തിരുവനന്തപുരം: എംജി സര്‍വകലാശാലയ്ക്ക് മുന്നില്‍ സത്യഗ്രഹം നടത്തുന്ന ഗവേഷണ വിദ്യാര്‍ഥിനിയുടെ സമരത്തെ വിമര്‍ശിച്ച് പിന്നോക്ക ക്ഷേമമന്ത്രി കെ രാധാകൃഷ്ണന്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട തനിക്കെതിരെ ജാതീയ അധിക്ഷേപം നടത്തിയ സര്‍വകലാശാലയിലെ പ്യുവര്‍ ആന്‍ഡ് അപ്ലൈഡ് ഫിസിക്സ് ഡയറക്ടര്‍ ഡോ. നന്ദകുമാര്‍ കളരിക്കലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥിനി സമരം നടത്തുന്നത്.
ആവശ്യങ്ങളെല്ലാം അംഗീകരിച്ചിട്ടും സമരവുമായി മുന്നോട്ട് പോകുന്നതിന്റെ താല്‍പ്പര്യമെന്താണെന്നാണ് മന്ത്രി നിയമസഭയില്‍ ചോദിച്ചത്. സര്‍ക്കാര്‍ കൃത്യമായി ഇടപെട്ടിട്ടും സമരവുമായി വിദ്യാര്‍ത്ഥിനി മുന്നോട്ട് പോകുന്നതിലെ അതൃപ്തിയാണ് മന്ത്രി പ്രകടിപ്പിച്ചത്. വിദ്യാര്‍ത്ഥിനിയുടെ സമരം പതിനൊന്നു ദിവസമായി സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ തുടരുകയാണ്.
വിദ്യാര്‍ത്ഥിനിക്ക് ഗവേഷണം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തത് പല കാരണങ്ങളാലാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് വേണ്ടി മറുപടിപറഞ്ഞ മന്ത്രി കെ രാധാകൃഷ്ണന് വിശദീകരിച്ചു. 2019ല്‍ വിദ്യാര്‍ഥിനിയുടെ ഗവേഷണ കാലാവധി കഴിഞ്ഞിരുന്നു. എന്നാല്‍ ഇതിന് ശേഷവും വിദ്യാര്‍ഥിനിക്ക് ഗവേഷണം നടത്താന്‍ സര്‍വ്വകലാശാല അനുമതി നല്കി. ഇതിനിടെയാണ് അധ്യാപകന് നന്ദകുമാറിനെതിരെ പരാതി വന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി തന്നെ ഇടപെട്ട് നന്ദകുമാറിനെ വകുപ്പില്‍ നിന്ന് നീക്കി. എന്നാല്‍ അധ്യാപകനെ പിരിച്ചുവിടണമെന്ന ദീപയുടെ ആവശ്യത്തില്‍ സര്‍വകലാശാല ചട്ടങ്ങള്‍ക്കനുസരിച്ചു മാത്രമേ നടപടി എടുക്കാന്‍ സാധിക്കുവെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം വകുപ്പ് മേധാവി പദവിയില്‍ നിന്ന് നന്ദകുമാര്‍ കളരിക്കലിനെ മാറ്റി നിര്‍ത്തുന്നതായി എംജി യൂണിവേഴ്സിറ്റി അറിയിച്ചു. ശനിയാഴ്ച ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. വിദേശത്തായതിനാലാണ് നന്ദകുമാറിനെ മാറ്റിയതെന്നാണ് സര്‍വ്വകലാശാലയുടെ വിശദീകരണം.
അതേസമയം നന്ദകുമാര്‍ കളരിക്കലിനെതിരെയുള്ള സര്‍വകലാശാലയുടെ നടപടി കണ്ണില്‍ പൊടിയിടാനുള്ളത് മാത്രമാണെന്നും സമരത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് ഗവേഷക വിദ്യാര്‍ഥിനി പ്രതികരിച്ചു. നന്ദകുമാറിനെ വകുപ്പില്‍ നിന്നും പിരിച്ചു വിടണമെന്നാണ് തന്റെ ആവശ്യം. സര്‍വകലാശാല വൈസ് ചാന്‍സിലര്‍ സാബു തോമസിനെ സ്ഥാനത്ത്നിന്നും മാറ്റണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടണമെന്നും വിദ്യാര്‍ഥിനി ആവശ്യപ്പെട്ടു.
നന്ദകുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് സര്‍വ്വകലാശാലയില്‍ സമരം നടത്തുന്ന ദളിത് ഗവേഷക ഉന്നയിച്ചിരുന്നത്. പ്രോജക്ട് ചെയ്യാനുള്ള സൗകര്യം അനുവദിക്കാതെയും ടിസി തടഞ്ഞുവച്ചും നാനോ സയന്‍സ് ഡയറക്ടര്‍ നന്ദകുമാര്‍ കളരിക്കലിന്റെ നേതൃത്വത്തില്‍ സര്‍വകലാശാല അധികൃതര്‍ ദ്രോഹിച്ചുവെന്നും ജാതിയുടെ പേരില്‍ വിവേചനമുണ്ടായെന്നുമായിരുന്നു. പിഎച്ച്ഡി പ്രവേശനം നല്കാതിരിക്കാനും പരമാവധി ശ്രമിച്ചെന്നുമായിരുന്നു വിദ്യാര്‍ഥിനിയുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: