ഭാരതത്തിന്റെ ആത്മീയതയുടെയും സാംസ്കാരിക പൈതൃകത്തിന്റെയും അടിസ്ഥാനമായി നിലകൊള്ളുന്ന അദ്വൈതവേദാന്തത്തിന്റെ നെടുംതൂണായി വിരാജിക്കുന്നു ആദി ശങ്കരാചാര്യ കൃതികള്‍. അവ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമാണ് സൗന്ദര്യലഹരീ ഉപാസനായജ്ഞം. ഹരിദ്വാര്‍ മഹാകുംഭമേളയിലെ നമാമിശങ്കരാവസരത്തിലെ മഹാമണ്ഡലേശ്വര്ജിമാരോടൊപ്പമുള്ള യോഗതീരുമാനം അനുസരിച്ചായിരുന്നു ഇത്.
ശ്രീശങ്കരകൃതവും ശിവശക്തിസ്വരൂപിണിയായ മഹാദേവിയുടെ മന്ത്രസമാനമായ 100 ശ്ലോകങ്ങളടങ്ങുന്ന സൗന്ദര്യ ലഹരി ആചാര്യന്മാരില് നിന്നും നേരിട്ട് പഠിക്കുന്ന അധ്യയനലഹരി സെപ്തംബര്‍ 8 നാണ് തുടങ്ങിയത്. സന്ന്യാസിശ്രേഷ്ഠരുടെയും ആചാര്യവര്യന്മാരുടെയും നേതൃത്വത്തില്‍ സൗന്ദര്യലഹരീ ഉപാസനാമണ്ഡലി രൂപീകരിച്ചുകൊണ്ടാണ് കേരളത്തില്‍ ഉപാസനായജ്ഞം നടന്നത്. നവംബര്‍ 12 ന് അധ്യയനം പൂര്‍ണ്ണമാകും.തുടര്‍ന്ന് തൃക്കാര്‍ത്തിക ദിവസമായ നവംബര്‍ 19 ന് ലോകമംഗളത്തിനായി ഒരുലക്ഷത്തിലധികം പേര് സൗന്ദര്യലഹരീ പാരായണം ചെയ്യുന്ന മഹാസങ്കല്പം നടക്കും.
ഓണ്‍ലൈന്‍ പഠനമായ അധ്യയനലഹരിയില് ഗൂഗിള്മീറ്റിലൂടെയും സൂമിലൂടെയും ആയിരക്കണക്കിന് സജ്ജനങ്ങള്‍ ആചാര്യന്മാരില് നിന്നും നേരിട്ട് സൗന്ദര്യലഹരി പഠിക്കുന്നു. ഇതിന് നേതൃത്വം കൊടുക്കുന്ന സ്വാമി അധ്യാത്മാനന്ദസരസ്വതി, സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, സ്വാമി ശങ്കരാമൃതാനന്ദപുരി, സ്വാമിനി ദേവിജ്ഞാനാഭനിഷ്ഠ, ഡോ.കെ ഉണ്ണിക്കൃഷ്ണന്, പറവൂര്‍ ജ്യോതിസ്, ജയലക്ഷ്മിടീച്ചര്‍ എന്നിവരായിരുന്നു ആചാര്യന്മാര്.
പുരാതനകാലം മുതല്‍തന്നെ ഗുരുശിഷ്യ പരമ്പരയിലൂടെ അവിരാമം തുടര്‍ന്നുകൊണ്ടിരിക്കുന്നതാണ് ബ്രഹ്മവിദ്യാധിഷ്ഠിതമായ സാമ്പ്രദായിക പഠനപാഠനം. ആ പരമ്പരയിലെ അടിസ്ഥാന ഗ്രന്ഥങ്ങളിലെ ജ്ഞാനരത്നങ്ങള്‍ കൃതകൃത്യങ്ങളായത് ശ്രീശങ്കര ഭഗവത്പാദരിലൂടെയാണ്. സൂക്ഷ്മദൃക്കുകള്‍ക്കു മാത്രമേ അവയുടെ പ്രകാശം കാണാനും വിലയിരുത്തുവാനും കഴിഞ്ഞിരുന്നുള്ളു. ആ അമൂല്യരത്നങ്ങള്‍ തേടിയെടുത്ത് മനോഹരമായി അടുക്കിയൊരുക്കുകയാണ് പ്രസ്ഥാനത്രയത്തിന്റെ പ്രസന്നഗംഭീരങ്ങളായ ഭാഷ്യങ്ങളിലൂടെ ആചാര്യര്‍ നിര്‍വഹിച്ചത്. മോക്ഷപ്രാപ്തിക്ക് ജ്ഞാനമല്ലാതെ മറ്റുപായങ്ങള്‍ ഒന്നുംതന്നെയില്ലെന്ന് ശങ്കയ്ക്ക് പഴുതില്ലാത്തവണ്ണം ആചാര്യപാദര്‍ പ്രസ്ഥാനത്രയഭാഷ്യത്തില് സമര്‍ത്ഥിച്ചിരിക്കുന്നു.
ഒരുപരിധിവരെ ഈ ഭാഷ്യങ്ങളെയും അതിന്റെ താത്പര്യത്തെയും അറിയാനായി ശ്രമിച്ചു കൊണ്ടിരിക്കുന്നത് വളരെക്കുറച്ച് ജിജ്ഞാസുക്കളും സാധകരും മാത്രമാണ്. എന്നാല്‍ സാധാരണക്കാരെയും മുന്നില്‍ക്കണ്ടുകൊണ്ട് മഹാമനീഷിയായ ആചാര്യപാദര്തന്നെ അനേകം പ്രകരണങ്ങളും സ്തോത്രങ്ങളും നമുക്ക് രചിച്ചു നല്‍കിയിട്ടുണ്ട്. അവയുടെ ശരിയായ പഠനം നമ്മെ ഭാഷ്യാര്ഥത്തിലേക്കും തദ്വാരാ പരമ പുരുഷാര്ഥത്തിലേക്കും നയിക്കും.
ഇതിനായുള്ള ശ്രമം എല്ലാ പരമ്പരകളിലൂടെയും നടന്നുകൊണ്ടിരിക്കുന്നുവെങ്കിലും സമൂഹത്തിന്റെ എല്ലാതലങ്ങളെയും സ്പര്‍ശിക്കുന്ന പരിപാടികള്‍ക്കുള്ള കൂട്ടായ പ്രവര്‍ത്തനം പ്രത്യക്ഷത്തില്‍ ഉണ്ടാകാറില്ലായിരുന്നു. ആചാര്യ പരമ്പരകളിലൂടെയും വിദ്വത് മണ്ഡലികളിലൂടെയുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം നല്‍കിയിരുന്നത്.
എല്ലാതലങ്ങളിലും ശാങ്കരസന്ദേശം എത്തിക്കാനുള്ള വിപുലമായ ആഹ്വാനം ശൃംഗേരി ശാരദാപീഠാധിപതി ജഗദ്ഗുരു ശങ്കരാചാര്യ ശ്രീ ശ്രീ ഭാരതീതീര്‍ഥ മഹാസ്വാമികളില്നിന്നുമുണ്ടായി. അതിന് ശൃംഗേരി മഠത്തിന്റെ ഉപപീഠസ്ഥാനത്തുള്ള മൈസൂര്‍ യാദത്തൂര്‍ മഠത്തിലെ പൂജനീയ ശ്രീ ശ്രീ ശങ്കരഭാരതി സ്വാമികളെ ചുമതലപ്പെടുത്തുകയും ഈ ലക്ഷ്യത്തില്‍ വേദാന്തഭാരതിയെന്ന പേരിലുള്ള ഒരു സ്വാതന്ത്ര സംവിധാനത്തിനു രൂപംകൊടുക്കുകയും ചെയ്തു.
് വേദാന്തഭാരതിയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ ആസൂത്രണംചെയ്ത് നടപ്പാക്കി. വിദ്യാര്‍ഥികളെ ലക്ഷ്യംവെച്ചുകൊണ്ട് ആചാര്യകൃതമായ പ്രശ്നോത്തര രത്നമാലികയുടെ പ്രധാനഭാഗങ്ങള്‍ വിവേകദീപിനീ എന്ന പുസ്തകരൂപത്തില്‍ തയ്യാറാക്കി ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളില്‍ ശാങ്കരസന്ദേശം എത്തിച്ചു.
കര്‍ണ്ണാടകയില്‍ വലിയ ഒരുക്കങ്ങളോടെ ക്രമികമായി സൗന്ദര്യലഹരി പഠിപ്പിക്കുകയും ഒരുലക്ഷത്തിലധികംപേര്‍ ഒത്തുചേര്‍ന്ന് 29.10.2017 ല്‍ ബാംഗ്ലൂരില്‍ സൗന്ദര്യലഹരീമഹാസമര്പ്പണം നടത്തുകയുണ്ടായി. ഈ മഹാസമര്പ്പണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുത്തു.
ഇത് ഭാരതമെമ്പാടും നടപ്പിലാക്കുക എന്നലക്ഷ്യത്തില്‍ 2020 ജനുവരി 25,26 തീയതികളില്‍ ശൃംഗേരിയില്ശൃംഗേരി ശാരദാപീഠം ഉത്തരാധികാരിയായുള്ള ശ്രീ ശ്രീ വിധുശേഖരഭാരതി സ്വാമികളുടെ സാന്നിധ്യത്തില്‍ എല്ലാ സന്ന്യാസാശ്രമങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികള്‍ ഒത്തുചേര്‍ന്ന് ചര്‍ച്ചചെയ്യുകയും മൈസൂരില്‍ നടന്ന തുടര്മേളനങ്ങളില് പൂര്‍ണ്ണരൂപം ഉണ്ടാക്കുകയും ചെയ്തു.
ഹരിദ്വാറില്‍ നടന്ന മഹാകുംഭമേളയിലെ ഏറ്റവും പ്രധാന പരിപാടികളിലൊന്നായിരുന്നു മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 29 വരെ നടന്ന നമാമിശങ്കരം. ഇതില്‍ ശ്രീ ശ്രീ ശങ്കരഭാരതി സ്വാമി പങ്കെടുക്കുകയും അവിടെ നടന്ന മഹാമണ്ഡലേശ്വരന്മാരുടെയെല്ലാം മേളനങ്ങളിലൂടെ ‘സ്തോത്രപ്രകരണാഭ്യാം ച ഭാഷ്യാര്ഥമുപബൃംഹയേത്’ – എന്ന വാക്യത്തെ പ്രകടമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഭാരതമെമ്പാടും നടത്താനുള്ള പ്രഖ്യാപനമുണ്ടായി.
നമ്മെയെല്ലാം ഭൗതികമായും ആധ്യാത്മികമായും ഉന്നമിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ ലോകത്തിനു മുഴുവന്‍ ആധ്യാത്മികവും ആധിഭൗതികവും ആധിദൈവികവുമായ ത്രിവിധ ശാന്തിയും ഉണ്ടാകണമെന്നു പ്രാര്‍ത്ഥിച്ചു കൊണ്ടും മംഗളകാരിയായ ഒരു പാരായണയജ്ഞത്തിനാണ് പ്രഥമാഹ്വാനം ഉണ്ടായത്. ശീശങ്കരഭഗവത്പാദകൃതവും ശിവശക്തിസ്വരൂപിണിയായ മഹാദേവിയുടെ മന്ത്രസമാനമായ 100 ശ്ലോകങ്ങളടങ്ങുന്ന കൃതിയായ സൗന്ദര്യ ലഹരിയാണ് പാരായണത്തിനായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. കേരളത്തിലും നമ്മുടെ സന്ന്യാസിവര്യന്മാരും മറ്റ് ആചാര്യവര്യന്മാരുമെല്ലാം ഒത്തുകൂടി സൗന്ദര്യലഹരീ ഉപാസനായജ്ഞത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
വ്യാവഹാരിക ജീവിതത്തിലെ കഷ്ടതകള്‍ക്ക് പരിഹാരമായി സൗന്ദര്യലഹരിയിലെ പല മന്ത്രങ്ങളും ജപിച്ചിട്ടുള്ളതും അവയെല്ലാം വിദ്യാലാഭം, രോഗമുക്തി, ഭയശാന്തി, ധനവൃദ്ധി തുടങ്ങീ അനേകം അനുഗ്രഹങ്ങള്‍ ചൊരിഞ്ഞിട്ടുള്ളതും അനുസ്മരിക്കുമ്പോഴാണ് ഈ കാലത്ത് സൗന്ദര്യലഹരിയെത്തന്നെ ഉപാസിക്കാന്‍ ആചാര്യ നിര്‍ദ്ദേശം ഉണ്ടായി
സൗന്ദര്യലഹരീ സ്തോത്രം..
വേദാന്ത പ്രതിപാദകമായ അര്‍ത്ഥം അറിയുന്നതുതുടങ്ങി, ആത്മസാക്ഷാത്കാരംവരെയുള്ള അനുഭവം സ്തോത്രപാരായണം കൊണ്ട് സിദ്ധിക്കുന്നതാണ്. കലിയുഗത്തില്‍ ജപയജ്ഞത്തിനാണ് അധികം പ്രാധാന്യമുള്ളത്. ജപയജ്ഞത്തിന് ഉപയോഗപ്പെടുന്നവയാണ് സ്തോത്രങ്ങള്‍. ജപയജ്ഞത്തിനു പണ്ഡിതപാമരഭേദം കൂടാതെ എല്ലാവരും അധികാരികളാണ്.
മന്ത്രം, സ്തോത്രം, നാമസങ്കീര്‍ത്തനം മുതലായവ മാനവ സമുദായത്തിന്റെ സദാചാരബോധത്തിനും ആഭ്യന്തരസംസ്കാരത്തിനും വഴിതെളിക്കുന്നു. ഇഷ്ടദേവതയുടെ ഗുണവര്ണനമാണ് അവയിലെ പ്രതിപാദ്യം. അതുപോലെതന്നെ ധ്യാനരൂപേണയുള്ള നിരവധി മാനസികപൂജാസ്തോത്രങ്ങളും ശ്രീശങ്കര കൃതമായുണ്ട്.
ജീവാത്മപരമാത്മാക്കളുടെ ഏകത്വജ്ഞാനമാണ് മോക്ഷോപായമെന്നും ജ്ഞാനത്തിന് ചിത്തശുദ്ധിയാണ് ഉപകരണമെന്നും ഭക്തികൂടാതെ ചിത്തശുദ്ധിയുണ്ടാകയില്ലെന്നും ഭക്തിക്ക്, അഹന്താമമതാദികളെ ത്യജിച്ച് ഈശ്വരനില്‍ സ്വയം സമര്‍പ്പിച്ച് നിഷ്കാമമായി ഇഷ്ടാപൂര്ത്താദി കര്‍മം ചെയ്ത് ഈശ്വരാനുഗ്രഹം സമ്പാദിക്കണമെന്നുമാണ് ശാങ്കരമതം.
ഈശ്വരനെ നിര്‍ഗുണനായും സഗുണനിരാകാരനായും ഭാവനചെയ്തുപാസിക്കുന്നതിന് ശ്രീശങ്കരന് അനുകൂലിയാണ്. സകാര ഭാവത്തില്‍ ശ്രീശങ്കരന് ശിവവിഷ്ണ്വാദി ഭേദങ്ങളില്ല. എല്ലാ മുഖ്യദേവന്മാരെയും ഉദ്ദേശിച്ച് തത്തദുപാസകര്ക്കുവേണ്ടി അദ്ദേഹം സ്തോത്രങ്ങള്‍ രചിച്ചിട്ടുണ്ട്. ഓരോ ഈശ്വരഭാവത്തെയും സ്തുതിക്കുമ്പോള്‍ അതതുഭാവത്തെ പരമോത്കൃഷ്ടമായി പ്രസ്താവിക്കുകയും ചെയ്യുന്നു. ശൈവന് ശിവനും വൈഷ്ണവന് വിഷ്ണുവും ദേവീഭക്തന് ദേവിയുമാണ് ശാങ്കരാഭിപ്രായത്തില് പരമോത്കൃഷ്ടമൂര്ത്തി.
ആനന്ദദായകത്വംകൊണ്ടും അഭീഷ്ടാര്ത്ഥസാധകത്വം കൊണ്ടും പ്രാധാന്യമര്‍ഹിക്കുന്ന ദേവീസ്തോത്രങ്ങള്‍ രൂപവര്ണനാപരങ്ങളും സൂക്ഷ്മതത്ത്വപ്രതിപാദകങ്ങളുമാണ്. അവയില്‍ മുഖ്യമാണ് ൗന്ദര്യലഹരീസ്തോത്രം നൂറു ശ്ലോകങ്ങള്‍ അടങ്ങുന്ന ഭാവനാസുന്ദരമായ ഒരു സ്തോത്രകൃതിയാണ് സൗന്ദര്യലഹരീ. ദേവ്യുപാസനാസരണിയിലെ പലനിഗൂഢതത്ത്വങ്ങളും ഉള്‍ക്കൊള്ളുന്ന ആദ്യത്തെ നാല്പത്തിയൊന്നു ശ്ലോകങ്ങളെ ആനന്ദലഹരിയെന്നും തുടര്‍ന്ന് മഹാദേവിയുടെ കേശാദിപാദവര്ണ്ണനമടങ്ങുന്ന 59 ശ്ലോകങ്ങളെ സൗന്ദര്യലഹരിയെന്നുമുള്ള രീതിയില്‍ വിഭജിച്ചു പറയാറുണ്ട്.
ബ്രഹ്മവിദ്യാസ്വരൂപിണിയായ ശക്തിക്കധീനമാണ് പ്രപഞ്ചത്തിലെ സകല ഘടകങ്ങളും. ആ ശക്തിസ്വരൂപിണീ ഭാവത്തെയെല്ലാം ആചാര്യഭഗവദ്പാദര് അതിമനോഹരമായി ഈ കൃതിയില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു. അവസാനത്തെ നാലുശ്ലോകങ്ങളിലൂടെ ദേവിയെ പരബ്രഹ്മാകാരയായി സങ്കല്പിച്ചുകൊണ്ട് പരാനന്ദത്തെ അര്‍ത്ഥിക്കുന്ന ശ്രീശങ്കരന്, ഭക്തനെ നിത്യോപാസനത്തിലൂടെ കൈപിടിച്ചുയര്‍ത്തി മോക്ഷപദത്തിലേയ്ക്കെത്തിക്കുന്നു.
ലക്ഷ്മീധരാ, സൗഭാഗ്യവര്ദ്ധിനീ, അരുണാമോദിനി, ആനന്ദഗിരിയാ, താത്പര്യദീപിനീ, പദാര്ത്ഥചന്ദ്രികാ, ഡിണ്ടിമഭാഷ്യം, ഗോപാലസുന്ദരീ, ആനന്ദലഹരീ, കൈവല്യവര്ദ്ധിനീ തുടങ്ങി സംസ്കൃതഭാഷയില്‍ത്തന്നെ വിരചിതമായ അനേകം വ്യാഖ്യാനങ്ങള്‍ സൗന്ദര്യലഹരിക്കുണ്ട്. മലയാളത്തിലും മറ്റ് ഭാരതീയഭാഷകളിലും വിദേശഭാഷകളിലുമെല്ലാം ധാരാളം വ്യാഖ്യാനങ്ങള്‍ ലഭ്യമാണ്.
സംസ്കൃതത്തിലെ ഛന്ദസ്സുകളില്‍ ഭക്ത്യുദ്ഗമകമായ ശിഖരിണി വൃത്തത്തിലാണ് ഇതിന്റെ രചന. പതിനേഴ് അക്ഷരങ്ങളുള്ള ശ്ലോകങ്ങള്‍ സ്തോത്രമായും ഗാനമായും ചൊല്ലിപഠിപ്പിക്കാനുതകുന്നതുമാണ്.
മഹാസങ്കല്പം
ഗുരുപൂര്‍ണിമ (ജൂലൈ 24) മുതല്‍ ദിനവും ഓരോ ശ്ലോകവും ഓണ്‍ലൈനായി പഠിക്കാനയിരന്നു തീരുമാനം. ഇതിനകം നിഷ്ഠയോടെ ശ്രമിച്ച് എല്ലാ സജ്ജനങ്ങളും ഒരേ രീതിയില്‍ ഒരേ സമയം കൊണ്ട് പൂര്‍ണമായും ചൊല്ലാനായി പ്രാപ്തരാകും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പാരായണക്രമം ശരിയാക്കി സര്വ്വവ്യാധിപ്രശമ്നിയായ മഹാദേവിയുടെ അനുഗ്രഹത്തിലൂടെ ലോകമംഗളത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ട് തൃക്കാര്‍ത്തിക ദിവസമായ 2021 നവംബര്‍ 19 ന് എല്ലാവരും ഒന്നായി ഒരേസമയം പാരായണം ചെയ്യും.
ശ്ലോകങ്ങള്‍ അക്ഷരത്തെറ്റുവരാതെയും ഉച്ചാരണത്തെറ്റുവരാതെയും എല്ലാവരും ഒരേരീതിയില്‍ ചൊല്ലാന്‍ പഠിക്കുക എന്നതാണ് ആദ്യലക്ഷ്യം. അതിനായുള്ള പരിശീലനത്തിനായാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്.
സൗന്ദര്യലഹരീ ഉപാസന
1.ശൃംഗേരി ശാരദാപീഠാധിപതി ജഗദ്ഗുരു ശങ്കരാചാര്യ ശ്രീ ശ്രീ ഭാരതീതീര്ഥമഹാസ്വാമികളുടെ നിര്‍ദ്ദേശത്താല്‍ വേദാന്തഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂജനീയ ശ്രീ ശ്രീ ശങ്കരഭാരതി സ്വാമികളുടെ നേതൃത്വത്തിലാരംഭം കുറിക്കുന്നു.
2. 29.10.2017 ല്‍ ഒന്നരലക്ഷത്തിലധികംപേര്‍ പങ്കെടുത്ത ബാംഗ്ലൂരിലെ സൗന്ദര്യലഹരീ പാരായണയജ്ഞം.
3. ശൃംഗേരിയിലെ 2020 ജനുവരി 25,26 ലെ ശ്രീശങ്കരയശോലഹരീ തീരുമാനം
4. 2021 ഹരിദ്വാര്‍ മഹാകുംഭമേളയിലെ നമാമിശങ്കരാവസരത്തിലെ മഹാമണ്ഡലേശ്വര്ജിമാരോടൊപ്പമുള്ള യോഗതീരുമാനം – സ്തോത്രപ്രകരണാഭ്യാം ച ഭാഷ്യാര്ഥമുപബൃംഹയേത്
5. കേരളത്തിലെ എല്ലാ സന്ന്യാസിശ്രേഷ്ഠരുടെയും ആചാര്യവര്യന്മാരുടെയും നേതൃത്വത്തില്‍ മണ്ഡലി രൂപീകരണാലോചനയും സൗന്ദര്യലഹരീഉപാസനാമണ്ഡലി രൂപീകരണവും
6. മഹാസങ്കല്പം -ലോകമംഗളത്തിനായി ഒരുലക്ഷത്തിലധികം പേരുടെ സൗന്ദര്യലഹരീ പാരായണം -2021 നവംബര്‍ 19 തൃക്കാര്‍ത്തികയ്ക്ക് വൈകിട്ട് 5 ന് തിരുവനന്തപുരത്ത് എന്നു നിശ്ചയിക്കുന്നു.
7. ഗുരുപൂര്‍ണിമയ്ക്ക് പൂജനീയ സ്വാമി സ്വപ്രഭാനന്ദജി ഉദ്ഘാടനം നിര്‍വ്വഹിച്ച് സമാരംഭിച്ച പഠനം ദിവസവും ഒരുശ്ലോകംവീതം പഠിക്കുന്നതിനും അനുബന്ധപരിപാടികള്‍ക്കും വ്യവസ്ഥയാകുന്നു.
8. എല്ലാസന്ന്യാസിവര്യരുടെയും മറ്റു മഹാത്മാക്കളുടെയും അഭിപ്രായങ്ങള്‍ ആചാര്യസഭയിലൂടെയും അല്ലാതെയും ലഭ്യമാക്കിക്കൊണ്ട് ഉപാസനാമണ്ഡലിയുടെ പ്രവര്‍ത്തനം.
9. തുടര്‍ന്ന് സൗന്ദര്യലഹരീ മഹിമ വെളിവാക്കുന്ന പലവിധ സഭകള്‍
10. കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി നടന്ന ശൈശവലഹരി, വിദ്യാലഹരി, യുവലഹരി എന്നീ പരിപാടികള്‍.
11. 2021 സെപ്തംബര്‍ 8 ന് സമാരംഭിച്ച ഓണ്‍ലൈന്‍ പഠനം
12. നവരാത്രിക്ക് 1008 കേന്ദ്രങ്ങളില്‍ സൗന്ദര്യലഹരിയിലെ ആദ്യത്തെ 41 ശ്ലോകങ്ങളായ ആനന്ദലഹരി ചൊല്ലല്‍. ഇപ്പോഴത്തെ വിവരമനുസരിച്ച് 89 രാജ്യങ്ങളിലെയും ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലെയും മലയാളികളുടെ കൂട്ടായ്മയിലൂടെ 1200 ലധികം കേന്ദ്രങ്ങളിലായി പരിപാടികള്‍ സംഘടിപ്പിച്ചു.
13. ദൃശ്യശ്രവ്യലഹരിയെന്ന സൗന്ദര്യലഹരീ സംബന്ധിയായ നവരാത്രികാല പരിപാടികള്‍ – സംഗീതലഹരി, നങ്ങ്യാര്‍ക്കൂത്ത്, പാഠകം, മോഹിനിയാട്ടം, തോല്‍പ്പാവക്കൂത്ത്, രാഗമാലിക, പ്രഭാഷണം
14. വാട്സ്ആപ് ഗ്രൂപ്പുകള്‍, ടെലഗ്രാം, ഫേസ്ബുക്ക്, യൂടൂബ്, സൂം, ഗൂഗിള്‍മീറ്റ്, ംംം.ൗുമമെിമഹമവമൃശ.ശി എന്നിവയിലൂടെയെല്ലാമുള്ള അധ്യയനം.
15.ശ്രീ ശ്രീ ശങ്കരഭാരതി സ്വാമികളുടെ കേരളത്തിലേക്കുള്ള യാത്രയിലെ വിവിധ മേളനങ്ങള്‍ – കോഴിക്കോട്, പാലക്കാട്, തൃശൂര്‍, കാലടി, കൊല്ലം, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലുണ്ടാവും.
16. സമാപന കാര്യക്രമം – തൃക്കാര്ത്തികാദിവസമായ 2021 നവംബര്‍ 19 വെള്ളിയാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 5 മണിക്ക് സമര്‍പ്പണം. സ്വാമിജിമാരുടെയും വിശിഷ്ടവ്യക്തികളുടെയും സാന്നിധ്യത്തില്‍ പ്രധാന പരിപാടി തിരുവനന്തപുരത്ത് നടക്കും. അതോടൊപ്പം സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് നേരത്തെ സൂചിപ്പിച്ച 1008 ലധികം കേന്ദ്രങ്ങളിലും എല്ലാ സജ്ജനങ്ങളും ഒത്തുചേര്‍ന്നുള്ള പരിപാടികളുമുണ്ടാകും.
സൗന്ദര്യലഹരീഉപാസനാമണ്ഡലി
ഈ പരിപാടികളുടെയെല്ലാം സംയോജനം നിര്‍വ്വഹിക്കുന്നത് ശ്രീശങ്കരാചാര്യസ്വാമികളാല്‍ സ്ഥാപിതമായതും നമ്മുടെ ധാര്മ്മികകാര്യങ്ങളുടെ പരമോന്നതസ്ഥാനവുമായ ശൃംഗേരിമഠത്തിന്റെ മാര്‍ഗ നിര്‍ദ്ദേശത്തിലുള്ള വേദാന്തഭാരതിയുടെയും കേരളത്തിലെ എല്ലാസന്ന്യാസാശ്രമങ്ങളുടെയും ആധ്യാത്മിക- സാംസ്കാരിക സംഘടനകളുടെയും കൂട്ടായ്മയില്‍ രൂപീകൃതമായ സൗന്ദര്യലഹരീഉപാസനാമണ്ഡലിയാണ്.
9747931007, 9447097407
പ്രതികരിക്കാൻ ഇവിടെ എഴുതുക: