ന്യൂദല്‍ഹി: പ്രധാന് മന്ത്രി ജന്‍ ധന് യോജന (പിഎംജെഡിവൈ) പ്രകാരമുള്ള ബാങ്ക് അക്കൗണ്ടുകള്‍ 7 വര്‍ഷം കൊണ്ട് 44 കോടി പിന്നിട്ടുവെന്ന് കേന്ദ്ര ധന മന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വിഭാഗം ഉപദേഷ്ടാവ് മനീഷ സെന്ഷര്മ. വാണിജ്യ സംഘടനയായ അസോച്ചെം സംഘടിപ്പിച്ച ദേശീയ ഇ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അവര്‍. പിഎംജെഡിവൈ വഴി സമൂഹത്തിന്റെ താഴേത്തട്ടില്‍ പണമെത്തിക്കാനും സമ്പാദ്യശീലം വളര്‍ത്താനും കഴിഞ്ഞിട്ടുണ്ട്. ഈ പദ്ധതി ആരംഭിച്ചതുമുതല്‍ വലിയ വിജയം തന്നെയാണ് കണ്ടതെന്നും അവര്‍ പറഞ്ഞു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗത്തില്‍ നിന്ന് പോലും ധാരാളം നിക്ഷേപങ്ങള്‍ ഉണ്ടായി. നേരത്തേ സര്‍ക്കാരില്‍ നിന്ന് നിരവധി ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും അവ ജനങ്ങളിലേക്ക് എത്തിയിരുന്നോ എന്ന കാര്യത്തില്‍ സംശയമുണ്ട്. എന്നാല്‍ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ ജന്‍ ധന് അക്കൗണ്ടിലൂടെ അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ എത്തുന്നതിനാല്‍ വിഭവങ്ങളുടെ പാഴാക്കലും ചോര്‍ച്ചയും ഇല്ലാതാക്കാന്‍ സാധിച്ചു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബാങ്കിങ്, പണമിടപാടുകള്‍, ഇന്‍ഷുറന്‍സ്, പെന്ഷന് തുടങ്ങിയ സാമ്പത്തിക സേവനങ്ങള്‍ താങ്ങാവുന്ന രീതിയില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് ഉറപ്പാക്കുന്നതിനാണ് ഈ ദേശീയ ദൗത്യം ആരംഭിച്ചത്. 2014 ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി പ്രഖ്യാപിച്ചത്. അതേ വര്‍ഷം ഓഗസ്റ്റ് 28 മുതല്‍ പദ്ധതി നടപ്പിലായി തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: