കൊച്ചി : ഇന്ത്യന്‍ കറന്‍സിയില്‍ നിന്നും മഹാത്മഗാന്ധിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് പറയുന്നത് പോലെയാണ് കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്യാന്‍ ആവശ്യപ്പെടുന്നത്. ഹര്‍ജിക്കാരനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ നിന്നും മോദിയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പീറ്റര്‍ മാലിപ്പറമ്പിലാണ് ഹര്‍ജി നല്‍കിയത്.
വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഫോട്ടോ ഒഴിവാക്കണം. സ്വകാര്യമായി ആശുപത്രിയില്‍ നിന്ന് വാക്സിന് എടുക്കുമ്പോള്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ വെക്കുന്നത് എന്തിനാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ ചോദ്യം.
ഇന്ത്യന്‍ കറന്‍സിയില്‍ താന്‍ അധ്വാനിച്ച് നേടുന്നതാണെന്നും അതില്‍ നിന്ന് മഹാത്മാഗാന്ധിയുടെ ചിത്രം നീക്കണമെന്നും ആവശ്യപ്പെട്ട് നാളെ ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ എന്ത് സംഭവിക്കും. ഇത്തരത്തിലുള്ള ആവശ്യമാണ് ഹര്‍ജിയില്‍ ഉന്നയിക്കുന്നത്. വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ നിന്നും മോദിയുടെ ചിത്രം മാറ്റണമെന്ന ആവശ്യം അപകടകരമാണെന്നും ഹൈക്കോടതി പറഞ്ഞു.
എന്നാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയമങ്ങളനുസരിച്ചാണ് നോട്ടില്‍ മഹാത്മ ഗാന്ധിയുടെ ചിത്രം പതിപ്പിച്ചിരിക്കുന്നത്. എന്നാല്‍ വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയതില്‍ ഒരു നിയമപരിരക്ഷയും ഇല്ലെന്നും ഹര്ജിക്കാരന് വേണ്ടി അഡ്വ. അജിത് ജോയി കോടതിയില്‍ അറിയിച്ചു. തുടര്‍ന്ന് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമയം ആവശ്യപ്പെട്ടു. തുടര്‍ന്ന് ഈ മാസം 23ലേക്ക് കേസ് പരിഗണിക്കുന്നത് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: