പാലക്കാട്: ആലത്തൂരില്‍ നിന്ന് അഞ്ച് ദിവസം മുമ്പ് കാണാതായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ ഇരട്ടസഹോദരിമാര്‍ ശ്രേയ, ശ്രേജ എന്നിവര്‍ വീട് വിട്ടിറങ്ങിയത് മാതാപിതാക്കള്‍ പ്രണയം നിഷേധിച്ചതാനാലെന്ന് മൊഴി. ഇരട്ടസഹോദരിമാരും സഹപാഠികളായ അഫ്സല്, അര്‍ഷാദ് എന്നിവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നെന്നാണ് ഇവര്‍ നല്കിയ മൊഴി. വീട്ടുകാര്‍ ഈ പ്രണയത്തെ എതിര്‍ത്തതോടെ വീട് വിട്ടിറങ്ങിയതെന്നും വിദ്യാര്‍ഥികള്‍ റെയില്‍വേ പോലീസിനോട് പറഞ്ഞു. തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഒമ്പതാംക്ലാസ് വിദ്യാര്‍ഥികളായ നാലു പേരെയും പോലീസ് കണ്ടെത്തിയത്. റെയില്‍വേ പോലീസ് കണ്ടെത്തുമ്പോള്‍ 9100 രൂപയും 40,000 രൂപ വിലവരുന്ന ഡയമണ്ട് ലോക്കറ്റും ചെയ്നും ഇവരുടെ പക്കലുണ്ടായിരുന്നു.
നവംബര്‍ മൂന്നാം തീയതി ആലത്തൂരില്‍നിന്ന് വീട്ടില്‍ നിന്നിറങ്ങിയ ഇരട്ടസഹോദരിമാരും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളും ആദ്യം പൊള്ളാച്ചിക്കാണ് പോയതെന്ന് മൊഴി നല്കി. പിന്നീട് ഊട്ടിയിലെത്തിയ ഇവര്‍ ബസ് സ്റ്റാന്‍ഡിന് സമീപം ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു. ഊട്ടിയില്‍ നിന്നാണ് നാല് പേരും കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്.
നേരത്തെ, പാലക്കാട് ബസ് സ്റ്റാന്‍ഡിലെ സിസിടിവികളില്‍നിന്ന് ഇവരുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. ഗോപാലപുരം വഴി തമിഴ്നാട്ടിലേക്ക് പോയെന്ന വിവരം ലഭിച്ചതോടെ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെ പൊള്ളാച്ചിയില്‍നിന്നും കുട്ടികളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തി. തുടര്‍ന്ന് പൊള്ളാച്ചി, കോയമ്പത്തൂര്‍ മേഖലകള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കുകയായിരുന്നു.
സ്കൂള്‍ വിദ്യാര്‍ഥികളെ കാണാതായി അഞ്ചാം ദിവസമാണ് ഇവരെ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെ കോയമ്പത്തൂരിലെത്തിയ ആലത്തൂര്‍ പോലീസ് കുട്ടികളെ ഏറ്റെടുത്തു. ഇവര്‍ക്ക് കൗണ്‍സിലിങ് നല്‍കുമെന്ന് ആലത്തൂര്‍ പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: