ഒട്ടാവ: മനുഷ്യപരിണാമ ശൃംഖലയിലേക്ക് ഒരു പുതിയ വര്‍ഗത്തെക്കൂടി ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. ഏകദേശം അഞ്ചുലക്ഷം വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഈ പുതിയ മനുഷ്യവര്‍ഗത്തിന് ഹോമോ ബോഡെന്സിസ് എന്നാണ് ഗവേഷകര്‍ പേരു നല്‍കിയിരിക്കുന്നത്. ആധുനിക മനുഷ്യരുടെ നേരിട്ടുള്ള പൂര്‍വികരാണ് ഇവയെന്നാണ് ഗവേഷകരുടെ അനുമാനം. ആഫ്രിക്ക, മെഡിറ്ററേനിയന്‍, യൂറേഷ്യ എന്നിവിടങ്ങളില്‍ വ്യാപിച്ച ഹോമിനിനുകളുടെ ഒരു കൂട്ടമാണ് ഹോമോസ ബൊഡെന്സിസ് എന്നാണ് ഗവേഷകര്‍ കരുതുന്നത്.
എത്യോപ്യയിലെ ആവാഷ് നദിയുടെ പോഷകനദികളിലൊന്നായ ബോഡോ ദാറില്നിന്നും ഇവയുടെ തലയോട്ടികള്‍ ലഭിച്ചിരുന്നു. അതിനാലാണ് ഇവര്‍ക്ക് ബോഡന്‍സിസ് എന്ന പേരു നല്‍കിയത്. കാനഡയിലെ വിന്നിപെഗ് സര്‍വകലാശാലയിലെ ഡോ. മിര്‍ജാന റോക്സാന്ഡിക്കിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് പഠനത്തിനുപിന്നില്‍. ‘എവലൂഷണറി ആന്ത്രൊപ്പോളജി ഇഷ്യൂസ് ന്യൂസ് ആന്‍ഡ് റിവ്യൂസ്’ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
മധ്യ പ്ലീസ്റ്റോസീന്‍ കാലത്ത് ആഫ്രിക്കയിലെ ബോഡന്സിസിലാണ് ഇവര്‍ ജീവിച്ചിരുന്നതെന്നാണ് കണക്കാക്കുന്നത്. ആധുനിക മനുഷ്യരുടെ വംശമായ ഹോമോ സാപ്പിയന്‍സ് ആഫ്രിക്കയിലും മനുഷ്യവര്‍ഗത്തിന്റെ ഏറ്റവും അടുത്ത പൂര്‍വികനായ നിയാണ്ടര്‍ത്താലുകള്‍ യൂറോപ്പിലും രൂപപ്പെട്ട അതേ കാലഘട്ടത്തിലാണ് ബോഡന്സിസുകളും ജീവിച്ചിരുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ഈ കാലഘട്ടത്തിലെ മനുഷ്യ പരിണാമത്തെക്കുറിച്ച് വ്യക്തമായ ധാരണയിലെത്തിച്ചേരാന്‍ ശാസ്ത്രലോകത്തിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. മനുഷ്യന്റെ സഞ്ചാരപദത്തെക്കുറിച്ച് കൃത്യമായ രൂപം കണ്ടെത്താന്‍ സാധിക്കാത്തതാണ് പ്ലീസ്റ്റോസീന്‍ കാലത്തിലെ പരിണാമത്തെക്കുറിച്ച് നിഗമനത്തിലെത്താന്‍ കഴിയാത്തതെന്ന് മിര്‍ജാന റോക്സാന്ഡിക്ക് പറഞ്ഞു.
ഈ കാലഘട്ടത്തിലെ ആഫ്രിക്കയില്‍നിന്നുള്ള ഭൂരിഭാഗവും തെക്കു കിഴക്കന്‍ യൂറോപ്പിലെ ചെറിയസംഘം മനുഷ്യവംശങ്ങളും ഹോമോ ബോഡന്സിസുകളാകുമെന്ന് ഈ കണ്ടെത്തലോടെ അനുമാനിക്കാം. ഇവയില്‍ ഭൂരിഭാഗത്തെയും നിയാണ്ടര്ത്താലുകളായാണ് മുമ്പ് കണക്കാക്കിയിരുന്നത്. ഏകദേശം 1.9 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആഫ്രിക്കയില്‍ ഹോമോ എറക്ടസ് പ്രത്യക്ഷപ്പെട്ടത്. ഫോസില്‍ തെളിവുകള്‍ കാണിക്കുന്നത് ഇത് കുറഞ്ഞത് രണ്ടര ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ നിലനിന്നിരുന്നുവെന്നാണ്.
ഹോമോ ഇറക്ടസ് എങ്ങനെ ഹോമോ സാപ്പിയന്‍സ് ആയിത്തീര്‍ന്നുവെന്ന് വിശദീകരിക്കാന്‍ സഹായിക്കുന്ന മിഡില്‍ പ്ലീസ്റ്റോസീന്‍ ഹോമിനിനുകളെക്കുറിച്ചും ഗവേഷണം നടത്തുന്നുണ്ട്.
ഹൊമോ ഹെയ്ഡല്ബെര്ജനസിസ്, ഹോമോ റോഡെസെയിന്സിസ് എന്നീ രണ്ട് ഹോമിനിഡുകളാണ് ആധുനിക മനുഷ്യരുടെ പൊതു പൂര്‍വ്വികരായി മുമ്പ് വിശ്വസിച്ചിരുന്നത്. എത്യോപ്യയിലെ ബോഡോ ദാറില്‍ കണ്ടെത്തിയ ഒരു തലയോട്ടി ഹൊമോ ഹെയ്ഡല്ബെര്ജനസിസിന്റെതോ ഹോമോ റോഡെസെയിന്സിസിന്റേതോ അല്ലെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഇത് ഇവയില്‍ നിന്നും തികച്ചും പുതിയ സ്പീഷീസാണ്.
പുതുതായി കണ്ടെത്തിയ ഈ സ്പീഷീസുകള്‍ക്ക് ഉയരം കുറഞ്ഞ ശരീരമായിരുന്നു. പുരുഷന്മാര്ക്ക് ഏകദേശം 1.75 മീറ്റര്‍ ഉയരവും 63 കിലോ ഭാരവുമുണ്ടായിരിക്കാമെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. അതേ സമയം സ്ത്രീകള്‍ക്ക് ശരാശരി 1.57 മീറ്റര്‍ ഉയരവും 50 കിലോ ഭാരവുമുണ്ടായിരുന്നതായി കരുതുന്നു. ആധുനിക മനുഷ്യര്‍ ആഫ്രിക്കയില്‍ നിന്ന് കുടിയേറുന്നതിന് വളരെ മുമ്പ് ഏകദേശം രണ്ടു ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഈ സ്പീഷീസ് നശിച്ചുവെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: