ആര്. ഹരി
കേദാര്‍നാഥില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ശ്രീശങ്കരാചാര്യ പ്രതിമ സമര്‍പ്പിക്കുകയാണല്ലോ. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ അവിടെപ്പോയത്. പ്രളയത്തില്‍ എല്ലാം ഒലിച്ചുപോകുന്നതിനും നാലഞ്ച് വര്‍ഷം മുമ്പ്. കേദാര്‍നാഥ് ക്ഷേത്രം മാത്രം ബാക്കി നിര്‍ത്തിയാണ് പ്രളയം കുത്തിയൊലിച്ചു കടന്നത്.
മലയുടെ അടിവാരത്തില്‍ നിന്ന് പതിമൂന്ന് കിലോമീറ്ററോളം കുതിരപ്പുറത്തായിരുന്നു അന്ന് കേദാര്‍നാഥിലേക്കുള്ള എന്റെ യാത്ര. അവിടെ ക്ഷേത്രത്തിലെത്തി നന്നായി തൊഴുതു. ശാന്തമായിരുന്നു അന്തരീക്ഷം. ശ്രീശങ്കരന്റെ മഹാപ്രസ്ഥാനം അവിടെ നിന്നും പിന്നെയും വടക്കോട്ടായിരുന്നു. ശങ്കരന് യാത്ര തിരിച്ച സ്ഥാനത്ത് ഒരു വലിയ, ആകര്‍ഷകമായ ത്രിശൂലം സ്ഥാപിച്ചിരുന്നു. കാഞ്ചികാമകോടി പീഠാധിപതിയായിരുന്ന ജയേന്ദ്ര സരസ്വതി സ്വാമികള്‍ സ്ഥാപിച്ചതാണത്. അവിടെ നിന്ന് പിന്നെയും ഒന്നര കിലോമീറ്റര്‍ വടക്കാണ് ശ്രീശങ്കരാചാര്യര്‍ മഹാപ്രസ്ഥാനം തുടങ്ങിയ കുടീരം. ശ്രീശങ്കരന് ഉത്തരായനം ആരംഭിച്ച ദിവ്യസ്ഥാനം ഇവിടെയാണെന്ന് അവിടെ ഹിന്ദിയിലും സംസ്കൃതത്തിലും എഴുതിവെച്ചിട്ടുണ്ട്.
കുന്നിന് മീതെ…. അവിടെ പത്തടി ഉയരത്തില്‍ ഒരു കുടീരമുണ്ട്. അതിനുള്ളില്‍ ശിവലിംഗവും. ആളുകള്‍ പാത്രങ്ങളില്‍ ഗംഗാജലം കൊണ്ടുവന്ന് അഭിഷേകം ചെയ്യുന്നുണ്ടായിരുന്നു. എനിക്ക് മുന്നില്‍ നിന്ന ആള് കയ്യില്‍ കൊണ്ടുവന്ന ഗംഗാജലം മുഴുവന്‍ ഭഗവാന് അഭിഷേകം ചെയ്ത് ഇറങ്ങി. എന്നെക്കണ്ട് നമസ്കാരം പറഞ്ഞു. ഞാനും. പിന്നെ എന്റെ ഊഴമായി. ‘ഈശ്വരാ ഒരുതുള്ളി ഗംഗാജലം പോലുമില്ലാതെയാണല്ലോ എത്തിയത്’ എന്ന ചിന്ത എന്നെ മഥിച്ചു. ശങ്കരന് അഭിഷേകം ചെയ്യാതെ എങ്ങനെ എന്ന് വല്ലാതെ ആകുലനായി. എനിക്ക് പിന്നില്‍ ഒരു സംന്യാസിയായിരുന്നു, അദ്ദേഹത്തിന്റെ കൈയില്‍ നല്ല ഒരു കമണ്ഡലു…
‘ഗംഗാജല്‍ നഹിം?’ അദ്ദേഹം ചോദിച്ചു.
‘നഹി മഹരാജ്’
‘മേം ദൂംഗാ….’ അദ്ദേഹം പറഞ്ഞു. ശങ്കരന് നേരിട്ട് വന്ന് തന്നതുപോലെയാണ് എനിക്ക് തോന്നിയത്. ഇത്ര ദൂരത്ത്, ഈ പവിത്രസ്ഥാനത്ത്, ശ്രീശങ്കരന് മറഞ്ഞ ഇടത്ത് ഇങ്ങനെയൊരാള്‍ അല്ലെങ്കിലെങ്ങനെ…. ‘മഹരാജ്… ഭഗവാന് കാ ആശീര്‍വാദ് ഹേ…. എന്നല്ലാതെ എന്ത് പറയാനാണ് അദ്ദേഹത്തോട്.
ഗംഗ കേദാര്‍നാഥില്‍ മന്ദാകിനിയാണ്. ഇവിടെ അഭിഷേകം ചെയ്യുന്നത് മന്ദാകിനിയിലെ ജലമാണ്. അത് കൊണ്ടുവരണമെങ്കില്‍ പിന്നെയും നാല് കിലോമിറ്ററോളം കുന്നിറങ്ങണമായിരുന്നു. വിചാരിച്ചാലും എനിക്കത് സാധിക്കുമായിരുന്നില്ല. ശങ്കരന് അഭിഷേകം കഴിക്കാന്‍ മന്ദാകിനി എന്നിലേക്ക് വന്നു. അതും ഒരു സംന്യാസിയുടെ കരങ്ങളിലൂടെ. ശങ്കരന്റെ അനുഗ്രഹമല്ലാതെ മറ്റെന്താണത്….
ഇതേ ഇടത്തിലാണ് നാളെ പ്രധാനമന്ത്രി ശ്രീശങ്കരനെ പ്രതിഷ്ഠിക്കുന്നതെന്ന് കേള്‍ക്കുമ്പോള്‍ അന്നത്തെ യാത്ര പകര്‍ന്ന പവിത്രമായ അനുഭൂതികള്‍ മനസ്സില്‍ നിറയുന്നു.
അതേ യാത്രയിലാണ് യമുനോത്രിയിലും പോയത്. അടിവാരത്തില്‍ നിന്ന് പോന്നപ്പോഴേ യമുനോത്രിയിലെ നേപ്പാളി ബാബയെക്കുറിച്ച് കേട്ടിരുന്നു. മഞ്ഞുവീഴുന്ന കാലത്ത് മറ്റെല്ലാവരും ഒഴിഞ്ഞുപോകുമ്പോഴും നേപ്പാളി ബാബ മാത്രം തന്റെ ഗുഹയില്‍ കഴിയും. അതിശയത്തോടെയാണ് അദ്ദേഹത്തെ കുറിച്ച് ആളുകള്‍ പറഞ്ഞത്. അവിടെ വലിയൊരു ഉഷ്ണജല കൊട്ടത്തളമുണ്ടായിരുന്നു. സംന്യാസിമാര്‍ തങ്ങളുടെ ദണ്ഡില്‍ അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങള്‍ കിഴിയായി കെട്ടി ഈ ചൂടുവെള്ളത്തില്‍ വേവിച്ചെടുക്കുന്നത് കൗതുകത്തോടെയാണ് കണ്ടത്. നാല്പതിലധികം ദണ്ഡുകള്… അത്രയും ധാന്യക്കിഴികള്‍… അതാണ് അവരുടെ ഭക്ഷണം… എനിക്കും കഴിക്കണമെന്ന് തോന്നി. പക്ഷേ അരിമണിയൊട്ടും കരുതിയിട്ടുമില്ല.
ബാബയുടെ ഗുഹയില്‍ കടന്നു. അദ്ദേഹത്തിന്റെ കാല്‍തൊട്ട് വന്ദിച്ചു. ‘കഹാം സേ ‘
എന്ന ബാബയുടെ ചോദ്യത്തിന് ‘സംഘ പ്രചാരക്’ എന്നായിരുന്നു എന്റെ മറുപടി. അത് കേട്ടപ്പോഴെ അദ്ദേഹത്തിന്റെ ഇടതുവശത്ത് ചൂണ്ടി ഇരിക്കാന്‍ പറഞ്ഞു. മലയിറങ്ങാത്ത ഈ ബാബ ആര്‍എസ്എസിനെ എങ്ങനെ അറിഞ്ഞു എന്നത് മറ്റൊരു അതിശയമായി. പിന്നീട് കേരളത്തില്‍ നിന്നാണ് എന്നും മറ്റും പറഞ്ഞ് പരിചയപ്പെട്ടു. എന്തുകൊണ്ട് നേപ്പാളിബാബ എന്ന് ആളുകള്‍ വിളിക്കുന്നു എന്ന എന്റെ കൗതുകം മറച്ചുവെച്ചില്ല. ‘ഈ ശരീരം പിറന്നത് നേപ്പാളിലാണ് എന്നായിരുന്നു ബാബയുടെ ഉത്തരം. എന്തുകൊണ്ട് മലയിറങ്ങുന്നില്ല എന്ന കൗതുകത്തിനും അതിന്റെ ആവശ്യമില്ല എന്ന് അദ്ദേഹം മറുപടി നല്കി. ‘ആളുകള്‍ കരുതും പോലെ ഇവിടെ ഇങ്ങനെ കഴിയുന്നത് വലിയ സാഹസമൊന്നുമല്ല. ഈ ഗുഹയില്‍ ആവശ്യത്തിന് ചൂടും വായുവുമുണ്ട്. ധാന്യങ്ങള്‍ ആ ഉഷ്ണജലതടത്തില്‍ പാകം ചെയ്യും. അത്രതന്നെ.’
പ്രസാദം ഇവിടെ നിന്നാകാം എന്ന് പറഞ്ഞ് നേപ്പാളി ബാബ പിന്നെയും എന്നെ അതിശയിപ്പിച്ചു. ഒരു തുള്ളി ഗംഗാജലമില്ലാതെ കേദാര്‍നാഥിലെത്തിയ ഞാന്‍ സാക്ഷാല്‍ മന്ദാകിനിയിലെ ജലം കൊണ്ട് ശങ്കരന് അഭിഷേകം കഴിച്ചു. ഒരു അരിമണി പോലും ഇല്ലാതെ വന്ന ഞാനിതാ യമുനോത്രിയിലെ ഉഷ്ണജലതടത്തില്‍ നേപ്പാളിബാബ പാകം ചെയ്തെടുത്ത ‘പ്രസാദം’ ഭുജിക്കുന്നു. ശങ്കരപ്രസാദം തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: