കോട്ടയം : ആരോപണവിധേയനായ അധ്യാപകന് ഡോ. നന്ദകുമാറിനെ നാനോ സയന്‍സസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് പുറത്താക്കുന്നത് വരെ സമരം പിന്‍വലിക്കില്ലെന്ന നിലപാടിലാണ് ഗവേഷക. വിസിയും നന്ദകുമാറും ചട്ടം ലംഘിച്ച് പ്രവര്‍ത്തിച്ചതിന്റെ തെളിവുകള്‍ പുറത്തുവിടുമെന്നും ഗവേഷക ദീപ മോഹനന് അറിയിച്ചു.
അതിനിടെ നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്നോളജി വകുപ്പ് മേധാവി പദവിയില്‍ നന്ദകുമാര്‍ കളരിക്കലിനെയാണ് മാറ്റി നിര്‍ത്തുന്നതായി എംജി യൂണിവേഴ്സിറ്റി അറിയിച്ചു. ശനിയാഴ്ച ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.
വിദേശത്തായതിനാലാണ് നന്ദകുമാറിനെ മാറ്റിയതെന്നാണ് സര്‍വ്വകലാശാലയുടെ വിശദീകരണം. നാനോ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ചുമതല വിസി നേരിട്ട് ഏറ്റെടുക്കും. വിഷയം ഗവര്‍ണറുടെ ശ്രദ്ധയില്‍ പെട്ടതോടെ കോട്ടയം ഗസ്റ്റ് ഹൗസില്‍ വച്ച് എംജി സര്‍വകലാശാല വിസി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ഗവേഷകയുടെ വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികളും ഗവര്‍ണറെ അറിയിച്ചു.
അതേസമയം നന്ദകുമാര്‍ കളരിക്കലിനെതിരെയുള്ള സര്‍വകലാശാലയുടെ നടപടി കണ്ണില്‍ പൊടിയിടാനുള്ളത് മാത്രമാണെന്നും സമരത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് ഗവേഷക വിദ്യാര്‍ഥിനി പ്രതികരിച്ചു. നന്ദകുമാറിനെ വകുപ്പില്‍ നിന്നും പിരിച്ചു വിടണമെന്നാണ് തന്റെ ആവശ്യം. സര്‍വകലാശാല വൈസ് ചാന്‍സിലര്‍ സാബു തോമസിനെ സ്ഥാനത്ത്നിന്നും മാറ്റണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.
നന്ദകുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് സര്‍വ്വകലാശാലയില്‍ സമരം നടത്തുന്ന ദളിത് ഗവേഷക ഉന്നയിച്ചിരുന്നത്. പ്രോജക്ട് ചെയ്യാനുള്ള സൗകര്യം അനുവദിക്കാതെയും ടിസി തടഞ്ഞുവച്ചും നാനോ സയന്‍സ് ഡയറക്ടര്‍ നന്ദകുമാര്‍ കളരിക്കലിന്റെ നേതൃത്വത്തില്‍ സര്‍വകലാശാല അധികൃതര്‍ ദ്രോഹിച്ചുവെന്നും ജാതിയുടെ പേരില്‍ വിവേചനമുണ്ടായെന്നുമായിരുന്നു. പിഎച്ച്ഡി പ്രവേശനം നല്കാതിരിക്കാനും പരമാവധി ശ്രമിച്ചെന്നുമായിരുന്നു ദീപയുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: