ്എസ്സി തുടങ്ങിയ മത്സര പരീക്ഷകളിലും കേരളത്തിലെ ബോര്‍ഡ് പരീക്ഷ വിജയികളുടെ പ്രകടനം ആശാവഹമാണോ എന്ന് ആത്മപരിശോധന നടത്തണം. വലിയ മേനി നടിക്കുന്നതിലല്ല, നൂറുമേനി വിളയിക്കുന്നതിലായിരിക്കണം ശ്രദ്ധ!
അക്കാദമിക് സ്വാതന്ത്ര്യത്തിന്റെ പേരില്‍ സര്‍വ്വകലാശാലകളില്‍ നടക്കുന്ന വില കുറഞ്ഞ രാഷ്ട്രീയവും മതമൗലികവാദവും ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റേയും പേരില്‍ കാമ്പസുകളില്‍ നടക്കുന്ന അഴിഞ്ഞാട്ടവും അക്രമങ്ങളും പരിഷ്കൃത സമൂഹത്തിന്റെ കണ്ണില്‍ ആഭാസങ്ങള്‍ മാത്രമാണ്. അവയെ വാഴ്ത്തുന്ന മാധ്യമങ്ങളും സാഹിത്യ സാംസ്കാരിക നായകര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരും മലയാളികളുടെ പ്രബുദ്ധതയ്ക്ക് മാനക്കേടാണ്. മാത്രമല്ല, അതിന്റെ പരിണിത ഫലമാണ് പ്രാഥമിക വിദ്യാലയം മുതല്‍ ഗവേഷണതലം വരെ നടക്കുന്ന ലൈംഗിക ചൂഷണങ്ങളും.
കേരളം ആദിശങ്കരന്റേയും ശ്രീനാരായണ ഗുരുവിന്റേയും സംഗമഗ്രാമമാധവന്റേയും അഷ്ടവൈദ്യ പാരമ്പര്യത്തിന്റേയും നാടാണ്. ഗതി തെറ്റിയ മലയാളിയെ, വഴിമുട്ടിയ കേരളത്തെ വിദ്യാഭ്യാസത്തിലൂടെ മാത്രമെ രക്ഷിക്കാന്‍ കഴിയൂ. കേരളത്തിന്റെ പ്രതിഭയെ, പ്രകൃതിയെ, മലയാള ഭാഷയുടെ ശക്തിയേയും സൗന്ദര്യത്തെയും തിരിച്ചറിഞ്ഞ് അഭിമാനിക്കാനും നാളത്തേക്കായി ഉപയോഗിക്കാനും കഴിയുന്ന തലമുറയെ വാര്‍ത്തെടുക്കുന്ന വിദ്യാഭ്യാസം വേണം. പുഴകള്‍ മലിനമാക്കാനും മണലൂറ്റാനുമുള്ളതല്ല. മലകള്‍ മണ്ണിടിക്കാനും മരം മുറിക്കാനുമുള്ളതല്ല. പാടങ്ങള്‍ തരിശിടാനും കോണ്‍ക്രീറ്റ് കാടുകള്‍ നിര്‍മ്മിക്കാനുമുള്ളതല്ല എന്നെല്ലാം പാഠപുസ്തകത്തില്‍ പഠിച്ച് പരിക്ഷ എഴുതിയാല്‍ പോരാ. അത് ജീവിതാദര്‍ശമായി മാറണം. നൂറ് വര്‍ഷംമുമ്പ് ബ്രിട്ടീഷുകാര്‍ അടിച്ചേല്‍പ്പിച്ച വിദ്യാഭ്യാസത്തെ വിമര്‍ശിച്ചുകൊണ്ട് സ്വാമി വിവേകാനന്ദന് പറഞ്ഞു. ‘വിദ്യാഭ്യാസമെന്നാല്‍ തലയിലേക്ക് കുത്തിനിറയ്ക്കുന്ന അജീര്‍ണ്ണത സൃഷ്ടിക്കുന്ന അറിവിന്റെ ഭാണ്ഡമല്ല, സ്വന്തം കാലില്‍ ജീവിതം പടുത്തുയര്‍ത്താന്‍ കഴിയുന്ന ആശയങ്ങളുടെ സാത്മീകരണമാണ്.’
ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ വിഭാവനം ചെയ്യുന്ന ചലനാത്മകമായ വിജ്ഞാന സമൂഹത്തെ സൃഷ്ടിക്കാന്‍, ഭാരതത്തില്‍ ഏതെങ്കിലും ഒരു പ്രദേശത്തിന് നേതൃത്വം നല്കാന് കഴിയുമെങ്കില്‍ അത് ഈ ഭാര്‍ഗവ ക്ഷേത്രമാണ്. കാഴ്ച്ചപ്പാട് വേണം. ഇച്ഛാശക്തിവേണം. രാഷ്ട്രീയ അന്ധവിശ്വാസങ്ങളില്‍ നിന്ന് മോചിതരാകണം.
(കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ മേല്‍നോട്ട സമിതി അംഗമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: