മുംബൈ: ആഢംബരക്കപ്പലിലെ ലഹരിക്കേസില്‍ അറസ്റ്റിലായ നടന് ഷാരുഖ് ഖാന്റെ മകന് ആര്യന് ഖാന് ജയില്‍ മോചിതനായി. വ്യാഴാഴ്ച ജാമ്യം ലഭിച്ചെങ്കിലും ഇന്നലെ ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കി രേഖകള്‍ ജയിലില്‍ വൈകിട്ട് 5.30ന് മുന്‍പ് സമര്‍പ്പിക്കാന്‍ അഭിഭാഷകര്‍ക്കു കഴിയാതിരുന്നതോടെയാണ് മോചനം ഒരു ദിവസം വൈകിയത്. മകനെ സ്വീകരിക്കാനായി ഷാരൂഖ് ഖാന് വീട്ടില്‍നിന്ന് ആര്‍തര്‍ റോഡ് ജയിലില്‍ എത്തിയിരുന്നു.
ആര്യന് മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചത് 14 വ്യവസ്ഥകളോടെയാണ്. കേസില്‍ ജയിലിലായി 26 ദിവസത്തിന് ശേഷം വ്യാഴാഴ്ചയാണ് ആര്യന് ജാമ്യം ലഭിച്ചത്. എല്ലാ വെള്ളിയാഴ്ചയും രാവിലെ 11നും ഉച്ചയ്ക്ക് രണ്ടിനുമിടയില്‍ എന്‍സിബി ഓഫീസില്‍ ഹാജരാകണം.
പാസ്പോര്‍ട്ട് പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കണം. എന്‍ഡിപിഎസിയിലെ പ്രത്യേക ജഡ്ജിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യം വിടരുത്. കൂട്ടുപ്രതികളുമായുള്ള ആശയവിനിമയം പാടില്ല. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം. കേസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെ മാധ്യമങ്ങളില്‍ സംസാരിക്കരുത്. സാക്ഷികളെ സ്വാധീനിക്കാനോ കേസിനാസ്പദമായ തെളിവുകള്‍ നശിപ്പിക്കാനോ വിചാരണ വൈകിപ്പിക്കാനോ ശ്രമിക്കരുതെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണമെന്നും ജാമ്യ വ്യവസ്ഥകളില്‍ നിര്‍ദേശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: