തിരുവല്ല: വിമാനത്താവളവിഷയത്തില്‍ സര്‍ക്കാരുമായുള്ള അനുരഞ്ജന സാധ്യത വിടാതെ ബിലീവേഴ്സ് ചര്‍ച്ച്. ഉടമസ്ഥാവകാശം സംബന്ധിച്ച് വിട്ടുവീഴ്ചയില്ല. നിയമപ്രശ്നങ്ങളില്‍ വ്യക്തത വരുത്തിയാല്‍ ചര്‍ച്ച തുടരാം. പണം നല്കിയാല് സ്ഥലം വിട്ട് കൊടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാരും ബിലീവേഴ്സുമായി ഒത്തുകളിയാണെന്നാണ് ഒരുവിഭാഗത്തിന്റെ ആക്ഷേപം.
സര്‍ക്കാരിന് അനുകൂലമായ സാധ്യതകള്‍ ഇല്ലാതാക്കുന്ന നിലപാടാണ് റവന്യുവകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആക്ഷേപമുണ്ട്.
നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് കേസ് സര്‍ക്കാരിന് തലവേദനയാകുമെന്ന് നിയമവൃത്തങ്ങള്‍ വ്യക്തമാക്കുന്നതിനിടെയാണ് പുതിയ നീക്കങ്ങള്‍. നികുതി വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തി, ചെറുവള്ളി എസ്റ്റേറ്റ് ആദായനികുതി വകുപ്പ് കണ്ടുകെട്ടിയിരിക്കുകയാണ്. ഇതിന്റെ പിന്‍ബലം മാത്രമാണ് സര്‍ക്കാരിന് ഉള്ളത്. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ചല്ല നടപടിയെന്ന അയന ട്രസ്റ്റിന്റെ വാദം മറികടക്കാന്‍ പോലും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
പദ്ധതി പ്രദേശത്തിന്റെ ഘടനയിലടക്കം എയര്‍പോര്‍ട്ട് അതോറിറ്റി ആശങ്ക പ്രകടിപ്പിച്ചിരുന്നു. വ്യോമസേന സ്ഥലം പരിശോധിച്ച് എതിര്‍പ്പില്ലെന്ന് അറിയിച്ചത് പ്രാഥമിക അനുമതിയാണെന്ന് കേന്ദ്രം കേരളത്തിന് നല്കിയ കത്തില്‍ പറയുന്നു. വിമാനത്താവളത്തിന്റെ സ്ഥലം അംഗീകരിച്ച ശേഷം വീണ്ടും അനുമതി തേടണം. സ്ഥലത്തിന് അംഗീകാരം നല്കാന് ഇപ്പോഴത്തെ നിലയ്ക്കാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതാണ്.
വിമാനത്താവളത്തിനായി രണ്ടു ക്ഷേത്രങ്ങള്‍, ഒരു പള്ളി, ഒരു മോസ്ക്, ഒരു ആശുപത്രി എന്നിവ പൊളിക്കേണ്ടിവരും ഇതിലും നിയമപരമായ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുമെന്ന് ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: