ന്യൂദല്‍ഹി : സിദ്ദിഖ് കാപ്പന് കേസിന്റെ പേരില്‍ ‘ഓര്‍ഗനൈസര്‍’ അസോഷ്യേറ്റ് എഡിറ്റര്‍ ജി.ശ്രീദത്തനു പോപ്പുലര്‍ ഫ്രണ്ടുകാരുടെ വധഭീഷണി. സിദ്ദിഖ് കാപ്പനെതിരെ യുപി പൊലീസിനു വിവരങ്ങള്‍ കൈമാറിയതു ശ്രീദത്തനാണെന്ന് ‘ന്യൂസ്ലൗന്‍ട്രി’ പോര്‍ട്ടല്‍ വാര്‍ത്ത പുറത്തു വിട്ടതിനു പിന്നാലെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ശ്രീദത്തനു നിരന്തരം ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നത്.
സിദ്ദിഖ് കാപ്പനെ നിരപരാധിയായി ചിത്രീകരിക്കാന്‍ ദേശീയ, രാജ്യാന്തര മാധ്യമങ്ങളിലൂടെ നടത്തുന്ന വ്യാപക പ്രചരണത്തിന്റെ ഭാഗമായാണ് ശ്രീദത്തനെതിരെ ‘ന്യൂസ്ലൗന്‍ട്രി’ വാര്‍ത്തയും. സിദ്ദിഖ് കാപ്പനു ജാമ്യം ലഭിച്ചാല്‍ കേസിലെ ഏഴു കൂട്ടുപ്രതികളെയും രക്ഷിച്ചെടുക്കാന്‍ എളുപ്പമാകുമെന്നതിനാലാണ് ഇത്തരത്തിലുള്ള നീക്കം. സിദ്ദിഖ് കാപ്പന് ഉള്‍പ്പെട്ട കേസില്‍ പോപ്പുലര്‍ ഫ്രണ്ടിനെ ന്യായീകരിക്കുന്ന പ്രചരണത്തിനായി കാപ്പന് നേരത്തേ ജോലി ചെയ്തിരുന്ന പോര്‍ട്ടലിന്റെ എക്സിക്യൂട്ടീവ് എഡിറ്റര്‍ക്കു 10 കോടി രൂപ വിദേശത്തു നിന്നു ലഭിച്ചതായി യുപി പൊലീസ് ഇന്റലിജന്‍സിനു വിവരം ലഭിച്ചിട്ടുണ്ട്. ഇയാളും ദല്‍ഹി യൂണിയന് ഓഫ് ജേണലിസ്റ്റിന്റെ ഭാരവാഹിയും ചേര്‍ന്നാണ് ദേശീയ, രാജ്യാന്തര മാധ്യമങ്ങളില്‍ സിദ്ദിഖ് കാപ്പന് അനുകൂലമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് യുപി പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇവര്‍ക്കു ഫണ്ട് ലഭിച്ചതിനെ കുറിച്ചു കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശ്രീദത്തന്റെ ഉടമസ്ഥതയിലുള്ള ‘ഇന്‍ഡസ് സ്ക്രോള്‍’ പോര്‍ട്ടലില്‍ 2020 മാര്‍ച്ചില്‍ സിദ്ദിഖ് കാപ്പനെ കുറിച്ചു പ്രസിദ്ധീകരിച്ച വാര്‍ത്തയെ കുറിച്ചു യുപി പൊലീസ് തന്നില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചതായി ശ്രീദത്തന് വെളിപ്പെടുത്തി. സിഎഎ വിരുദ്ധ സമരത്തിലും ജാമിയ സര്‍വകലാശാലയിലെ പൊലീസ് നടപടിയിലും സിദ്ദിഖ് കാപ്പന് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനെ കുറിച്ചായിരുന്നു വാര്‍ത്ത. സിദ്ദിഖ് കാപ്പന്റെ പോപ്പുലര്‍ ഫ്രണ്ട് ബന്ധവും വാര്‍ത്തയില്‍ സൂചിപ്പിച്ചിരുന്നു. വാര്‍ത്ത പ്രസിദ്ധീകരിച്ച് ഏഴു മാസങ്ങള്‍ക്കു ശേഷം, 2020 ഒക്ടോബറില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം യുപിയിലെ ഹത്രസില്‍ സിദ്ദിഖ് കാപ്പന് പിടിയിലായത് ‘ഇന്‍ഡസ് സ്ക്രോള്‍’ വാര്‍ത്തയിലെ വിവരങ്ങള്‍ക്കു സ്ഥിരീകരണമായെന്നു ശ്രീദത്തന് പറഞ്ഞു.
ഈ വാര്‍ത്തയ്ക്കെതിരെ തനിക്ക് അയക്കാനുള്ള വക്കീല്‍ നോട്ടീസ് സിദ്ദിഖ് കാപ്പന്റെ ലാപ്ടോപ്പില്‍ നിന്നു യുപി പൊലീസിനു ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അന്വേഷണമുണ്ടായത്. ഏഴു മാസത്തിനു ശേഷവും തനിക്കു വക്കീല്‍ നോട്ടീസ് ലഭിച്ചിരുന്നില്ല. യുപി പൊലീസ് ആവശ്യപ്പെട്ടതനുസരിച്ചു ‘ഇന്‍ഡസ് സ്ക്രോള്‍’ മലയാളത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ഇംഗ്ലീഷ് പരിഭാഷ കൈമാറിയതായും ശ്രീദത്തന് അറിയിച്ചു.
അഞ്ഞൂറു വാക്കു പോലുമില്ലാത്ത ഈ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് സിദ്ദിഖ് കാപ്പനെതിരെ 5000 പേജുള്ള കുറ്റപത്രം യുപി പൊലീസ് തയാറാക്കിയതെന്ന പരിഹാസ്യമായ പ്രചരണമാണ് ചില മാധ്യമങ്ങള്‍ നടത്തുന്നതെന്നു ശ്രീദത്തന് പ്രതികരിച്ചു. സിദ്ദിഖ് കാപ്പനെതിരായ കുറ്റപത്രത്തിലെയും ജാമ്യം നിഷേധിച്ച മഥുര സെഷന്‍സ് കോടതി ഉത്തരവിലെയും ഗുരുതരമായ കുറ്റാരോപണങ്ങള്‍ കണ്ടില്ലെന്നു നടിച്ചാണ് ചില മാധ്യമങ്ങളുടെ പ്രചരണം. ‘ഇന്‍ഡസ് സ്ക്രോള്‍’ വാര്‍ത്തയില്‍ പരാമര്‍ശിച്ചിട്ടേയില്ലാത്ത ഒട്ടേറെ ഗൗരവതരമായ വിവരങ്ങള്‍ യുപി പൊലീസ് അന്വേഷണത്തില്‍ പുറത്തു വന്നിട്ടുണ്ട്.
സിദ്ദിഖ് കാപ്പനു പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമൊന്നുമില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ മഥുര കോടതിയിലും സുപ്രീം കോടതിയിലും വാദിച്ചത്. പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖപത്രമായ ‘തേജസ്’ പത്രത്തില്‍ ജോലി ചെയ്യവേ കാപ്പന് നടത്തിയിട്ടുള്ള വിദേശ യാത്രകള്‍ മാധ്യമ പ്രവര്‍ത്തനത്തിനു വേണ്ടിയല്ലെന്നു വ്യക്തമായിട്ടുണ്ട്. ജോര്‍ജിയയിലും ദക്ഷിണാഫ്രിക്കയിലും ഉള്‍പ്പെടെ മാസങ്ങള്‍ നീണ്ട വിദേശ സന്ദര്‍ശനം കാപ്പന് നടത്തിയിട്ടുണ്ട്. കാപ്പന്റെ അഭിഭാഷകന് വാദിക്കുന്നതു പോലെ തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകനു ഇത്തരത്തില്‍ വിദേശ യാത്രകള്‍ നടത്താന്‍ കഴിയുമോ?
എന്‍സിഎച്ച്ആര്‍ഒ എന്ന പോപ്പുലര്‍ ഫ്രണ്ടുമായി ഉറ്റബന്ധമുള്ള മനുഷ്യാവകാശ സംഘടനയുടെ ഷഹീന് ബാഗിലെ ഓഫിസിലാണു കാപ്പന് താമസിച്ചിരുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധ പരിശീലകനായ പന്തളം സ്വദേശി അന്‍ഷാദ് ബദറുദ്ദീനും ഇവിടെ കാപ്പനൊപ്പം താമസിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ ബോംബു നിര്‍മാണ പരിശീലകനായ ഫിറോസ് ഖാനെയും അന്‍ഷാദ് ബദറുദ്ദീനെയും ട്രെയിന്‍ യാത്രയ്ക്കിടെ യുപി തീവ്രവാദ വിരുദ്ധ സേന സ്ഫോടക വസ്തുക്കള്‍ സഹിതം പിടികൂടിയിരുന്നു. ഇരുവരും കാപ്പന് കേസിലെ കൂട്ടുപ്രതികളുമായി. ഇവരുമായൊക്കെ സിദ്ദിഖ് കാപ്പനുള്ള ബന്ധം മറച്ചു വച്ചു കേവലമൊരു മാധ്യമ പ്രവര്‍ത്തകനെന്ന നിലയിലാണ് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്.
സാമുദായിക സംഘര്‍ഷങ്ങളും കലാപങ്ങളും സൃഷ്ടിക്കാനുള്ള തന്ത്രങ്ങള്‍ പരിശീലിപ്പിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ സംഘടിപ്പിച്ച രഹസ്യ ശില്പശാലയില് സിദ്ദിഖ് കാപ്പനൊപ്പം ബദറുദ്ദീനും ഫിറോസ് ഖാനും പങ്കെടുത്തിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ സിദ്ദിഖ് കാപ്പന്റെ സേവനങ്ങളെ പ്രകീര്‍ത്തിക്കുന്ന രേഖയും യുപി പൊലീസ് കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്.
സിദ്ദിഖ് കാപ്പന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ഏറ്റവുമധികം ബന്ധപ്പെട്ടിരുന്നയാളെ എന്‍ഐഎ പിടികൂടിയിരുന്നു. സിമി നിരോധിക്കപ്പെട്ട ശേഷം ഒളിവിലായിരുന്ന ഡാനിഷ് അബ്ദുല്ലയെന്ന തീവ്രവാദിയാണു പിടിയിലായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിമി നടത്തിയ സ്ഫോടനങ്ങളുടെ സൂത്രധാരനാണ് ഡാനിഷ് അബ്ദുല്ല. ദല്‍ഹി കലാപത്തിലും ഇയാള്‍ക്കു പങ്കുണ്ടായിരുന്നു. ഡാനിഷ് അബ്ദുല്ലയുടെ നിര്‍ദേശങ്ങള്‍ അനുസരരിച്ചായിരുന്നു സിദ്ദിഖ് കാപ്പന് പ്രവര്‍ത്തിച്ചിരുന്നതെന്നും യുപി പൊലീസിനു തെളിവു ലഭിച്ചിട്ടുണ്ട്.
സിദ്ദിഖ് കാപ്പന് കേസില്‍ പിടിയിലായ അന്‍ഷാദ് ബദറുദ്ദീനെയും ഫിറോസ് ഖാനെയും ലക്നൗ ജയിലില്‍ തമിഴ്നാട് പൊലീസ് ക്യൂ ബ്രാഞ്ച് സംഘം ചോദ്യം ചെയ്തപ്പോഴാണ് ദക്ഷിണേന്ത്യയില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയിരുന്ന തീവ്രവാദ പരിശീലന ക്യാംപുകളെ കുറിച്ചു വിവരം പുറത്തു വന്നത്. ഇതിനെ തുടര്‍ന്നാണ് പത്തനാപുരത്തും റാന്നിയിലും വനമേഖലയില്‍ ബോംബു നിര്‍മാണ പരിശീലന ക്യാംപുകള്‍ നടത്തിയിരുന്ന സ്ഥലങ്ങളില്‍ തമിഴ്നാട് – കേരള തീവ്രവാദ വിരുദ്ധ സേനകള്‍ സംയുക്ത റെയ്ഡ് നടത്തിയ തെളിവുകള്‍ കണ്ടെത്തിയത്.
സിദ്ദിഖ് കാപ്പനും പോപ്പുലര്‍ ഫ്രണ്ടുമായി ഇത്രയേറെ ബന്ധമുണ്ടായിട്ടും അതു നിഷേധിച്ചാണ് കേരള പത്രപ്രവര്‍ത്തക യൂണിയന് (കെയുഡബ്ല്യൂജെ) കാപ്പനെ രക്ഷിക്കാന്‍ നിരന്തരം സുപ്രീം കോടതിയെ സമീപിക്കുന്നത്. സാമ്പത്തിക അഴിമതി കേസുകളില്‍ പെട്ടുഴലുന്ന കെയുഡബ്ല്യൂജെക്ക് സിദ്ദിഖ് കാപ്പന് കേസില്‍ മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലിനെയൊക്കെ ഹാജരാക്കാനുള്ള സാമ്പത്തിക സ്രോതസിനെ കുറിച്ചും യുപി പൊലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: