യുവ ദമ്പതികളുടെ ജീവിതം കേന്ദ്രീകരിച്ച് ഇറങ്ങിയ സിനിമയാണ് ‘മീനാക്ഷി സുന്ദരേശ്വര്‍’. സിനിമ ആരംഭിക്കുമ്പോള്‍ ഇതു ‘വിജയ് സൂപ്പറും പൗര്‍ണമിയും’ അല്ലേയെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റംപറയാനൊക്കില്ല. എന്നാല്‍, കഥാഗതി വികസിക്കുമ്പോള്‍ ആ തോന്നല്‍ പതിയെ മാറ്റിവെയ്ക്കും. കഥാ സന്ദര്‍ഭവും സ്ഥലവും മാറ്റി പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ ഇറക്കിയെന്നേയുള്ളൂ… നമ്മള് കണ്ടുമറഞ്ഞ സീനുകള്‍ പുതിയ സങ്കേതിക തികവോടെ പുനഃരാവിഷ്കരിച്ചിരിക്കുന്ന സിനിമയാണ് സാന്യാ മല്‍ഹോത്ര, അഭിമന്യു ദസാനി എന്നിവര്‍ അഭിനയിച്ച ‘മീനാക്ഷി സുന്ദരേശ്വര്‍’. എന്നിരുന്നാലും മടുപ്പില്ലാതെ ഒരു തവണ കാണാനുള്ള ചേരുവയെല്ലാം ചേര്‍ത്ത് പുറത്തിറക്കിയ സിനിമ തന്നെയാണിത്.
അറേഞ്ച്ഡ് മാര്യേജ് ലൈഫിലെ പ്രശ്നങ്ങളും യുവ ദമ്പതികള്‍ക്കിടയിലെ ലോങ് ഡിസ്റ്റന്‍സ് റിലേഷന്‍ഷിപ്പും റൊമാന്റിക് കോമഡിയിലൂടെ അവതരിപ്പിക്കാനാണ് സംവിധായകന് വിവേക് സോണി ശ്രമിച്ചിരിക്കുന്നത്. എന്നാല്‍, പൂര്‍ണമായും വിജയിക്കാന്‍ അദേഹത്തിന് കഴിഞ്ഞിട്ടില്ലെന്ന് തന്നെ പറയാം. ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കുന്ന പോലുള്ള കഥയും കണ്ടുമറന്ന സീനുകള്‍ പുനരാവിഷ്കരിച്ചതിലുള്ള കല്ലുകടിയും പലയിടത്തും നിഴലിച്ചിട്ടുണ്ട്.
ബോളിവുഡില്‍ ഇതേ അച്ചില്‍ നിരവധി ചിത്രങ്ങള്‍ വാര്‍ത്തെടുത്തിട്ടുണ്ടെന്ന് തോന്നിയതിനാലാവും സിനിമയുടെ ലൊക്കേഷന്‍ മധുരയിലേക്ക് പറിച്ചുനട്ടത്. തമിഴ് കഥാപാത്രങ്ങളെ ഹിന്ദിപറയിപ്പിക്കുക എന്ന വെല്ലുവിളിയും സംവിധായകന് ഏറ്റെടുത്തിട്ടുണ്ട്.
ഒരു പെണ്ണുകാണല്‍ ചടങ്ങോടെയാണ് ‘മീനാക്ഷി സുന്ദരേശ്വര്‍’ ആരംഭിക്കുന്നത്. മധുരയില്‍ താമസിക്കുന്ന എംബിഎ ബിരുദമുള്ള മീനക്ഷിയെന്ന യുവതിയെ എഞ്ചിനീയറിംങ്ങ് പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും പണിയൊന്നും ലഭിക്കാത്ത സുന്ദരേശ്വര്‍ പെണ്ണുകാണാന്‍ എത്തുന്നു. ‘വഴിതെറ്റി’ നടക്കുന്ന ഈ ചടങ്ങോടെയാണ് കഥാഗതി വികസിക്കുന്നത്. അച്ഛന്റെ അഭിപ്രായത്തിന് എതിരായി മിണ്ടാന്‍ പോലും സാധിക്കാത്ത കൂട്ടുകുടുംബത്തിലെ ‘ചെല്ലക്കുട്ടി’യാണ് സുന്ദരേശ്വര്‍.
മീനാക്ഷി സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ വലിയ ആരാധികയാണ്. എന്നാല്‍, സുന്ദരേശ്വരിന് സിനിമ കാണുന്നത് ഉറങ്ങാനുള്ള ഒരു വഴിമാത്രമാണ്. നിരവധി ബുക്കുകള്‍ വായിക്കുന്നവളാണ് മീനാക്ഷി, സുന്ദരേശ്വര്‍ ആകട്ടെ ബുക്കുകൊണ്ട് ക്രിക്കറ്റ് കളിക്കുന്നവനും. ബാക്കിയുള്ള കാര്യത്തിലെല്ലാം പൊരുത്തമുണ്ടെങ്കിലും ഈ രണ്ടുകാര്യത്തിലും ഇരുവരും എതിര് ദ്രുവങ്ങളിലൂടെ സഞ്ചരിക്കുന്നവരാണ്. ‘വഴിതെറ്റി’ നടക്കുന്ന പെണ്ണുകാണലാണെങ്കിലും മധുര മീനാക്ഷിയെ സാക്ഷിയായി ഇരുവരും ഒന്നിക്കുന്നു. ഇതോടെയാണ് മീനാക്ഷി സുന്ദരേശ്വര്‍ എന്ന രണ്ടു പേരിലേക്കായി സിനിമ ചുരുങ്ങുന്നത്.
അച്ഛന് നല്കിയ ഒരു വര്‍ഷ അന്ത്യശാസനം മറികടക്കാനുള്ള ശ്രമത്തിനിടെ ദമ്പതികളുടെ പല ആഗ്രഹങ്ങളും വഴിതെറ്റുന്നു. നായകന് ബെംഗളൂരുവിലും നായിക മധുരയിലുമായി ജീവിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങളുടെ കഥകൂടിയാണിത്. വിവാഹ സങ്കല്പങ്ങളുമായി ഒരുമിക്കുന്ന പുതുതലമുറക്കാരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന പ്രതിസന്ധിയാണ് 2.21 മണിക്കൂര്‍ ചിത്രം പറയുന്നത്. കരിയര്‍ മെച്ചപ്പെടുത്താനും ഭാവികാലം സുരക്ഷിതമാക്കാനുമുള്ള ഓട്ടത്തിനിടെ ജീവിതം കൈവിട്ടുപോകുന്ന പലരെയും നമ്മള് കണ്ടിട്ടുണ്ടാവും അവരുടെ പ്രതിനിധികളാണ് സിനിമയിലെ സുന്ദരേശ്വനും മീനാക്ഷിയും.
തമിഴ്നാടിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നതിനാല്‍ ‘സ്ക്രീനില്‍’ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെയും അഭിനയിപ്പിച്ചിട്ടുണ്ട്. കഥയുടെ ക്ലൈമാക്സിലും രജനിക്കുള്ള പ്രാധാന്യം വളരെയേറെയാണ്. മലയാളത്തില്‍ മഞ്ജു വാര്യരെ നായികയാക്കി സംവിധാനം ചെയ്ത ‘മോഹന്‍ലാല്‍’ എന്ന സിനിമയുടെ പതിപ്പാണോ മീനാക്ഷി സുന്ദരേശ്വറെന്ന് ട്രൈയിലര്‍ ഇറങ്ങിയപ്പോള്‍ ചിലര്‍ക്ക് സന്ദേഹം ഉണ്ടായിരുന്നു. എന്നാല്‍, ഇത്തരം സന്ദേഹങ്ങള്‍ക്കൊന്നും ഒരടിസ്ഥാനവുമില്ല. മലയാളത്തിലും തമിഴിലും തെലുങ്കിലും പുറത്തിറങ്ങിയ പല സിനിമകളുടെയും സീനുകള്‍ ചീന്തിയെടുത്ത് നിര്‍മ്മിച്ചൊരു സിനിമയെന്നും ഇതിനെ വിശേഷിപ്പിക്കാം. കഥയെ വിശ്വസനീയമായ രീതിയില്‍ അവതരിപ്പിക്കാന്‍ കഴിയാത്തതിലാണ് സംവിധായകന് വിവേക് സോണിക്ക് വീഴ്ച്ച സംഭവിച്ചത്. റൊമാന്റിക് കോമഡിയാണ് ഉദേശിച്ചെങ്കിലും ആദ്യ ഭാഗത്തുമാത്രമാണ് ഇതു വിജയിച്ചത്.
കഥയിലെ പരാജയം ഒഴിച്ചാല്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സാന്യയും അഭിമന്യുവും മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ട്. ദമ്പതികളായുള്ള കെമിസ്ട്രി വര്‍ക്കായിട്ടുണ്ടെന്ന് സമൂഹമാധ്യമങ്ങിലെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാണ്. അഭിമന്യു ദസ്സാനിയുടെ ഒടിടി അരങ്ങേറ്റമാണിത്. വിവിധ ഒടിടി പ്ലാറ്റ്ഫോമുകളില്‍ സാന്യയ്ക്ക് ഇതിനകം രണ്ട് റിലീസുകള്‍ ഉണ്ടായിരുന്നു. അനുരാഗ് ബസുവിന്റെ ലുഡോയിലും അനു മേനോന്റെ ശകുന്തളാ ദേവിയിലും അവര്‍ യഥാക്രമം നെറ്റ്ഫ്ലിക്സിലും ആമസോണ്‍ പ്രൈം വീഡിയോയിലൂടെയും പുറത്തിറങ്ങിയിട്ടുണ്ട്.
മികച്ച നിലവാരത്തില്‍ സിനിമ എടുക്കുന്നതില്‍ ഒരു വിട്ടുവീഴച്ചയും സംവിധായകന് ചെയ്തിട്ടില്ല. കഥ പഴകിയതാണെങ്കിലും മികച്ച ഫ്രെയിമുകള്‍ സിനിമയില്‍ പിടിച്ചിരുത്തുന്നതില്‍ ഒരു പ്രധാന കാരണമായിട്ടുണ്ട്. ക്ഷേത്രനഗരമായ മധുരയുടെ ഭംഗിയും, ഇന്ത്യയുടെ സിലിക്കണ്‍വാലിയായ ബാംഗ്ലൂര്‍ ജീവിതവും മികച്ച രീതിയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഡിബോജീത്ത് റേയുടെ ഛായാഗ്രഹണവും തമിഴ് സംഗീത സംവിധായകനായ ജസ്റ്റിന് പ്രഭാകര്‍ ഒരുക്കിയ പശ്ചാത്തല സംഗീതവും സിനിമയുടെ പോസിറ്റീവ് ഘടകമാണ്. മികച്ച നാല് ഗാനങ്ങളാണ് സിനിമയിലെ വീഴ്ച്ചയുടെ ആഘാതം കുറച്ചിരിക്കുന്നത്. തലൈവര്‍ രജനികാന്തിനായി പുറത്തിറക്കിയ പാട്ട് സൗത്ത് ഇന്ത്യയില്‍ സൂപ്പര്‍ ഹിറ്റായിട്ടുണ്ട്. ഈ ഗാനവും സിനിമയിലേക്ക് പ്രേക്ഷകരെ ആകര്‍ഷിച്ചിട്ടുണ്ട്. ‘മീനാക്ഷി സുന്ദരേശ്വര്‍’ എന്ന സിനിമയെക്കുറിച്ച് ഒറ്റവാക്കില്‍ പറഞ്ഞാല്‍- ഒരു തവണ തലവയ്ക്കുന്നതില്‍ തലവേദന തരാത്ത സിനിമ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: