ഗ്ലാസ്ഗോവ്: ഐക്യരാഷ്ട്ര സഭയുടെ 26-ാം കാലാവസ്ഥാ ഉച്ചകോടിക്ക് ഇന്ന് തുടക്കം. സ്കോട്ട്ലാന്‍ഡിലെ ഗ്ലാസ്ഗോവിലാണ് ഉച്ചകോടി നടക്കുന്നത്. 2015 ല്‍ പാരീസില്‍ നടന്ന സിഒപി 21 കാലാവസ്ഥാ ഉച്ചകോടിയിലെ ഉടമ്പടിയില്‍ പറഞ്ഞ ലക്ഷ്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ രാജ്യങ്ങള്‍ കൈക്കൊണ്ട നടപടികളുടെ പുരോഗതി വിലയിരുത്തുകയാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ മുഖ്യ അജന്‍ഡ. കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ കൂടുതല്‍ കാര്യക്ഷമമായ നടപടികളെടുക്കാന്‍ ഉച്ചകോടി രാജ്യങ്ങളെ പ്രതിജ്ഞാബത്തരാക്കും.
പാരീസ് ഉടമ്പടിയില്‍ പറയുന്നത് ഇങ്ങനെ. ആഗോള കാര്‍ബണ്‍ വാതക പുറന്തള്ളല്‍ 2030ഓടെ ഇപ്പോഴത്തേതിന്റെ 45 ശതമാനമായി കുറയ്ക്കുക. 2050ഓടെ അത് ‘നെറ്റ് സീറോ’ അഥവാ കാര്‍ബണ്‍ ന്യൂട്രലാക്കുക. ഇതിനുള്ള ശ്രമം ഊര്‍ജിതമാക്കുകയാണ് സിഒപി 26ന്റെ ലക്ഷ്യം. ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ നിയന്ത്രിച്ചാലേ ആഗോളതാപനിലയിലെ ശരാശരി വര്‍ധന ഇന്റര്ഗവണ്മെന്റല് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) പറയുന്ന ഒന്നര ഡിഗ്രി സെല്‍ഷ്യസ് കടക്കാതെ നിര്‍ത്താനാകു. 2040നുള്ളില്‍ ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രകൃതിക്ഷോഭങ്ങളും വരള്‍ച്ചയും ഉഷ്ണവാതവും കടലേറ്റവും കാട്ടുതീയുമെല്ലാം ഇപ്പോഴത്തേതിലും തീവ്രമാകുമെന്നാണ് ഐപിസിസിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പറയുന്നത്.
ഏറ്റവുമധികം ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമത് ചൈനയാണ്. രണ്ടാമത് അമേരിക്ക. പാരീസ് ഉടമ്പടിയില്‍ പറയുന്നതു പോലെ താപനില നിയന്ത്രിക്കാനുള്ള വ്യക്തമായ നടപടികള്‍ ഇത്തവണ സ്വീകരിക്കുമെന്നാണ് കരുതുന്നത്. 2050 ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ അവസാനിപ്പിക്കുമെന്ന് അമ്പതിലേറെ രാജ്യങ്ങള്‍ പ്രതിജ്ഞ ചെയ്തിട്ടുണ്ട്.
കോണ്‍ഫറന്‍സ് ഓഫ് പാരീസ് ടു ദ യു.എന്‍ ഫ്രെയിംവര്‍ക്ക് കണ്വെന്ഷന് ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ചിന്റെ (സിഒപി) 26ാം സമ്മേളനം കഴിഞ്ഞ വര്‍ഷം നടക്കാനിരിക്കുന്നതാണ്. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത് ഈ വര്‍ഷത്തേക്ക് മാറ്റുകയായിരുന്നു. കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കാന്‍ ലോകത്തിന് ലഭിച്ചിരിക്കുന്ന അവസാന അവസരമായിട്ടാണ് സിഒപി 26 നെ കണക്കാക്കുന്നത്.
വിവിധ രാജ്യങ്ങളുടെ നേതാക്കള്‍, മന്ത്രിമാര്‍, കാലാവസ്ഥാ വിദഗ്ധര്‍, വ്യവസായ പ്രമുഖര്‍, അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ലോകമെമ്പാടുനിന്നും മുപ്പതിനായിരത്തിലേറെ പ്രതിനിധികള്‍ ഗ്ലാസ്ഗോയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: