ഗ്ലാസ്ഗോ: താങ്കളാണ് ഇസ്രയേലിലെ ഏറ്റവും ജനപ്രിയനായവ്യക്തിയാണെന്ന് നരേന്ദ്രമോദിയോട് ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. തന്റെ പാര്‍ട്ടിയില്‍ ചേരാമോ എന്നും ബെനറ്റ് മോദിയോട് ചോദിച്ചു.
ഗ്ലാസ്ഗോയില്‍ നടക്കുന്ന ആഗോള കാലവസ്ഥാ ഉച്ചകോടിയോടനുബന്ധിച്ച് ഇരുനേതാക്കളും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിനിടെയായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ മോദിയോടുള്ള ഈ സംഭാഷണം.
താങ്കളാണ് ഇസ്രയേലിലെ ഏറ്റവും ജനപ്രിയനായ വ്യക്തിയെന്നും തന്റെ പാര്‍ട്ടിയില്‍ ചേരൂ എന്നുമുള്ള നഫ്താലി ബെന്നറ്റിന്റെ കമന്റിനെ മോദി പൊട്ടിച്ചിരിയോടെ അദ്ദേഹത്തിന്റെ കൈകളില്‍ തട്ടിയാണ് സ്വീകരിച്ചത്.
ഇരുനേതാക്കളും തമ്മില്‍ അടുത്തിടപഴകി സംവദിക്കുന്നതിന്റെ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇതാദ്യമായാണ് നഫ്താലി ബെന്നറ്റ് മോദിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇരുനേതാക്കളും ഉന്നത സാങ്കേതികവിദ്യ, പുതിയ മേഖലകളില്‍ സഹകരണം വളര്‍ത്തല്‍ എന്നീ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
ഇന്ത്യയും ഇസ്രയേലും പ്രതിരോധമേഖലയിലെ സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിവരികയാണ്. ഇസ്രയേലുമായുള്ള ഇന്ത്യ ബന്ധം പുനസ്ഥാപിച്ചതിന് ബെന്നറ്റ് മോദിയെ പ്രത്യേകം നന്ദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: