ദുബായ്: ട്വന്റി-20 ലോകകപ്പ് മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഓസ്ട്രേലിയ. ബംഗ്ലാദേശ് മുന്നോട്ടുവച്ച 74 റണ്‍സ് വിജയലക്ഷ്യം 6.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസ്ട്രേലിയ മറികടന്നു. 20 പന്തുകളില്‍ 40 റണ്‍സെടുത്ത ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ആണ് ഓസീസിന്റെ ടോപ്പ് സ്കോറര്‍. ഓസ്ട്രേലിയക്കായി ആദം സാമ്പ അഞ്ച് വിക്കറ്റ് വീഴ്ത്തി.
കളിച്ച അഞ്ച് മത്സരങ്ങളും തോറ്റ ബംഗ്ലദേശിനു നാട്ടിലേക്കു മടങ്ങാം. ഓസ്ട്രേലിയ കൂറ്റന്‍ വിജയത്തോടെ നെറ്റ് റണ്‍റേറ്റില്‍ ദക്ഷിണാഫ്രിക്കയെ മറികടന്ന് സെമി സാധ്യതകള്‍ സജീവമാക്കി. നിലവില്‍ ഇംഗ്ലണ്ടിനു പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഓസീസ്
കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് 8 വിക്കറ്റിന്റെ തോല്‍വി വഴങ്ങിയ ഓസ്ട്രേലിയക്ക് ഇന്നത്തെ കളിയില്‍ മികച്ച ജയം അനിവാര്യമായിരുന്നു. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഫിഞ്ച് ഈ ലക്ഷ്യത്തിലേക്കാണ് ബാറ്റ് വീശിയത്. ഗ്രൗണ്ടിന്റെ നാലുപാടും അനായാസം ബൗണ്ടറികള്‍ കണ്ടെത്തിയ ഫിഞ്ച് അഞ്ചാം ഓവറിലാണ് പുറത്തായത്. ടസ്കിന് അഹ്മദിനായിരുന്നു വിക്കറ്റ്. ഷൊരീഫുല്‍ ഇസ്ലാം എറിഞ്ഞ അടുത്ത ഓവറില്‍ വാര്‍ണറും (18) പുറത്തായി. മിച്ചല്‍ മാര്‍ഷ് (5 പന്തില്‍ 16) ഓസീസിനെ അനായാസ ജയത്തിലെത്തിക്കുകയായിരുന്നു.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 15 ഓവറില്‍ 73 റണ്‍സ് മാത്രമെടുത്ത് എല്ലാവരും പുറത്തായി. മൂന്ന് പേര് മാത്രമാണ് ബംഗ്ലാ നിരയില്‍ രണ്ടക്കം കടന്നത്. 19 റണ്‍സ് നേടിയ ഷമീം ഹൊസൈനാണ് ടോപ്പ് സ്കോറര്‍. അഞ്ച് ഓവറുകള്‍ ബാക്കിനില്‍ക്കെയാണ് ബംഗ്ലദേശ് ഓള്‍ഔട്ടായത്.
സ്പിന്നര്‍ ആദം സാംപ നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് പിഴുതു. ജോഷ് ഹെയ്സല്‍വുഡ് രണ്ട് ഓവറില്‍ എട്ടു റണ്‍സ് മാത്രം വഴങ്ങിയും മിച്ചല്‍ സ്റ്റാര്‍ക്ക് നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മാക്സ്വെലിനും ഒരു വിക്കറ്റ് ലഭിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: